ചീനിക്കുഴി കൂട്ടക്കൊലക്ക് ഇന്ന് രണ്ട് വയസ്സ്
text_fieldsകൂട്ടക്കൊല നടന്ന ചീനിക്കുഴിയിലെ വീട് (ഫയൽ ചിത്രം)
തൊടുപുഴ: കൊടുംക്രൂരത ഒരു നാടിനെ ഒന്നാകെ നടുക്കിയ ചീനിക്കുഴി കൂട്ടക്കൊലക്ക് ചൊവ്വാഴ്ച രണ്ട് വയസ്സ്. സ്വത്ത് തർക്കത്തിന്റെ പേരിലെ വൈരാഗ്യത്തെ തുടർന്ന്, ഉറങ്ങിക്കിടന്ന മകനും മരുമകളും കൊച്ചുമക്കളുമടങ്ങുന്ന നാലംഗ കുടുംബത്തെ 78കാരനായ പിതാവ് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ ഹമീദാണ് (79) മകൻ മുഹമ്മദ് ഫൈസൽ (ഷിബു -45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെ ജനൽ വഴി കിടപ്പുമുറിക്കുള്ളിലേക്ക് പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയത്.
തൊടുപുഴ ഉടുമ്പന്നൂർ ചീനിക്കുഴിയിൽ 2022 മാർച്ച് 19ന് പുലർച്ച 12.30ഓടെയാണ് സംഭവം. അർധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കിവിട്ടു. സമീപ വീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു.
തുടർന്ന് കിടപ്പുമുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷം പുറത്തെത്തി രണ്ട് പെട്രോൾ കുപ്പികൾ തീകൊളുത്തി ജനൽ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിപ്പടർന്നതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേർന്ന ശുചിമുറിയിൽ കയറി തീകെടുത്താൻ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല.
രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണ് ഹമീദ് കൃത്യം ആസൂത്രണം ചെയ്തത്. ഹമീദിനെ അയൽവാസി രാഹുൽ തള്ളിവീഴ്ത്തിയെങ്കിലും അയാൾ പുറത്തിറങ്ങി വീണ്ടും ജനലിലൂടെ പെട്രോൾ കുപ്പികൾ എറിഞ്ഞു. നിലവിളിയും പൊട്ടിത്തെറിയുടെ ശബ്ദവും കേട്ട് എത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല. വിദ്യാർഥികളായ മെഹറിന്റെയും അസ്നയുടെയും കത്തിക്കരിഞ്ഞ പുസ്തകങ്ങളും കൊലുസും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ദുരന്തസ്ഥലത്തെ കരൾ നുറുക്കുന്ന കാഴ്ചയായിരുന്നു.
ഹമീദിനെ പൊലീസ് സംഭവദിവസംതന്നെ അറസ്റ്റ് ചെയ്തു. നിർണായക സാക്ഷിമൊഴികൾക്കും സാഹചര്യത്തെളിവുകൾക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുകകൂടി ചെയ്തതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
ചീനിക്കുഴിയിൽ മെഹ്റിൻ സ്റ്റോഴ്സെന്ന പേരിൽ പലചരക്ക് കട നടത്തുകയായിരുന്നു മുഹമ്മദ് ഫൈസൽ. ഇദ്ദേഹവും കുടുംബവും ഹമീദിനൊപ്പം കൊലപാതകം നടന്ന വീട്ടിലായിരുന്നു താമസം. പ്രതി ഹമീദ് മുട്ടത്തെ ജില്ല ജയിലിൽ വിചാരണകാത്ത് കഴിയുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.