ഇനിയും സഹിക്കാൻ വയ്യ...വഴിയോര കച്ചവടം, പ്രതിഷേധവുമായി വ്യാപാരികൾ
text_fieldsഅന്തർ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വസ്ത്രങ്ങൾ കൂട്ടിയിട്ട് വിൽക്കുന്ന വഴിയോരക്കടക്ക് മുന്നിൽ ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം
തൊടുപുഴ: ജില്ലയിൽ പ്രധാന ടൗണുകളിലെ വഴിയോരങ്ങൾ കേന്ദ്രീകരിച്ച് അന്യ സംസ്ഥാനക്കാരായവരെ വെച്ച് വ്യാപകമായി തുണിക്കച്ചവടം നടത്തുന്നതിന് പിന്നിൽ വൻ മാഫിയ സംഘം പ്രവർത്തിക്കുന്നതായി വ്യാപാരികൾ.
തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന നിലവാരമില്ലാത്ത വസ്ത്രങ്ങളാണിതെന്നാണ് ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കുറ്റപ്പെടുത്തുന്നത്. പഴയ തുണികൾ ശേഖരിച്ച് വീണ്ടും വൃത്തിയാക്കിയാണ് വിപണിയിൽ എത്തിക്കുന്നത്.
തോട്ടം മേഖലകളിലടക്കം ഇത്തരം കച്ചവടം വ്യാപകമാണ്. ജീവിത മാർഗത്തിനായി നാട്ടിൻ പുറങ്ങളിൽ സാധാരണക്കാരായവർ ഇത്തരം കച്ചവടങ്ങൾ നടത്തിയിരുന്നതിനാൽ തുണിവ്യാപാരികളും വലിയ പ്രതിഷേധത്തിനിറങ്ങിയിരുന്നില്ല. ഇപ്പോൾ നിവൃത്തികേടുകൊണ്ടാണ് സമരത്തിനിറങ്ങുന്നതെന്ന് ഇവർ ആരോപിച്ചു. കേരള ടെക്സ്റ്റെൽസ് ഗാർമെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധഭാഗമായി നടന്ന പരിശോധനയിൽ മുനിസിപ്പൽ മൈതാനിയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് കെട്ടുകണക്കിന് തുണികൾ കണ്ടെത്തിയതായി ഇവർ പറഞ്ഞു.
വിവിധ ഭാഗങ്ങളിൽ കച്ചവടം നടത്തുന്നതിനായി ബോഡിമെട്ടിൽ നിന്നെത്തിച്ച വസ്ത്രങ്ങളായിരുന്നു ഇത്. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും പൊലീസിന്റെയും സാന്നിധ്യത്തിൽ വാഹനം തിരിച്ചയച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പ്രശ്നം ഉന്നയിച്ച് വ്യാപാരികൾ തൊടുപുഴ ഡിവൈ.എസ്.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന നിലവാരമില്ലാത്ത വസ്ത്രങ്ങളാണിതെന്നാണ് ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കുറ്റപ്പെടുത്തുന്നത്. പഴയ തുണികൾ ശേഖരിച്ച് വീണ്ടും വൃത്തിയാക്കിയാണ് വിപണിയിൽ എത്തിക്കുന്നത്. തോട്ടം മേഖലകളിലടക്കം ഇത്തരം കച്ചവടം വ്യാപകമാണ്. കുറഞ്ഞ വിലയ്ക്ക് തുണി നൽകുന്നതിനാൽ സാധാരണക്കാരെ വളരെ വേഗത്തിൽ ആകർഷിക്കാനും വഴിയോര കച്ചവടങ്ങൾക്ക് സാധിക്കുന്നുണ്ട്.
കടകളടച്ച് വഴിയോര വ്യാപാരം നടത്തുമെന്ന് മുന്നറിയിപ്പ്
തൊടുപുഴ: അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വഴിയോര കച്ചവടം നടത്തുന്ന മാഫിയക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കേരള ടെക്സ്റ്റൈല്‍സ് ആൻഡ്ഗാര്മെന്റ്സ് വെല്‍ഫയര്‍ അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളികളെ ഉപയോഗിച്ച് കച്ചവടം നടത്തി വലിയ തോതില്‍ സ്റ്റോക്ക് ഇറക്കി വൈകുന്നേരങ്ങളില്‍ ലാഭ വിഹിതം വാങ്ങി മടങ്ങുകയാണ് അന്യ സംസ്ഥാന മാഫിയ സംഘം നടത്തുന്നത്. തമിഴ് നാട്ടില്‍ നിന്നും മറ്റുമെത്തിക്കുന്ന പഴയ തുണികളാണ് ഇത്തരത്തില്‍ വില്പന നടത്തുന്നത്.
വഴിയോരക്കച്ചവടം നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടകളടച്ച് വഴിയോര വ്യാപാരം നടത്താന്‍ ചെറുകിട വസ്ത്ര വ്യാപാരികള്‍ നിര്‍ബന്ധിതരാകും. ഇതിനുപുറമെ മര്‍ച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.ടി.ജിഎ തൊടുപുഴ മേഖല പ്രസിഡന്റ് അനസ് പി. അസീസ്, സെക്രട്ടറി ബി.എം. നസീര്‍, വൈസ് പ്രസിഡന്റ് മുജീബ് തിളക്കം, ജോയന്റ് സെക്രട്ടറി പി.എ. അഫ്സല്, ജില്ല വൈസ് പ്രസിഡന്റ് റെന്നി തോമസ് എന്നിവര്‍ പങ്കെടുത്തു.
വഴിയോര കച്ചവട സ്റ്റാളുകൾ ഉപരോധിച്ച് പ്രതിഷേധം
തൊടുപുഴ: കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ തൊടുപുഴയിലെ അന്യസംസ്ഥാന വഴിയോര കച്ചവട സ്റ്റാളുകൾ ഉപരോധിച്ചു. മേഖല പ്രസിഡന്റ് അനസ് അസീസ് ഉപരോധസമരത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നസീർ. ബി.എം, ട്രഷറർ സജി സിറിയക്, വൈസ് പ്രസിഡന്റുമാരായ മുജീബ് തിളക്കം, ഫ്രാൻസിസ് രാഗം, നാരായണപിള്ള, ജോയന്റ് സെക്രട്ടറി അഫ്സൽ. പി.എ, ജില്ല വൈസ് പ്രസിഡന്റ് റെന്നി തോമസ്, വനിത വിങ് സെക്രട്ടറി ശ്രീജ രാജേഷ്, റോബിൻസ് സെബാസ്റ്റ്യൻ, ഷെനു ലിവാന, ബിനി കല്ലുറുമ്പിൽ, റസാഖ് മൈലാഞ്ചി, സലിം ചോയ്സ്, ഇബ്രാഹിം അനുഗ്രഹ എന്നിവർ സംസാരിച്ചു. വ്യാപാരികളെ മൊത്തത്തിൽ ബാധിക്കുന്ന വിഷയത്തിൽ മർച്ചന്റ്സ് അസോസിയേഷനും പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

