ബജറ്റ്: തൊടുപുഴയിൽ മാലിന്യ സംസ്കരണത്തിന് 5 കോടി
text_fieldsതൊടുപുഴ നഗരസഭ ബജറ്റ് വൈസ് ചെയര്പേഴ്സൻ ജെസി ആന്റണി
അവതരിപ്പിക്കുന്നു
തൊടുപുഴ: വികസനത്തിന് മുന്‍ഗണന നല്കി തൊടുപുഴ നഗരസഭയുടെ 2024-25 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ ജെസി ആന്റണി അവതരിപ്പിച്ചു. 67,39,67,900 രൂപ വരവും 65,24,98,000 രൂപ ചെലവും 2,14,69,900 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ആരോഗ്യ രംഗം, വിദ്യാഭ്യാസം, ശുചിത്വം, അമൃത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി, തെരുവ് വിളക്കുകളുടെ പരിപാലനം തുടങ്ങിയവക്കും ബജറ്റില്‍ പ്രഥമ പരിഗണന നല്‍കിയിട്ടുണ്ടെന്ന് വൈസ് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കൽ, പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം, വയോമിത്രം എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭയിലെ സമഗ്ര മാലിന്യസംസ്കരണത്തിന് അഞ്ചുകോടി രൂപ വകയിരുത്തി.
പാറക്കടവില്‍ കുമിഞ്ഞുകൂടിയ മാലിന്യം ശാസ്ത്രീയമായി നീക്കാൻ ആധുനിക രീതിയിലുള്ള ജൈവമാലിന്യ സംസ്കരണ സംവിധാനം ഒരുക്കും. ഒപ്പം ബയോ പാര്‍ക്കും പൂര്‍ത്തിയാകും. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാൻ തെങ്ങ്, നെല്‍, പച്ചക്കറി കൃഷി വികസനത്തിന് 14 ലക്ഷം രൂപയുടെ പദ്ധതികള്‍ ആവിഷ്കരിക്കും.
വിനോദസഞ്ചാരികളെയും വിപണനക്കാരെയും ആകര്‍ഷിക്കാൻ തൊടുപുഴ കാര്‍ണിവല്‍ സംഘടിപ്പിക്കും. ഇതിനായി അഞ്ചുലക്ഷം രൂപ വകയിരുത്തി. ചെയര്മാന് സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബജറ്റിലുള്ള ചര്‍ച്ച 12ന് രാവിലെ 11.30ന് നടക്കും.
വികസനത്തിന് പദ്ധതികളില്ല; ബജറ്റ് കത്തിച്ച് പ്രതിഷേധം
തൊടുപുഴ: ബജറ്റ് അവതരണത്തിന് പിന്നാലെ യു.ഡി.എഫ് കൗൺസിലർമാർ ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. വാഗ്ദാനങ്ങൾ നടപ്പാക്കാതെ നഗരവാസികളെ കബളിപ്പിക്കാനുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും ഈ വഞ്ചനയിൽ പ്രതിഷേധിച്ചാണ് കത്തിച്ചതെന്നും യു.ഡി.എഫ് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ ദീപക്, എം എ കരീം, സനു കൃഷ്ണൻ എന്നിവർ പറഞ്ഞു.
പ്രതിപക്ഷ കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുന്നു
ഈ കൗൺസിലിന്റെ കാലത്ത് അവതരിപ്പിച്ച മൂന്ന് ബജറ്റുകളിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 30 ഓളം പദ്ധതികൾ ആരംഭിക്കാൻ പോലും കഴിഞ്ഞില്ല. ഇപ്പോൾ അവതരിപ്പിച്ച നാലാമത്തെ ബജറ്റിൽ മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികൾ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വഞ്ചനയാണ്. ഈ വർഷത്തെ ബജറ്റിൽ നഗരസഭയുടെ വികസനത്തിന് ഉതകുന്ന ഒറ്റ പദ്ധതി പോലും ഉൾപ്പെടുത്തിയിട്ടില്ല.
ഒറവപ്പാറ ടൂറിസം പദ്ധതിയും റോപ് വേയും, മങ്ങാട്ടുകവല ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം, പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം പുനർനിർമാണം, ആധുനിക അറവുശാല, ഷീ ലോഡ്ജ്, തൊടുപുഴ ബോയ്സ് ഹൈസ്കൂളിന് കെട്ടിടം, സ്ഥലവും വീടും ഇല്ലാത്തവർക്ക് സ്ഥലം വാങ്ങി ഫ്ലാറ്റ് നിർമിക്കൽ, മുനിസിപ്പൽ ഓഫീസിന്റെ പുതിയ കെട്ടിട നിർമാണം, തൊടുപുഴ ബസ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ നിർമാണം തുടങ്ങിയ പദ്ധതികൾ എല്ലാം ഈ ബജറ്റിൽ ഉപേക്ഷിച്ചു.
നഗരസഭയിൽ കെടുകാര്യസ്ഥതയും അഴിമതിയും കൊടികുത്തി വാഴുകയാണെന്നും അവർ പറഞ്ഞു.
തുക അനുവദിച്ചത്
- അമൃത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി-9.80 കോടി
- സമഗ്ര മാലിന്യ സംസ്കരണം-5 കോടി
- പഴയ ബസ് സ്റ്റാൻഡിന് എതിര്‍വശം ഷോപ്പിങ് കോംപ്ലക്സ്-ഒരു കോടി
- മുനിസിപ്പല്‍ ലൈബ്രറി കെട്ടിട നിര്‍മാണം-ഒരു കോടി
- ലോറി, വാന്‍ സ്റ്റാന്‍ഡ് മുനിസിപ്പല്‍ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ്-ഒരു കോടി
- അംഗൻവാടി പോഷകാഹാരം-70 ലക്ഷം
- പി.എം.എ.വൈ-ലൈഫ് സമ്പൂര്‍ണ ഭവന പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ-50 ലക്ഷം
- വെങ്ങല്ലൂര്‍ മുനിസിപ്പല്‍ വക സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ്-50 ലക്ഷം
- തെരുവ് വിളക്കുകളുടെ പരിപാലനം-45 ലക്ഷം
- ദിവ്യാംഗജര്ക്ക് സ്കോളര്‍ഷിപ്പ്, ബത്ത-32 ലക്ഷം
- വയോജന ക്ഷേമം, പാലിയേറ്റീവ് കെയര്‍-30 ലക്ഷം
- ആധുനിക ഫ്രണ്ട് ഓഫീസ് നിര്‍മാണം-20 ലക്ഷം
- മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്സ് പൂര്‍ത്തീകരണം-20 ലക്ഷം
- അംഗൻവാടികള്‍ക്ക് സ്ഥലം വാങ്ങി കെട്ടിട നിര്‍മാണം-14 ലക്ഷം
- മുനിസിപ്പല്‍ പാര്‍ക്ക് നവീകരണം-10 ലക്ഷം
- ദുരന്ത നിവാരണം-ഷെല്‍ട്ടര്‍ ഹോംസ് (സ്കൂളുകളില്‍), സൈറണ്‍-11 ലക്ഷം
- പട്ടികവര്‍ഗ ക്ഷേമം-8.66 ലക്ഷം
- പാടശേഖര സമിതി-സംഭരണ-സംസ്കരണ, വിതരണ കേന്ദ്രം-ആറ് ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

