തൊടുപുഴയിലെ ബംഗാളി രുചി
text_fieldsതൊടുപുഴയിലെ ബംഗാളി ഹോട്ടൽ
തൊടുപുഴ: സ്വന്തം നാട്ടിലേക്കാൾ പണിയും കൂലിയുമൊക്കെ ഉണ്ടെങ്കിലും ഇഷ്ടരുചി കിട്ടാത്തതിന്റെ വിഷമം ഇനി തൊടുപുഴയിലെത്തുന്ന ഭായിമാർക്കുണ്ടാവില്ല. അന്തർ സംസ്ഥാന തൊഴിലാളികളുടെ രുചിഭേദമറിഞ്ഞ് ബംഗാളി വിഭവങ്ങൾ മാത്രം കിട്ടുന്ന ഒരു ഹോട്ടൽതന്നെ ഇവർക്കായി തൊടുപുഴ ടൗൺഹാളിന് സമീപത്തെ കെട്ടിടത്തിൽ തുടങ്ങിക്കഴിഞ്ഞു. കടയുടെ മുൻവശത്തായി തൂങ്ങുന്ന ബോർഡിൽ തെളിഞ്ഞുകാണാം ബംഗാളി ഹോട്ടൽ എന്ന പേര്.
തൊടുപുഴ കുമ്പംകല്ല് സ്വദേശി ഷിയാസാണ് ഭായിമാർക്കായി അവരുടെ ഭക്ഷണ വിഭവങ്ങൾ മാത്രം ഉൾപ്പെടുത്തി ഹോട്ടൽ തുറന്നത്. കെട്ടിടനിർമാണ രംഗത്ത് ഏറെക്കാലം ഡ്രൈവറായി പ്രവർത്തിച്ചിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന ബംഗാളി സുഹൃത്തുക്കളുടെ സങ്കടം ഷിയാസ് മനസ്സിലാക്കിയിരുന്നു. തനത് ഭക്ഷണ സംസ്കാരം ഏറെ കാത്തുസൂക്ഷിക്കുന്ന ഇവർക്ക് അവരുടെ ഇഷ്ടവിഭവങ്ങൾ ഇവിടുത്തെ ഹോട്ടലുകളിൽ കിട്ടാത്തത് വിഷമമുണ്ടാക്കിയിരുന്നു. പലരും അവധി ദിവസങ്ങളിലൊക്കെയാണ് നാട്ടിലെ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത്. പലപ്പോഴും സമയം കിട്ടാറുമില്ല. ഇതൊക്കെയാണ് ബംഗാളി ഹോട്ടൽ തുടങ്ങാൻ ഷിയാസിനെ പ്രേരിപ്പിച്ചത്.
ബംഗാളികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മാത്രമാണ് ഇവിടെ വിളമ്പുന്നതെന്നാണ് ഈ ഹോട്ടലിന്റെ പ്രത്യേകത. രാവിലെ പൂരിയും ആലുബജി, ഉച്ചക്ക് ജീരകപ്പൊടി ചേർത്ത ചോറും മീൻകറിയും ബീഫും ചിക്കനുമൊക്കെയായി മീൽസ്, വൈകീട്ട് അവരുടെ ഇഷ്ടവിഭവങ്ങളായ മിഷ്ടി, ജിലേബി, സ്വീറ്റ് സമൂസ, ഗോജ, ലുതിക, ഛനാ ജിലേബി തുടങ്ങിയവയാണ് ബംഗാളി ഹോട്ടലിലെ ഹൈലൈറ്റ്. പൊതുവെ മധുര പ്രിയരാണ് എത്തുന്നവരിൽ കൂടുതലും. മിക്ക പലഹാരങ്ങളുടെയും പ്രധാന ചേരുവ പാലാണ്. തൈരിൽ മധുരവും മറ്റു ചില വിഭവങ്ങളും ചേർത്ത് നിശ്ചിത തണുപ്പിൽ സൂക്ഷിക്കുന്ന ദ്വയിയും ഇവിടെയുണ്ട്.
വിഭവങ്ങളുടെ ടച്ച് പോകാതിരിക്കാൻ പശ്ചിമബംഗാളിൽനിന്നുള്ള മത്തിനൂർ, റിപ്പോൺ, സൗരവ് തുടങ്ങിയവരാണ് പാചകക്കാർ. സപ്ലൈയർമാരും മറ്റ് ജോലിക്കാരുമൊക്കെ ബംഗാളികൾതന്നെ. രാവിലെ ആറിന് തുറക്കുമ്പോൾ മുതൽ ഭക്ഷണം കഴിക്കാൻ അന്തർ സംസ്ഥാന തൊഴിലാളികൾ എത്തും. ഈ തിരക്ക് രാവിലെ 8.30വരെ നീളും. ചപ്പാത്തിയും പൂരിയുമൊക്കെ മെനുവിലുണ്ടെങ്കിലും അവരുടെ രുചിക്കൂട്ടിലുള്ള ചോറുതന്നെയാണ് ഭായിമാർക്ക് പ്രിയം. രുചിവൈവിധ്യം കേട്ടറിഞ്ഞ് നഗരത്തിന് പുറത്തുനിന്ന് നിരവധി പേർ ഹോട്ടലിലേക്ക് എത്തുന്നുണ്ടെന്ന് ഷിയാസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

