കാണാൻ മനോഹരം; വേണം ജാഗ്രത
text_fieldsചീയപ്പാറ വെള്ളച്ചാട്ടം (ഫയൽ ചിത്രം)
തൊടുപുഴ: മൺസൂൺ ആസ്വദിക്കുന്നതിനും മറ്റുമായി ഒട്ടേറെ സഞ്ചാരികൾ ഇടുക്കിയിലേക്കെത്തുന്ന സമയം കൂടിയാണ് ഇപ്പോൾ. ഇവർ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുന്നതും ജലാശയങ്ങളിൽ നീന്തിക്കളിക്കുന്നതുമെല്ലാം പതിവ് കാഴ്ചകളാണ്.
പക്ഷേ, ചിലയിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വേണ്ടത്ര ജാഗ്രത പുലർത്താത്തത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. പല വെള്ളച്ചാട്ടങ്ങളുടെയും അടുത്ത് സുരക്ഷാവേലി ഇല്ലാത്തതിനാൽ വഴുക്കലുള്ള പാറയിൽ കാൽതെറ്റിയാൽ സഞ്ചാരികൾ താഴ്ചയിലേക്ക് വീണ് അപകടം ഉണ്ടാകാൻ സാധ്യതയേറെയാണ്.
ഒട്ടേറെ സഞ്ചാരികൾ വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തുന്ന ഇടമാണ് അടിമാലിക്ക് സമീപമുള്ള ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ. ഇവിടങ്ങളിൽനിന്ന് ചിത്രങ്ങൾ പകർത്തുന്നതിനും സെൽഫി എടുക്കുന്നതിനും മഴക്കാലങ്ങളിൽ വലിയ തിരക്കാണ്. പാതയുടെ ഫില്ലിങ് സൈഡിൽ അഗാധമായ താഴ്ചയുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. മുമ്പ് വാളറ വെള്ളച്ചാട്ടത്തിന് എതിർവശത്തുനിന്ന് ചിത്രം പകർത്തുമ്പോൾ വീണ് സഞ്ചാരിക്കു പരിക്കേറ്റിരുന്നു. ഇത്തരം സാഹചര്യത്തിൽ വെള്ളച്ചാട്ടങ്ങൾ അപകടമില്ലാതെ കണ്ട് ആസ്വദിക്കാൻ ഉറപ്പുള്ള വേലി ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ അനിവാര്യമാണ്. സഞ്ചാരികൾ ജാഗ്രത പുലർത്തേണ്ട മറ്റൊരു സ്ഥലമാണ് കട്ടപ്പനക്ക് സമീപം അഞ്ചുരുളി.
വഴുക്കലും കുഴികളും വെളിച്ചക്കുറവുമുള്ള തുരങ്കത്തിനുള്ളിലും അപകടാവസ്ഥ നിലനിൽക്കുകയാണ്. വാഹനങ്ങൾ പാർക്കു ചെയ്തശേഷം തുരങ്കത്തിന് സമീപത്തേക്ക് പോകാനുള്ള നടപ്പുവഴിയും തകർന്ന നിലയിലാണ്. കല്ലുകൾ കൂടിക്കിടക്കുന്ന ഇതുവഴി സാഹസികമായി മാത്രമേ ഇറങ്ങിപ്പോകാൻ സാധിക്കുകയുള്ളൂ.
മുമ്പ് ഇവിടെ സുരക്ഷാവേലി നിർമിച്ചിരുന്നെങ്കിലും ശക്തമായ വെള്ളമൊഴുക്കിനെ തുടർന്ന് അത് നശിച്ചുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

