കത്തിക്കയറി ചൂട്; കരുതണം തീ
text_fields1. ഉറപ്പാറക്ക് സമീപം കഴിഞ്ഞ ദിവസം തീ പടർന്നപ്പോൾ 2. തൊടുപുഴക്ക് സമീപം കാപ്പിലുണ്ടായ തീപിടിത്തം അഗ്നിരക്ഷ സേനയെത്തി നിയന്ത്രണവിധേയമാക്കുന്നു
തൊടുപുഴ: വേനൽ കടുത്തതോടെ തീപിടിത്തം മൂലമുള്ള നാശനഷ്ടങ്ങളുടെ ഭീതിയിലാണ് ജില്ല. ചൂട് വർധിക്കുന്നതിനൊപ്പം തീപിടിത്തവും വ്യാപകമാണ്. ചെറുതും വലുതുമായ നിരവധി ഫയർകോളുകളാണ് ജില്ലയിലെ അഗ്നിശമന സേന യൂനിറ്റുകളിലേക്ക് രാപകൽ ഭേദമന്യേ എത്തുന്നത്. ജില്ലയിലെ എട്ട് യൂനിറ്റുകളിലേക്ക് ജനുവരി ഒന്ന് മുതൽ ഫെബ്രുവരി എട്ട് വരെ തീപിടിത്തവുമായി ബന്ധപ്പെട്ട് 88 ഫയർകോളാണ് എത്തിയത്. ചൂട് കൂടിയതോടെ ദിനംപ്രതി രണ്ടാ മൂന്നോ കോളുകൾ ഓരോ ഫയർ സ്റ്റേഷനിലേക്കും എത്തുന്നുണ്ട്. തൊടുപുഴ താലൂക്കിൽ വ്യാപകമായാണ് തീപിടിത്തമുണ്ടാകുന്നത്. വീടുകളിൽ തീ പിടിക്കുന്നതും ചെറു കാടുകൾക്കടക്കം തീ പിടിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചിട്ടുണ്ട്. ലോറേഞ്ച്- ഹൈറേഞ്ച് വ്യത്യാസമില്ലാതെ കനത്ത ചൂടാണ് പകൽ സമയങ്ങളിൽ അനുഭവപ്പെടുന്നത്. പറമ്പുകൾക്ക് തീ പിടിക്കുന്നതും കൂടിയിട്ടുണ്ട്. മാലിന്യവും കരിയിലയും കൂട്ടിയിട്ട് കത്തിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അഗ്നി രക്ഷാസേനാംഗങ്ങൾ പറയുന്നത്.
ജാഗ്രത വേണം; മുൻകരുതലും
കാറ്റിന്റെ സ്വാധീനവും തീ പിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. ശക്തമായ കാറ്റുണ്ടാകുമ്പോൾ കരിയിലകൾ പറന്ന് അടുത്ത പറമ്പിലേക്കും മറ്റും തീ എത്തും. അശ്രദ്ധമായി വലിച്ചെറിയുന്ന ചെറിയ സിഗരറ്റ് കുറ്റികൾ പോലും വൻ തീപിടിത്തത്തിന് കാരണമാകും. തോട്ടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും വനങ്ങളിലുമുണ്ടാകുന്ന തീപിടിത്തം മുൻ വർഷങ്ങളിൽ ജനങ്ങളുടെ സ്വത്തിനും ജീവന് തന്നെയും പല തവണ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഹെക്ടർ കണക്കിന് വനമേഖലയും കൃഷി സ്ഥലങ്ങളും വസ്തുവകകളുമാണ് ഓരോ വേനലിലും കത്തി നശിക്കുന്നത്. കാട്ടുതീ പടരുന്ന മേഖലകളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് ഫയര്‍ഫോഴ്സിനെ കുഴയ്ക്കുന്നത്. പലപ്പോഴും വാഹനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളിലായിരിക്കും കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത്. പുല്‍മേടുകളിലും മറ്റും വെള്ളവുമായി വാഹനത്തിന് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ പ്രദേശവാസികളുടെയടക്കം സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. തീ പടർന്നാൽ അണക്കാൻ ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പാക്കിയശേഷമേ ചപ്പുചവറുകൾ കത്തിക്കാൻ ശ്രമിക്കാവൂ എന്നാണ് അധികൃതർ പറയുന്നത്.
അശ്രദ്ധ പാടില്ല
പലപ്പോഴും ആളുകളുടെ അശ്രദ്ധ മൂലമാണ് തീപിടുത്തം ഉണ്ടാകുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ. നല്ല വെയിലുള്ള സമയത്ത് തീയിട്ടാൽ അത് നിയന്ത്രണാതീതമായി മറ്റ് ഭാഗങ്ങളിലേക്ക് ആളിപ്പടരാൻ ഇടയാക്കുന്നതാണ്. മറ്റുസമയങ്ങളിൽ തീയിട്ടാലും വെള്ളം കൂടാതെ പച്ചിലത്തൂപ്പും കരുതിവെക്കേണ്ടതാണ്. കാരണം തീ വ്യാപിച്ചാൽ ഇവ ഉപയോഗിച്ച് തീ ഉടൻ തന്നെ കെടുത്താൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
മലയോര മേഖലയും ഭീതിയിൽ
വേനല്‍ കടുത്തതോടെ ജില്ലയില്‍ പല മേഖലകളിലായി ഇതിനോടകം പുല്‍മേടുകളിലും സ്വകാര്യഭൂമിയിലും തീ പിടിത്തമുണ്ടായി. ചൂടും വരള്‍ച്ചയും രൂക്ഷമായതോടെ മലയോര മേഖലകളില്‍ പുല്‍മേടുകള്‍ ഉണങ്ങിയ നിലയിലാണ്. പുല്‍മേടുകളിലും മറ്റും വെള്ളവുമായി വാഹനത്തിന് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ വൃക്ഷത്തലപ്പുകളും മറ്റും ഉപയോഗിച്ച് തല്ലിക്കെടുത്തുകയാണ് ചെയ്യുന്നത്.
പറമ്പിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി
തൊടുപുഴ: എടക്കാട്ട്കയറ്റം കാപ്പിൽ, പറമ്പിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കൂട്ടിയിട്ടിരുന്ന വിറകുകളിലേക്ക് തീ പടർന്നതാണ് ആശങ്ക പരത്തിയത്. ഞായറാഴ്ച രാവിലെ 11നായിരുന്നു സംഭവം.
കാപ്പ് സ്വദേശി പടിഞ്ഞാറേക്കരയിൽ രാമചന്ദ്രൻ നായരുടെ പറമ്പിലെ ചപ്പുചവറുകൾ വൃത്തിയാക്കി തീയിടുന്നതിനിടെ അത് പടർന്ന് പറമ്പിൽ കൂട്ടിയിട്ടിരുന്ന വിറകുകളിലേക്ക് തീപിടിച്ച് ആളിപ്പടരുകയായിരുന്നു. വീട്ടുകാർ ചേർന്ന് തീ കെടുത്താൻ നോക്കിയെങ്കിലും സാധിക്കാത്തതിനാൽ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തൊടുപുഴയിൽ നിന്ന് സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി.
ഇടുങ്ങിയ വഴി ആയതിനാൽ സേനയുടെ വലിയ വാഹനത്തിന് സ്ഥലത്തേക്ക് എത്താൻ പ്രയാസം നേരിട്ടതിനാൽ സേനയുടെ തന്നെ ചെറിയ വാഹനമായ വാട്ടർ മിസ്റ്റിൽ എത്തിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന റബർ തോട്ടത്തിലേക്ക് തീ പടരാതിരിക്കാൻ ഫയർഫോഴ്സിന്റെ കൃത്യമായ ഇടപെടൽ മൂലം സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

