ഭൂജല ലഭ്യത; നെടുങ്കണ്ടവും കട്ടപ്പനയും സെമി ക്രിട്ടിക്കൽ
text_fieldsമുണ്ടന്മുടിക്ക് സമീപം ജലനിധിയുടെ ടാങ്ക്
തൊടുപുഴ: ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോർഡും സംയുക്തമായി നടത്തിയ പഠനത്തിന്റെ ഭാഗമായി നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ വിഭാഗത്തിൽ. ജലലഭ്യതയുടെയും ഭൂജല ഉപഭോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ബ്ലോക്കുകളെ സുരക്ഷിതം, സെമി ക്രിട്ടിക്കൽ, ക്രിട്ടിക്കൽ, അമിത ചൂഷണവിഭാഗം എന്നിങ്ങനെ തിരിക്കുന്നത്. റീചാർജ് ചെയ്യപ്പെടുന്ന ഭൂജലത്തിന്റെ 70 ശതമാനത്തിന് താഴെ ഭൂജല ഉപഭോഗം നിലവിലുള്ള ബ്ലോക്കുകളാണ് സുരക്ഷിതം. റീചാർജ് ചെയ്യപ്പെടുന്ന ഭൂജലത്തിന്റെ 70 - 90 ശതമാനം ഭൂജല ഉപഭോഗം നിലവിലുള്ള ബ്ലോക്കുകൾ സെമി ക്രിട്ടിക്കലും ഭൂജല ഉപഭോഗം 90നും 100ലും വരുമ്പോൾ ക്രിട്ടിക്കലും നൂറ് ശതമാനത്തിലധികം ഭൂജല ഉപഭോഗം നിലവിലുള്ള ബ്ലോക്കുകൾ അമിത ചൂഷണ വിഭാഗത്തിലുംപെടുന്നു. ജില്ലയിലെ ബാക്കി ബ്ലോക്കുകൾ സുരക്ഷിത വിഭാഗത്തിലാണ്. ക്രിട്ടിക്കൽ വിഭാഗത്തിലടക്കമുള്ള ബ്ലോക്കുകളെ ഭൂജല സംപോഷണ പ്രവർത്തനങ്ങളിലൂടെ സുരക്ഷിതമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
തൊടുപുഴയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം
തൊടുപുഴ നഗരത്തിലും സമീപത്തും കുളം, കിണർ, തോട് തുടങ്ങിയ ജലസ്രോതസ്സുകൾ വറ്റിക്കഴിഞ്ഞു. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽനിന്ന് പലരും തലച്ചുമടായാണ് കുടിവെള്ളമെത്തിക്കുന്നത്. ചിലയിടങ്ങളിൽ പണം കൊടുത്ത് വാങ്ങുന്ന സ്ഥിതിയുണ്ട്. ജലനിരപ്പ് താഴ്ന്നതോടെ പല കുടിവെള്ള പദ്ധതികളും നിലച്ചു. തോടുകളിലും ഒഴുക്കു നിലച്ചു. മലങ്കര ഡാമിൽനിന്നുള്ള രണ്ട് കനാലാണ് തൊടുപുഴ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസം.
അനധികൃത കുഴൽക്കിണറുകൾ വ്യാപകം
വെയിൽ കഠിനമായതോടെ ജലക്ഷാമം രൂക്ഷമാകുന്നത് മുൻനിർത്തി അനധികൃത കുഴൽക്കിണറുകളുടെ നിർമാണം വ്യാപകമാകുകയാണ്. ഇതുമൂലം താഴ്ന്ന പ്രദേശങ്ങളിലെ കിണറുകള്‍ വരള്‍ച്ച ഭീഷണിയിലാണ്. കുഴൽക്കിണർ നിർമാണത്തിന് ഏജൻസികൾ ധാരാളമാണ്. പലരും വ്യത്യസ്ത നിരക്കിലാണ് നിർമാണം നടത്തുന്നത്. ആവശ്യമായ പഠനങ്ങളില്ലാതെയാണ് കുഴല്‍ക്കിണറുകള്‍ വ്യാപകമാവുന്നത്.
ഇതുമൂലം ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. കിണർ കുഴിക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ പെർമിറ്റും ഭൂജല വകുപ്പിന്റെ ക്ലിയറൻസും ആവശ്യമാണ്. അനുമതി നേടാതെ കിണർ നിർമിച്ചാൽ ഒരുലക്ഷം രൂപ വരെയും രജിസ്ട്രേഷൻ ഇല്ലാതെ കുഴിച്ചാൽ 25,000 രൂപയുമാണ് പിഴ. സാധാരണ രീതിയിൽ കിണർ നിർമിക്കാൻ കാലതാമസമെടുക്കും. നിലവിൽ ഈ മേഖലയിൽ പണിചെയ്യുന്നവർ കുറഞ്ഞുവരുകയാണ്. വെള്ളം കണ്ടെത്താനും താമസം നേരിടുന്നു.
വണ്ണപ്പുറത്തെ കിഴക്കൻ മേഖലയിൽ ജലക്ഷാമം
വണ്ണപ്പുറം: വേനൽ കടുത്ത് തുടങ്ങിയതോടെ വണ്ണപ്പുറം പഞ്ചായത്തിലെ കിഴക്കൻ മേഖലയിൽ ജലക്ഷാമം അതിരൂക്ഷമാണ്. പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ഉൾക്കൊള്ളുന്ന മുണ്ടന്മുടി 40 ഏക്കർ മേഖലയിലാണ് ഏറെ ദുരിതം. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലെയും കിണറുകൾ വറ്റിക്കഴിഞ്ഞു. തോടുകളിൽനിന്നും പാറ ഓലിയിൽനിന്നും ലഭിക്കുന്ന വെള്ളമാണ് പലരുടെയും ആശ്രയം.
ജലനിധിയുടെ ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സംഭരണശേഷി കുറവും കുഴൽക്കിണറിലെ ജലലഭ്യത കുറവു മൂലവും ഭൂരിഭാഗം വീടുകളിലും വെള്ളം എത്താത്ത സ്ഥിതിയാണ്. എന്നാൽ, ചിലർ ജലനിധി കണക്ഷൻ മീറ്ററിൽ കൃത്രിമംകാട്ടി അനുവദനീയമായ വെള്ളത്തിലും കൂടുതൽ ഉപയോഗിക്കുന്നതയും മറ്റുള്ളവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുപോലും വെള്ളം കിട്ടാത്ത സ്ഥിതിയാണെന്നും ആരോപണമുണ്ട്.
പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് നിരവധി പരാതികൾ അധികൃതർക്ക് നൽകിയതായും ഒരു പരിഹാരവും ഉണ്ടായില്ല എന്നും നാട്ടുകാർ പറയുന്നു. (അവസാനിച്ചു)
തയാറാക്കിയത്: അഫ്സൽ ഇബ്രാഹിം, ധനപാലൻ മങ്കുവ, തോമസ് ജോസ്, വാഹിദ് അടിമാലി, ടി. അനിൽകുമാർ, എ.എ. ഹാരിസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.