കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പ്; യു.ഡി.എഫിന് ജയം
text_fieldsകാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥികളെ ഇടുക്കി ഡി.സി.സി അധ്യക്ഷൻ അനുമോദിക്കുന്നു
തൊടുപുഴ: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് വിജയം. യു.ഡി.എഫ് സ്ഥാനാർഥികളായ റോയ് കെ. പൗലോസ്, പി.ജെ. അവിര, ഷിബിലി സാഹിബ്, ആർ. ജയൻ, എൻ.ഐ. ബെന്നി, കെ. രാജേഷ്, ഇന്ദു സുധാകരൻ (കോൺഗ്രസ്), പി.എൻ. സീതി, കെ.എം. സലിം, സഫിയ ജബ്ബാർ (മുസ്ലിം ലീഗ്), ബൈജു വറവുങ്കൽ, ഷേർളി അഗസ്റ്റിൻ, ടെസി ജോണി (കേരള കോൺഗ്രസ്) എന്നിവർ വിജയിച്ചു.
വൻ പൊലീസ് സന്നാഹത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ 750ഓളം പൊലീസ് സേനയെ സുരക്ഷക്കായി വിന്യസിച്ചിരുന്നു. കഴിഞ്ഞ മേയ് 14ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷൻ പരിസരത്തെ സംഘർഷവും കൈയാങ്കളിയും മൂലം മാറ്റിവെച്ചു.
തുടർന്ന്, സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിയാലോചിച്ച് സഹകരണ സംഘം നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഹൈകോടതി നിർദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദക്ഷിണമേഖല ഐ.ജി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇടുക്കി എസ്.പി എന്നിവർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വൻ സുരക്ഷയാണ് പൊലീസ് നഗരത്തിലടക്കം ഏർപ്പെടുത്തിയത്.
മങ്ങാട്ടുകവല മുതൽ പുളിമൂട് ജങ്ഷൻ വരെ റോഡിലൂടെയുള്ള ഗതാഗതം ഞായറാഴ്ച പൊലീസ് പൂർണമായും നിയന്ത്രിച്ചു. വോട്ടിങ് കേന്ദ്രമായ ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് സമീപം ബാരിക്കേഡ് സ്ഥാപിച്ചു. വാഹനങ്ങൾ കടത്തിവിട്ടില്ല. ബാങ്കിന്റെ തിരിച്ചറിയൽ കാർഡുള്ളവരെ മാത്രമാണ് അകത്തേക്ക് വിട്ടത്.തൊടുപുഴ നഗരത്തിലെ എല്ലാ ജങ്ഷനിലും പൊലീസിനെ വിന്യസിച്ചിരുന്നു. തികച്ചും സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

