ആഫ്രിക്കൻ പന്നിപ്പനി: കർഷകർക്ക് 18.75 ലക്ഷം നഷ്ടപരിഹാരം
text_fieldsrepresentational image
തൊടുപുഴ: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ദയാവധത്തിന് വിധേയമാക്കിയ പന്നികളുടെ ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകുന്നത് 18.75 ലക്ഷം രൂപ. സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ബിനോയ് പി. മാത്യു അറിയിച്ചു. ഇതിനിടെ, ഏതാനും പന്നികൾ ചത്തതായി കണ്ടെത്തിയതിനെത്തുടർന്ന് വണ്ണപ്പുറം, കോടിക്കുളം പഞ്ചായത്തുകളിലെ ചില ഫാമുകളിൽനിന്ന് കൂടി രക്തസാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കരിമണ്ണൂർ പഞ്ചായത്തിൽ ചാലാശ്ശേരിയിലെ ഫാമിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ 262 പന്നികളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു.
രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കരിമണ്ണൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിൽ എട്ട് ഫാമുകളിലെ പന്നികളെയാണ് കൊന്നത്. ഇവക്ക് തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. 11,600 മുതൽ 7,50,800 രൂപവരെ നഷ്ടപരിഹാരം ലഭിക്കുന്ന ഫാമുകൾ ഇക്കൂട്ടത്തിലുണ്ട്. പരമാവധി ഒരു മാസത്തിനകം തുക വിതരണം ചെയ്യാനാണ് തീരുമാനം. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ചത്ത പന്നികൾക്ക് പ്രായം കണക്കാക്കി ദുരന്തനിവാരണ നിധിയിൽനിന്ന് ധനസഹായം അനുവദിക്കാനും ആലോചനയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർതലത്തിൽ അന്തിമ തീരുമാനം ഉണ്ടാകണം. വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി, കോടിക്കുളം പഞ്ചായത്തിലെ വണ്ടമറ്റം എന്നിവിടങ്ങളിൽ 20ഓളം പന്നികൾ ചത്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് സാമ്പിൾ ശേഖരിച്ചത്. പരിശോധനഫലം ഏതാനും ദിവസങ്ങൾക്കകം ലഭിക്കും. മുൻകരുതൽ നടപടികളുടെ ഭാഗമായി കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിലെ മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

