തൊടുപുഴ ജില്ല ആശുപത്രിക്ക് കർമപദ്ധതി; ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു
text_fieldsകാരിക്കോട് ജില്ല ആശുപത്രി
തൊടുപുഴ: ആയിരങ്ങൾക്ക് ആശ്രയമായ കാരിക്കോടുള്ള ജില്ല ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കാൻ കർമപദ്ധതി. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. യോഗത്തിൽ സംസ്ഥാന-ജില്ല തലങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം ആശുപത്രിയുടെ പ്രവർത്തനത്തെ കുറിച്ച് പരാതികൾ വ്യപകമായിരിക്കെയാണ് വകുപ്പ് മന്ത്രി നേരിട്ടെത്തി അവലോകന യോഗം ചേർന്നത്.
ഡോക്ടർമാരുടെ കുറവ് പരിഹരിക്കും
നിലവിൽ ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നം ഡോക്ടർമാരുടെ കുറവാണ്. ആകെ 34 ഡോക്ടർമാരുടെ തസ്തികകളാണ് ആശുപത്രിയിലുള്ളത്. ഇതിൽ 24 എണ്ണത്തിലാണ് ആളുകളുള്ളത്. എട്ട് ഡോക്ടർമാർ വേണ്ട അത്യാഹിത വിഭാഗത്തിലുള്ളത് നാല് പേരാണ്. മൂന്ന് ഡോക്ടർമാർ വേണ്ട ശിശുരോഗ വിഭാഗത്തിൽ നിലവിലുള്ളത് ഒരു ഡോക്ടർ മാത്രമാണ്. മൂന്ന് ഡോക്ടർമാർ വേണ്ട സർജറി വിഭാഗത്തിൽ നിലവിലാരുമില്ല. നഴ്സുമാരടക്കമുള്ള മറ്റ് ജീവനക്കാരുടെ സ്ഥിതിയും ഇത് തന്നെ.
ജില്ല ആശുപത്രിയായി ഉയർത്തിയെങ്കിലും മുമ്പ് നിലവിലുണ്ടായിരുന്ന താലൂക്ക് ആശുപത്രിയിലെ അതേ സ്റ്റാഫ് പാറ്റേണാണ് ഇവിടെ ഇപ്പോഴും തുടരുന്നത്. ഇതോടെ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന അത്യാഹിത വിഭാഗം, ശിശുരോഗ വിഭാഗം, സർജറി വിഭാഗം എന്നിവിടങ്ങളിൽ നിരന്തരം പ്രശ്നങ്ങളാണ്. ആരോഗ്യ മന്ത്രി ആശുപത്രിയിലെത്തിയ ദിവസവും ചികിത്സ നിഷേധം സംബന്ധിച്ച പരാതികളും വിവാദങ്ങളും ഉയർന്നിരുന്നു.
പുതിയ ഒ.പി ബ്ലോക്ക്
കെട്ടിടങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിലും കാലോചിത പരിഷ്കാരം കൊണ്ടുവരാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒ.പി വിഭാഗം, ഫാർമസി, ലാബ് എന്നിവയെല്ലാം ഒറ്റക്കുടക്കീഴിലാക്കി പുതിയ ഒ.പി ബ്ലോക്ക് നിർമിക്കാൻ പദ്ധതി തയ്യാറാക്കും. ഇതോടൊപ്പം കാലപ്പഴക്കത്താൽ അപകട ഭീഷണി നേരിടുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കും. ഇതിന് വകുപ്പുകളുടെ അനുമതി ലഭിച്ചതോടെ ലേല നടപടികൾ പുരോഗമിക്കുകയാണ്.
മോർച്ചറി, ഓക്സിജൻ പ്ലാൻറ് ഒഴികെയുള്ള പഴ കെട്ടിടങ്ങളാണ് പൊളിക്കുന്നത്. ഇതോടൊപ്പം തന്നെ തുരുമ്പെടുത്ത് നശിക്കുന്ന അൾട്രാസൗണ്ട്, സി.ടി സ്കാൻ ഉപകരണങ്ങളും പ്രയോജനപ്രദമാക്കാനുള്ള പദ്ധതികളെ കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടായി. എൻ.എച്ച്.എമ്മിൽ നിന്നടക്കം ഡോക്ടർമാരെ നിയമിച്ചും ഇടുക്കി ജില്ലയിലേക്ക് സ്ഥലം മാറ്റം വേണ്ട ഡോക്ടർമാർക്ക് അത് നൽകിയും ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനെ കുറിച്ചും മന്ത്രിയടക്കമുള്ളവർ നിർദേശം നൽകി.
ലക്ഷ്യം രോഗികൾക്ക് മെച്ചപ്പെട്ട സേവനം -സൂപ്രണ്ട്
ജില്ല ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പുതുതായി ചുമതലയേറ്റ സൂപ്രണ്ട് ഡോ. സാംപോൾ. താൻ ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ഇവിടെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവാണ് വലിയ പ്രതിസന്ധി. ഇത് പരിഹരിക്കാനുള്ള നടപടികൾക്കാണ് മുൻഗണന. ആശുപത്രി വികസനത്തിനായി കൂട്ടായ പ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ടെന്ന നിലയിൽ മൂന്ന് വർഷം ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച ശേഷമാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം തൊടുപുഴ കാരിക്കോടുള്ള ജില്ല ആശുപത്രിയിൽ സൂപ്രണ്ടായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

