റോഡപകടം കുറക്കാൻ ആക്ഷൻ പ്ലാൻ കലണ്ടർ
text_fieldsതൊടുപുഴ: ജില്ലയിൽ റോഡപകടങ്ങളിൽ മരണപ്പെടുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം വർധിച്ച സാഹചര്യത്തിൽ അപകടങ്ങൾ കുറക്കാൻ ആക്ഷൻ പ്ലാൻ കലണ്ടറുമായി മോട്ടോർ വാഹന വകുപ്പ്. ഒരുമാസത്തിനിടെ ജില്ലയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 15 ജീവനുകളാണ്.
ആകെ 98 വാഹനാപകടങ്ങളാണ് കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തത്. വ്യത്യസ്ത അപകടങ്ങളിലായി 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആർ.ടി.ഒ ആർ. രമണെൻറ നേതൃത്വത്തിൽ ജോയൻറ് ആർ.ടി.ഒമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസി. വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ അടയന്തര യോഗം ചേർന്ന് പദ്ധതികൾക്ക് രൂപംനൽകിയത്.
ബോധവത്കരണം, നിർദേശങ്ങൾ എന്നിവയടങ്ങുന്ന ആക്ഷൻ പ്ലാൻ കലണ്ടർ സജ്ജമാക്കലാണ് പ്രധാന തീരുമാനം. ലേണേഴ്സ് ലൈസൻസ് എടുത്തശേഷമുള്ള റോഡ് സുരക്ഷ ബോധവത്കരണ ക്ലാസിൽ കർശനമായി അപേക്ഷകർ പങ്കെടുക്കണമെന്നതാണ് ആദ്യനിർദേശം. കോവിഡിനെ തുടർന്ന് ക്ലാസുകൾ മുടങ്ങിയ സാഹചര്യമായിരുന്നു.
തിങ്കളാഴ്ച മുതൽ ഈ ക്ലാസിൽ പങ്കെടുത്തവരെ മാത്രമേ ഒന്നാം തീയതി മുതൽ നടക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കൂവെന്ന് ആർ.ടി.ഒ അറിയിച്ചു.ആഗസ്റ്റ് ഒന്ന് മുതൽ ജില്ലയിൽ നടപ്പാക്കൻ കഴിയുന്ന റോഡ് സുരക്ഷ കാമ്പയിനും ആക്ഷൻ പ്ലാൻ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനനുസരിച്ച് സ്കൂൾ, കോളജുകൾ, വാഹന ഡ്രൈവർമാർ എന്നിവരെ കേന്ദ്രീകരിച്ച് പരിശീലനം നടത്തും.
ക്വിസ് മത്സരങ്ങളും ഉണ്ടാകും. 2022 ഡിസംബർ 31വരെ അപകടങ്ങൾ കുറക്കുന്നതിനുള്ള രൂപരേഖ തയാറാക്കാനും യോഗം ശിപാർശ ചെയ്തിട്ടുണ്ട്. റോഡപകടവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് കിടക്കുന്നവരുടെയടക്കമുള്ള വിവരശേഖരണം നടത്തും.പ്രയാസം അനുഭവിക്കുന്നവർ, അംഗവൈകല്യം നേരിട്ടവരടക്കമുള്ളവരുടെ വിവരങ്ങൾ ഉൾപ്പെടുത്തും. പാലിയേറ്റിവ് യൂനിറ്റുകളുടെ സഹായവും ഇതിനായി തേടും.
ഇത്തരം ആളുകളുടെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിഡിയോ തയാറാക്കി ജാഗ്രത നൽകുന്നതിനായി പ്രയോജനപ്പെടുത്തും.ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ വേണമെങ്കിൽ അതും ചെയ്തുനൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതായി ആർ.ടി.ഒ വ്യക്തമാക്കി. ജില്ലയിൽ റോഡുകൾ ഒരുപരിധിവരെ തകർന്ന സാഹചര്യമുണ്ട്. അമിത ഭാരവാഹനങ്ങളുടെ അനിയന്ത്രിതമായ ഓട്ടമടക്കം ഇതിന് കാരണമാണ്.നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

