തൊടുപുഴയിൽ അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ നടപടി
text_fieldsതൊടുപുഴ ടൗണിലെ വഴിയോരക്കച്ചവടക്കാർക്ക് നഗരസഭ അധികൃതർ നോട്ടീസ് നൽകുന്നു
ശനിയാഴ്ചയോടെ ഒഴിയണമെന്ന് നഗരസഭ നോട്ടീസ്
തൊടുപുഴ: ടൗണിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ നഗരസഭ നടപടി തുടങ്ങി. റോഡ് തടസ്സപ്പെടുത്തിയുള്ള വഴിയോരക്കച്ചവടങ്ങൾ അപകടങ്ങൾക്കും വലിയ തിരക്കിനും കാൽനടക്കും തടസ്സമാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ മുനിസിപ്പൽ ഗതാഗത ക്രമീകരണ യോഗത്തിെൻറ തീരുമാനപ്രകാരമാണ് നടപടി. ഇതിെൻറ ഭാഗമായി വെങ്ങല്ലൂർ-കോലാനി ബൈപാസ്, ന്യൂമാൻ കോളജിന് മുൻവശം, മങ്ങാട്ടുകവല- കാഞ്ഞിരമറ്റം ബൈപാസ്, മങ്ങാട്ടുകവല സ്റ്റാൻഡിന് സമീപം, മാവിൻ ചുവട് എന്നിവിടങ്ങളിലായി 25ഓളം കച്ചവടക്കാർക്കാണ് നഗരസഭ നിർദേശപ്രകാരം പി.ഡബ്ല്യു.ഡി നോട്ടീസ് നൽകിയത്. ഈ മേഖലകളിൽ പതിവായി അപകടങ്ങളും തിരക്കും വർധിക്കുന്ന സാഹചര്യമാണെന്ന് അധികൃതർ പറഞ്ഞു. ഇവിടങ്ങളിൽ വാഹനങ്ങൾ റോഡിൽവരെ നിർത്തിയിട്ട് ആളുകൾ സാധനങ്ങൾ വാങ്ങുന്ന സ്ഥിതിയുണ്ട്. മാവിൻചുവട് മേഖല, കാഞ്ഞിരമറ്റം ബൈപാസ് എന്നിവിടങ്ങളിലെല്ലാം രാവിലെയും വൈകീട്ടും വാഹനങ്ങളുടെ തിക്കും തിരക്കുമാണെന്ന് അധികൃതർ പറയുന്നു. വഴിയുടെ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി കൈക്കൊണ്ടതെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് ചൂണ്ടിക്കാട്ടി.
കടകൾ ശനിയാഴ്ചയോടെ മാറ്റണമെന്ന മുന്നറിയിപ്പാണ് നോട്ടീസിലൂടെ നൽകിയിരിക്കുന്നത്. സ്വയം മാറ്റിയില്ലെങ്കിൽ മുനിസിപ്പൽ അധികൃതർ, പി.ഡബ്ല്യു.ഡി, പൊലീസ് എന്നിവരുടെ സഹായത്തോടെ മാറ്റാനാണ് തീരുമാനം. ഇതിന് പുറമെ മുനിസിപ്പൽ അധികൃതർ, പി.ഡബ്ല്യു.ഡി, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നഗരത്തിലെ ഗതാഗത ക്രമീകരണം നടപ്പാക്കുന്നത് സംബന്ധിച്ച് സ്ഥിതി വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് മുനിസിപ്പൽതല ഗതാഗത ക്രമീകരണ യോഗം ചേർന്ന് വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്നതടക്കം പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇതിനു പുറമെ ടൗണിലടക്കം ഫുട്പാത്ത് തടസ്സപ്പെടുത്തിയുള്ള കച്ചവടവും ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ടൗണിൽ ആകെ 289 അംഗീകൃത വഴിയോരക്കച്ചവടക്കാർ ഉള്ളതായാണ് അധികൃതരുടെ കണക്ക്. അടുത്തിടെ നടത്തിയ സർവേയിൽ ഇവരിൽ പലരും ഇപ്പോൾ കച്ചവടം ചെയ്യുന്നില്ലെന്നും കണ്ടെത്തിയിരുന്നു. 203 പുതിയ അപേക്ഷകൾ കൂടി കമ്മിറ്റിയുടെ പരിഗണനയിലേക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

