മായം അവസാനിക്കുന്നില്ല; സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsതൊടുപുഴ: മായം കലർന്നതും കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ജില്ലയിൽ നടപടി തുടരുന്നു. ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനം താൽക്കാലികമായി അടപ്പിക്കുകയും നാലു സ്ഥാപനങ്ങൾക്ക് പിഴയോടുകൂടി നോട്ടീസ് നൽകുകയും ചെയ്തു. പാലും 14 കിലോ മീനുമടക്കം നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ജൂൺ ഒന്നിനുശേഷം ഇതുവരെ ജില്ലയിൽ 38 പരിശോധനകളാണ് നടത്തിയത്. ഉടുമ്പൻചോല താലൂക്കിൽ സേനാപതി പഞ്ചായത്തിലെ കൂൾബാറിൽനിന്ന് കാലവധി കഴിഞ്ഞ 12 പാക്കറ്റ് പാലും പലചരക്ക് കടയിൽനിന്ന് മറ്റ് ഭക്ഷ്യവസ്തുക്കളും പിടികൂടി നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങൾക്കും പിഴയോടെ നോട്ടീസ് നൽകി. ദേവികുളം താലൂക്കിലെ ആനച്ചാലിലും അടിമാലിയിലും പ്രവർത്തിക്കുന്ന രണ്ട് ഹോട്ടലുകൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി.
തൊടുപുഴ താലൂക്കിലെ ഉണ്ടപ്ലാവിൽ പ്രവർത്തിക്കുന്ന ബോർമയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് രണ്ടു ദിവസത്തേക്ക് അടപ്പിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. അപാകതകൾ പരിഹരിച്ചതിനെത്തുടർന്ന് രണ്ടു ദിവസം കഴിഞ്ഞ് സ്ഥാപനം തുറക്കാൻ അനുമതി നൽകി. ഇവിടെ ഭക്ഷ്യവസ്തുക്കൾ വറത്തിടുന്നത് വൃത്തിഹീനമായ പ്രതലത്തിലാണെന്നും കണ്ടെത്തിയിരുന്നു. തൊടുപുഴയിൽതന്നെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച പപ്പട നിർമാണ കേന്ദ്രത്തിനും പിഴയോടെ നോട്ടീസ് നൽകി. പീരുമേട് താലൂക്കിൽ വണ്ടിപ്പെരിയാറിൽ ഗുണനിലവാരമില്ലാത്ത മീൻ വിറ്റതിനും ലൈസൻസില്ലാതെ പ്രവർത്തിച്ചതിനും ഒരു മത്സ്യവിൽപനശാലക്ക് പിഴയോട് കൂടി നോട്ടീസ് നൽകി.
ഉപയോഗയോഗ്യമല്ലാത്ത 14 കിലോയോളം മത്സ്യം ഇവിടെനിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധനകൾക്ക് ഭക്ഷ്യസുരക്ഷ ഓഫിസർമാരായ എം.എൻ. ഷംസിയ, എസ്. പ്രശാന്ത്, ആൻ മേരി ജോൺസൺ, ബൈജു പി. ജോസഫ് എന്നിവർ നേതൃത്വം നൽകി. ലോക ഭക്ഷ്യസുരക്ഷ ദിനവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോധവത്കരണ ക്ലാസുകളും ക്വിസ്, ഡിബേറ്റ് മത്സരങ്ങളും ആരോഗ്യമുള്ള ഭക്ഷണം എന്ന വിഷയത്തിൽ ഭക്ഷ്യമേളയും സംഘടിപ്പിച്ചതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

