പ്രകൃതിയെ തൊട്ട് അറിവിനെ പുൽകി ഒരു മുത്തച്ഛൻ സ്കൂൾ
text_fieldsതൊടുപുഴ: സ്കൂളിന് മുന്നിൽ മണ്ണിൽ വേരാഴ്ത്തി പടർന്ന് പന്തലിച്ച് നിൽക്കുന്നത് ഒരു ആൽമരമുണ്ട്. ഇതിന്‍റെ തണലിൽ മരങ്ങളെയും ചെടികളെയും തലോടിയും പൂത്തുമ്പികളെയും ചിത്രശലഭങ്ങളെയും കണ്ടും തൊട്ടും തലോടിയും നടക്കുന്ന കുട്ടികൾ. പ്രകൃതിയോട് ഇണങ്ങി വളരാൻ കുട്ടികൾക്ക് വേറിട്ട പഠനാനുഭവം സമ്മാനിക്കുകയാണ് തൊടുപുഴ ഡയറ്റ് ലാബ് സ്കൂൾ . മികച്ച ജൈവ വൈവിധ്യ പാർക്കാണ് സ്കൂളിന്‍റെ മുഖ്യ ആകർഷണം.
പ്രകൃതി സുന്ദരമായ ഒരിടത്തിലേക്ക് എത്തിച്ചേർന്ന ഒരു പ്രതീതിയാണ് സ്കൂളിലെത്തുന്ന ഒരാർക്ക് ആദ്യം ഉണ്ടാകുക. സ്കൂൾവളപ്പിൽ ചമത, അരണ, നീർമരുത്, പ്ലാവ്, മന്ദാരം, ഇലഞ്ഞി, വേങ്ങ, മുള്ളുവേങ്ങ, മഹാഗണി, പൊങ്ങല്യം, തേക്ക്, പൂവരശ്, ഞാവൽ, ചെമ്പകം, നെല്ലി, ഞാറ, മരോട്ടി, ദന്തപ്പാല, അത്തി, കാഞ്ഞിരം, കടമ്പ്, ഉങ്ങ്, കണിക്കൊന്ന തൊണ്ടി എന്നിങ്ങനെയുള്ള വൃക്ഷങ്ങളുടെ വൈവിധ്യം ആരെയും ആകർഷിക്കും. പൂച്ചെടികളുടെ വൈവിധ്യവും പാർക്കിലെ പ്രധാന കാഴ്ചയാണ്.
196 വർഷത്തെ പ്രവർത്തന പാരമ്പര്യവും ഈ സ്കൂളിനെ വേറിട്ടതാക്കുന്നുണ്ട്. ഒന്നരയേക്കർ സ്ഥലത്താണ് സ്കൂളിലെ ജൈവവൈവിധ്യ പാർക്ക് സ്ഥിതിചെയ്യുന്നത്. പാഠപുസ്തകങ്ങളിൽ പറയുന്ന എല്ലാ പഠന പ്രവർത്തനങ്ങളും ക്ലാസ് മുറിയിലും സ്കൂൾ പരിസരങ്ങളിലുമായി ഒരിക്കിയിട്ടുണ്ടെന്നുള്ളതും സ്കൂളിന്‍റെ എടുത്തു പറയാവുന്ന പ്രത്യേകതയാണ്.
സയൻസ് പാർക്ക്, കാറ്റാടി യന്ത്രം, സോളാർ പാനൽ, ശിശു സൗഹൃദ ഇരിപ്പിടങ്ങൾ, എല്ലാ ക്ലാസിലും കമ്പ്യൂട്ടർ, ശാസ്ത്ര ലാബ്, ഗണിത ലാബ്, കിഡ്സ് പാർക്ക് എന്നിവയെല്ലാം സ്കൂളിൽ കുട്ടികൾക്ക് മികച്ച പഠനാനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ 80 കുട്ടികളാണ് പഠിക്കുന്നത്. നൂറ്റാണ്ടിന്‍റെ ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്ന ഈ സ്കൂൾ പഴമക്കാരുടെ മനസ്സിലും ഒരു പോലെ ഇടം നേടി നിൽക്കുന്നു.
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ കുടുംബങ്ങളുമായി അധ്യാപകർ നിരന്തരം പുലർത്തുന്ന സമ്പർക്കവും വേറിട്ട മാതൃകയാണ്. കുട്ടികളുടെ കുടുംബങ്ങളുമായി അധ്യാപകർ നിരന്തരം സമ്പർക്കം പുലർത്തുന്നത് കുട്ടികളുടെ പഠന നിലവാരവും ഭൗതിക സാഹചര്യവുമൊക്കെ മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം തന്നെ കുട്ടികൾക്ക് രുചികരമായ ഭക്ഷണം ഉറപ്പു വരുത്താൻ അധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ നിന്ന് ഒരു നിശ്ചിത തുക മാറ്റിവെക്കുന്നുണ്ട്.
സ്കൂളിലെത്തിയാൽ കുട്ടികൾക്ക് വൈകുന്നേരം വരെ തിളപ്പിച്ചാറിയ വെള്ളം നൽകി വരുന്നു. കോവിഡ് സാഹചര്യത്തെ തുടർന്നാണ് ഈ ശീലം തുടങ്ങിയത്. പ്രകൃതിയോട് ഇണങ്ങി വളരാൻ കുട്ടികളെ സജ്ജരാക്കുന്നതിനായി സ്കകൂളിനെ പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിനുള്ള പരിപാടിയും നടപ്പാക്കി വിജയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

