മായമില്ലാത്ത വിപണി; പരിശോധന ശക്തം
text_fieldsഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന
തൊടുപുഴ: ഓണവിപണിയിൽ മായംകലർന്ന ഭക്ഷ്യവസ്തുക്കൾ വിൽപനക്കുണ്ടാവില്ലെന്ന് ഉറപ്പാക്കാൻ ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കർശനമാക്കി. മൂന്ന് സ്ക്വാഡുകളായാണ് പരിശോധന. ഫുഡ് സേഫ്ടി ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പരമാവധി മൂന്നുപേരുണ്ടാകും. തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി താലൂക്കുകൾ കേന്ദ്രീകരിച്ചാണ് സ്ക്വാഡ് പ്രവർത്തനം. ഈ മാസം ആദ്യം തുടങ്ങിയ പരിശോധന ഉത്രാടംദിനം വരെയുണ്ടാകും.
ഇതുവരെ 113 കേസുകൾ
ജില്ലയിൽ ഇതുവരെ 113 കേസുകൾ രജിസ്റ്റർ ചെയ്തു. ഉടുമ്പൻചോലയിലും ഇടുക്കിയിലുമായി നടത്തിയ അദാലത്തിൽ 1.3 ലക്ഷം രൂപയാണ് പിഴയീടാക്കിയത്. കച്ചവടത്തിനായി ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്നത് മുൻകൂട്ടി കണ്ട് ഇതിന് തടയിടുകയാണ് പരിശോധനയുടെ ലക്ഷ്യം. പ്രധാനമായും ഭക്ഷണ സാധനങ്ങൾ ഉൽപാദിപ്പിക്കുന്നതും സംഭരിക്കുന്നതും വിൽപന നടത്തുന്നതുമായ സ്ഥാപനങ്ങളിലാണ് പരിശോധന.
ശുചിത്വം ഉറപ്പാക്കാൻ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറിയടക്കമുള്ള ഭക്ഷണവിൽപന ശാലകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന പുരോഗമിക്കുകയാണ്. നിയമവിരുദ്ധ സ്ഥാപനങ്ങളിലെ ആഹാര സാധനങ്ങൾ എറണാകുളം കാക്കനാട് ലാബിൽ അയച്ച് പരിശോധിച്ചശേഷം മറ്റു നിയമനടപടികൾ പൂർത്തീകരിച്ച് കോടതി നിർദേശപ്രകാരമാണ് കേസെടുക്കുക. ഇതിന് കാലതാമസമുണ്ടാകും.
മായമുണ്ടോ? വിളിക്കാം
ടോൾ ഫ്രീ നമ്പർ 18004251125
ഗുണനിലവാരമില്ലാത്തതോ മായംചേർത്തതോ ആയ ഭക്ഷണപദാർഥങ്ങളുടെ ഉത്പാദനം വിതരണം ലൈസൻസില്ലാത്ത വിൽപന എന്നിവ ശ്രദ്ധയിൽപെട്ടാൽ 18004251125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. ജില്ലയിൽ മാസങ്ങളായി പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ഓണത്തോടനുബന്ധിച്ച് ഇത് ഒന്നുകൂടി ഊർജിതമാക്കിയതായും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

