കൂറ്റൻ പാറക്കല്ല് ഉരുണ്ടിറങ്ങി; റോഡും കൃഷിയിടവും തകർന്നു
text_fields1.കലയന്താനി -പറമ്പുകാട്ട്മല റോഡ് പാറക്കല്ല് വീണ് തകർന്ന നിലയിൽ, 2. മലമുകളിൽനിന്ന് പതിച്ച കൂറ്റൻ പാറക്കല്ല്
തൊടുപുഴ: മലമുകളിൽനിന്ന് 750 മീറ്ററോളം ഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ല് പതിച്ച് റോഡും കൃഷിയിടവും തകർന്നു.ആലക്കോട് പഞ്ചായത്തിലെ കലയന്താനി -പറമ്പുകാട്ടുമല റോഡും സമീപത്തെ കൃഷിഭൂമിയുമാണ് തകർന്നത്. തിങ്കളാഴ്ച രാത്രി 12 ന് ശേഷമാണ് പ്രദേശവാസികളെ നടുക്കിയ സംഭവം.
വലതുവശത്തെ ഉയരം കൂടിയ മലമുകളിൽനിന്ന് മണ്ണും മരങ്ങളും തകർത്ത് ഉരുണ്ടുവന്ന പാറക്കല്ല് റോഡിൽ വീണ ശേഷം ഇടതുവശത്ത് താഴ്ചയേറിയ കൃഷിയിടത്തിൽ പതിക്കുകയായിരുന്നു. ഭീകരശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.
കല്ല് ഉരുണ്ടുവന്ന വഴിയിലും തൊട്ടടുത്തും ജനവാസമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കല്ലുപതിച്ച് റോഡ് പലയിടത്തും വിണ്ടുകീറുകയും വലിയ കുഴികൾ രൂപപ്പെടുകയും സംരക്ഷണഭിത്തി ഇടിയുകയും ചെയ്തു. റോഡിൽനിന്ന് താഴെയുള്ള മരത്തിൽ തട്ടിയാണ് കല്ല് നിന്നത്. കല്ല് പതിച്ച് റോഡിന് മുകളിലും താഴെയുമായി ആഞ്ഞിലി, പ്ലാവ്, റബർ എന്നിവയടക്കം നിരവധി മരങ്ങൾ ഒടിഞ്ഞു. ഉരുൾപൊട്ടലിന് സമാനമായാണ് ഇവിടെ കൃഷിഭൂമി നശിച്ചത്. ഏറെനാളായി തകർന്നുകിടന്ന പറമ്പുകാട്ടുമല പൊതുമരാമത്ത് റോഡ് അടുത്തിടെയാണ് റീടാറിങ് ചെയ്തത്.
രണ്ട്ദിവസത്തെ കനത്ത മഴയിൽ മണ്ണ് കുതിർന്നതാണ് പാറ പതിക്കാൻ കാരണമെന്ന് കരുതുന്നു. ദിവസവും നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളടക്കം യാത്രക്കാരും സഞ്ചരിക്കുന്ന റോഡിന് സമീപത്തെ മലമുകളിൽ ഇനിയും ഇത്തരം പാറക്കല്ലുകൾ ഉള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. ആലക്കോട്, കരിമണ്ണൂർ വില്ലേജ് അധികൃതരും ആലക്കോട് പഞ്ചായത്ത് പ്രതിനിധികളും സംഭവസ്ഥലം സന്ദർശിച്ചു. ശേഷിക്കുന്ന പാറക്കല്ലുകൾ പൊട്ടിച്ചുനീക്കി അപകടഭീഷണി ഒഴിവാക്കാൻ നടപടി അഭ്യർഥിച്ച് കലക്ടർക്ക് കത്തയച്ചതായി ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

