ഇടുക്കിയിൽ ഒന്നാം ക്ലാസിലെത്തുന്നത് 5506 കുട്ടികള്‍
text_fieldsവിദ്യാർഥികളെ വരവേൽക്കാൻ ക്ലാസ് മുറികൾ അണിയിച്ചൊരുക്കുന്ന അധ്യാപകർ.
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽനിന്നുള്ള ദൃശ്യം
തൊടുപുഴ: വിദ്യാലയ മുറ്റങ്ങളില്‍ വ്യാഴാഴ്ച മുതൽ കളിചിരികളുണരും. മഴയുടെ മണിക്കിലുക്കത്തിന്റെ താളത്തില്‍ പ്രവേശനോത്സവത്തിന്റെ ആഹ്ലാദനിമിഷങ്ങളിലേക്ക് മണിയടിച്ചുണരാന്‍ ജില്ലയിലെ സ്കൂളുകളും കുഞ്ഞുങ്ങളും ഒരുങ്ങി. രണ്ടുമാസമായി ഉറങ്ങിക്കിടന്നിരുന്ന ക്ലാസ് മുറികള്‍ക്ക് ഇന്ന് കുട്ടികളുടെ കലപിലകളോടെ ജീവന്‍വെക്കുമ്പോള്‍ അവധിക്കാല വിശേഷങ്ങളേറെയുണ്ട് അവര്‍ക്ക് പങ്കുവെക്കാന്‍.
സ്കൂളുകളില്‍ പുതിയൊരു അധ്യയന വര്‍ഷത്തിന്റെ ആരവങ്ങളുയരുമ്പോള്‍ നാടും ഉണരുകയാണ്. പുത്തനുടുപ്പിട്ട് വര്‍ണക്കുടചൂടി അക്ഷരമുറ്റങ്ങളിലേക്കെത്തുന്ന ആയിരക്കണക്കിന് കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തുടക്കത്തിന്റെ മധുരാനുഭവം പകരാന്‍ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയ മാനേജ്മെന്റുകള്‍ പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 496 സ്കൂളുകളിലായി ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയത് 5506 കുട്ടികളാണ്. പ്രവേശന പ്രകിയ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ കുട്ടികള്‍ സ്കൂളുകളില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളും മികച്ച കെട്ടിടങ്ങളും ഹൈടെക് ക്ലാസ് മുറികളുമൊക്കെയായി പൊതുവിദ്യാഭ്യാസ രംഗം മാറിയതോടെ അക്കാദമിക് മികവിലും വലിയ മുന്നേറ്റം സംഭവിച്ചു.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ഇതാണ് വ്യക്തമാക്കുന്നത്. ജില്ലതല പ്രവേശനോത്സവം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പണിക്കന്‍കുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷതവഹിക്കും. അഡ്വ. ഡീന്‍. കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

