കാട്ടാന ശല്യം; ഒരുങ്ങുന്നത് 52 കോടിയുടെ പദ്ധതി
text_fieldsതൊടുപുഴ: ജനവാസ മേഖലയിൽ തുടർച്ചയായി കാണുന്ന കാട്ടാനകളെ നിരീക്ഷിക്കുകയും ആവശ്യമായ മുന്നറിയിപ്പ് വിനോദസഞ്ചാരികളെയും പൊതുജനങ്ങളെയും അറിയിക്കാനും നടപടി ഉണ്ടാകുമെന്ന് വനം വകുപ്പ്. കാട്ടാനകൾ ജനവാസമേഖലകളിലിറങ്ങുന്നത് തടയാൻ ഊർജിത നടപടിയെടുക്കും. ഇതിനായി 52 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നും ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്. അരുണും വൈൽഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദും പറഞ്ഞു. ആനകളിറങ്ങിയാൽ പൊതുജനങ്ങൾക്ക് ഫോണിൽ മെസേജ് ലഭിക്കുന്ന എസ്.എം.എസ് അലർട്ട് സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കും.
ജില്ലയിൽ നാല് സ്ഥിരം റാപിഡ് റെസ്പോൺസ് ടീമും (ആർ.ആർ.ടി) ഒമ്പത് താത്കാലിക ആർ.ആർ.ടിയുമാണുള്ളത്. പ്രദേശവാസികളായ വളന്റിയർമാരെ ഉൾപ്പെടുത്തിയുള്ള പ്രൈമറി റെസ്പോൺസ് ടീമിന് പരിശീലനം നൽകും. മൂന്നാറിൽ എട്ട് പ്രൈമറി റെസ്പോൺസ് ടീം നിലവിലുണ്ട്. ഇവ ശക്തിപ്പെടുത്തും. മാങ്കുളത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച എ.ഐ കാമറ നിരീക്ഷണ സംവിധാനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ രൂപരേഖയുടെ കരട് തയാറാക്കി വരുകയാണെന്ന് ഇരുവരും പറഞ്ഞു.
മൂന്നാറിലെ കല്ലാറിൽ ടാറ്റയുടെ ഭൂമിയിൽ പ്രവർത്തിച്ചുവരുന്ന പഞ്ചായത്തിലെ മാലിന്യസംസ്കരണ യൂനിറ്റിൽ ആനകളെ പ്രതിരോധിക്കുന്നതിനുള്ള സൗരോർജവേലി സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഇത് നടപ്പാക്കുന്നതോടെ വലിയൊരളവിൽ കാട്ടാനകൾ മൂന്നാർ ടൗൺ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ സാധിക്കും. ഇതുകൂടാതെ വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ സാധ്യതയുള്ള മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളും ലൈറ്റുകളും സ്ഥാപിക്കാൻ തീരുമാനിച്ചു.
വന്യജീവികൾ നിരന്തരം കാണപ്പെടുന്ന ലയങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, ആദിവാസിക്കുടികൾ എന്നിവിടങ്ങളിൽ സോളാർ ലൈറ്റടക്കമുള്ളവ സ്ഥാപിക്കാൻ പഞ്ചായത്തുകളോട് അഭ്യർഥിച്ചിട്ടുണ്ട്. നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ തുടരും. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുള്ള എ.ഐ നിരീക്ഷണ സംവിധാനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു.
വനം വകുപ്പ് റിപ്പോര്‍ട്ട് തൃപ്തികരമല്ല -മനുഷ്യാവകാശ കമീഷന്
തൊടുപുഴ: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമീഷന്. ചൊവ്വാഴ്ച തൊടുപുഴയില്‍ നടത്തിയ സിറ്റിങ്ങിലാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന് ചെയര്പേഴ്സന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശം നല്‍കിയത്.
വനം ചീഫ് കണ്‍സര്‍വേറ്റര്‍, ഡി.എഫ്.ഒ, കലക്ടറുടെ പ്രതിനിധി എന്നിവരാണ് ഇന്നലെ കമീഷനു മുമ്പാകെ ഹാജരായത്. കാട്ടാന പ്രതിരോധത്തിന് സ്വീകരിച്ച നടപടി ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് കമീഷന് നിര്‍ദേശിച്ചത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷന് സംഭവത്തില്‍ സ്വമേധയ കേസെടുത്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിനായി വനം വകുപ്പ് മേധാവിയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ വനം, റവന്യൂ, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് ചെയര്പേഴ്സന് ഉത്തരവിട്ടിരുന്നു.
വന്യജീവികള്‍ ജനവാസമേഖലയില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് എം.പി, എം.എല്‍.എ, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ അറിയണമെന്നും കമീഷന് ആവശ്യപ്പെട്ടിരുന്നു. വന്യജീവി ആക്രമണം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി ഫലപ്രദമായ പ്രതിരോധ നടപടികള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നാണ് കമ്മീഷന് ആവശ്യപ്പെട്ടത്.
വന്യമൃഗ ശല്യം; മൂന്നാറിൽ യോഗം ചേർന്നു
തൊടുപുഴ: പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകളുടെ ശല്യം പ്രദേശത്ത് അതിരൂക്ഷമായതോടെ പ്രശ്ന പരിഹാരത്തിന് എ. രാജ എം.എൽ.എയുടെ നേതൃത്വത്തിൽ മൂന്നാറിൽ യോഗം ചേർന്നു. വനം വകുപ്പിന്റെ ആർ.ആർ.ടി സംഘത്തിന്റെ നിരീക്ഷണം ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ദേശീയ-സംസ്ഥാന പാതകളിൽ ഇറങ്ങുന്ന കാട്ടാനകളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ഏർപ്പെടുത്തും. കൂടാതെ മേഖലയിലെ പ്രശ്നക്കാരായ കാട്ടാനകളായ പടയപ്പ, ഒറ്റക്കൊമ്പൻ, ചക്കക്കൊമ്പൻ തുടങ്ങിയ ആനകളെയും നിരീക്ഷിക്കും.
ആനകളുടെ സാന്നിധ്യം സംബന്ധിച്ച് വിവരം നൽകുന്നതായി പ്രദേശവാസികളെ ഉൾപ്പെടുത്തി പ്രൈമറി റെസ്പോൺസ് ടീം രൂപവത്കരിക്കും. ഇവർക്ക് വേണ്ട പരിശീലനം വനം വകുപ്പ് നൽകും. 54 കാട്ടാനകളാണ് മൂന്നാർ മേഖലയിലുള്ളത്. ഇവയിൽ പ്രശ്നക്കാരായ ആനകളെ കാട്ടിലേക്ക് തുരത്തുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ, യോഗത്തിൽ വനം വകുപ്പിനെതിരെ രൂക്ഷവിമർശനമുയർന്നു. വന്യമൃഗ ആക്രമണം തടയുന്നതായി പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും നടപ്പാക്കിയിട്ടില്ലെന്നും ജീവനും സ്വത്തും നഷ്ടപ്പെട്ട പലർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും യോഗത്തിൽ നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

