കുടിശ്ശിക 30 കോടി: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി വൈദ്യുതി ബോർഡ്
text_fieldsതൊടുപുഴ: 2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് ജില്ലയിൽ വൈദ്യുതി ബോര്‍ഡിന് ഉപഭോക്താക്കളില്‍നിന്ന് ലഭിക്കാനുള്ള കുടിശ്ശിക 30 കോടിയിലേറെ. സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള കുടിശ്ശിക 19.73 കോടിയാണ്. ഇതിൽ പൊലീസ്, സർക്കാർ ആശുപത്രികൾ, തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ വരും.
സ്വകാര്യ മേഖലകളിൽ 5.49 കോടിയും പിരിഞ്ഞുകിട്ടാനുണ്ട്. വാട്ടർ അതോറിറ്റിയടക്കം വിവിധ വകുപ്പുകളിൽനിന്നുള്ള കുടിശ്ശിക 30.78 കോടിയാണ്. പൂട്ടിക്കിടക്കുന്ന തേയില ഫാക്ടറികളിൽനിന്ന് ഉൾപ്പെടെ തുക പിരിഞ്ഞ് കിട്ടാനുണ്ട്.
അതേസമയം, കുറഞ്ഞ പലിശനിരക്കില്‍ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാൻ വൈദ്യുതി റെഗുലേറ്ററി കമീഷന് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് ജൂലൈ 19ലെ ഉത്തരവിലൂടെയാണ് അംഗീകാരം നല്‍കിയത്. നിലവില്‍ രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി കുറഞ്ഞ പലിശ നിരക്കില്‍ കുടിശ്ശിക തീര്‍ക്കാനാകുക. 2023 ജൂലൈ 20 മുതല്‍ 2023 ഡിസംബര്‍ 30 വരെയായിരിക്കും പദ്ധതിയുടെ കാലാവധി.
കുടിശ്ശികക്ക് നിലവില്‍ വൈദ്യുതി ബോര്‍ഡ് 18 ശതമാനം പിഴപ്പലിശയാണ് ഈടാക്കുന്നത്. എന്നാല്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം രണ്ടു മുതല്‍ അഞ്ചുവര്‍ഷം വരെയുള്ള കുടിശ്ശികക്ക് ആറു ശതമാനം പലിശയും അഞ്ചു മുതല്‍ 15വര്‍ഷം വരെയുള്ള കുടിശ്ശികക്ക് അഞ്ച് ശതമാനം പലിശയും 15 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശ്ശികക്ക് നാല് ശതമാനം പലിശയും നല്കിയാല് മതിയാകും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് മുതലും പലിശയും തിരിച്ചടക്കാൻ 12 തവണവരെ അനുവദിക്കും.
കോടതി നടപടികളില്‍ കുടുങ്ങിയവയും കുടിശ്ശിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടച്ചുതീര്‍ക്കാനാവും. വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന വൈദ്യുതി കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍ക്ക് കാലയളവില്‍ അടക്കേണ്ട മിനിമം ഡിമാൻഡ് ചാര്‍ജ് പുനര്‍നിർണയം ചെയ്ത് മിനിമം ഡിമാൻഡ് ചാര്‍ജില്‍ കുറവുവരുത്തി പിരിച്ചെടുക്കാനും വൈദ്യുതി ബോര്‍ഡിന് നിർദേശം നല്‍കിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം തേടിയ ഉപഭോക്താക്കളില്‍ പലകാരണങ്ങളാല്‍ മേല്‍പദ്ധതി വഴി കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ മികവ് കാണിക്കുന്ന സെക്ഷന്‍ ഓഫിസുകള്‍, സബ്ഡിവിഷന് ഓഫിസുകള്‍, ഡിവിഷന് ഓഫിസുകള്‍, സര്‍ക്കിള്‍ ഓഫിസുകള്‍ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റിവും പ്രോത്സാഹനവും നല്‍കണമെന്നും കമീഷന് വൈദ്യുതി ബോര്‍ഡിനോട് നിർദേശിച്ചിട്ടുണ്ട്.

