2630 കുടുംബങ്ങൾ അതിദരിദ്രം; തനിച്ച് താമസിക്കുന്നവർ 1956
text_fieldsതൊടുപുഴ: സർക്കാറിന്‍റെയും മറ്റ് ഏജൻസികളുടെയും നിരവധിയായ ക്ഷേമപദ്ധതികൾക്കിടയിലും ജില്ലയിൽ 2630 അതിദരിദ്ര കുടുംബങ്ങൾ. ഇതിൽ 1956 കുടുംബങ്ങളിലും ഒരാൾ മാത്രമാണ് താമസം. ആവശ്യത്തിന് ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്ത 1710 പേരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണ വിഭാഗവുമായി ചേർന്ന് തദ്ദേശവകുപ്പ് നടത്തിയ വിശദ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ അന്തിമ പട്ടികയിലാണ് ഈ വിവരങ്ങൾ.
52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി 3,45,317 കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ 0.76 ശതമാനം കുടുംബങ്ങളാണ് അതിദരിദ്രർ എന്നാണ് സർവേയിലെ കണ്ടെത്തൽ. അതിദരിദ്ര കുടുംബങ്ങളിലെ 1710പേർ മതിയായ ഭക്ഷണത്തിന്‍റെയും പോഷകാഹാരത്തിന്‍റെയും കുറവ് മൂലം പട്ടികയിൽ ഉൾപ്പെട്ടവരാണ്. 1981പേർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. 2,515 പേർ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ വരുമാനശേഷി ഇല്ലാത്തവരാണ്. 1401 പേർക്ക് കിടപ്പാടമില്ലെന്നും സർവേയിൽ കണ്ടെത്തി.
722 അതിദരിദ്രർ പട്ടികജാതി, പട്ടികവർഗം, തീരവാസികൾ, നഗരദരിദ്രർ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സാമൂഹിക വിഭാഗത്തിൽപ്പെട്ടവരാണ്. അതിദരിദ്രരായ 128പേരുടെ കുടുംബങ്ങളിൽ അനാഥ കുട്ടികൾ ഉണ്ട്. പട്ടികയിൽ ഇവരെ സാമൂഹിക ദുർബല വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
2630 അതിദരിദ്ര കുടുംബങ്ങളിൽ 2359 എണ്ണം പഞ്ചായത്ത് പരിധിയിലും 271 എണ്ണം കട്ടപ്പന, തൊടുപുഴ നഗരസഭ പരിധിയിലുമാണ്. ഇവയിൽ 233 എണ്ണം പട്ടികവർഗ കുടുംബങ്ങളും 594 എണ്ണം പട്ടികജാതി കുടുംബങ്ങളും 1839 എണ്ണം മറ്റ് വിഭാഗങ്ങളുമാണ്. തീരദേശവാസികളായ 41 കുടുംബങ്ങൾ പട്ടികയിലുണ്ട്. 364 വീടുകളിൽ രണ്ടുപേരും 167 എണ്ണത്തിൽ മൂന്നുപേരും താമസിക്കുന്നു. മൂന്ന് മാസത്തോളം നീണ്ട സർവേയിൽ ഫോക്കസ് ഗ്രൂപ് ചർച്ചയിലൂടെ പ്രാഥമികമായി തയാറാക്കിയ പട്ടികയിൽ അതിദരിദ്ര കുടുംബങ്ങൾ 4296 ആയിരുന്നു. ഉപസമിതി 3063 എണ്ണമാണ് അംഗീകരിച്ചത്. ഇതിൽനിന്ന് 2694 കുടുംബങ്ങൾ മുൻഗണന പട്ടികയിലും 2630 എണ്ണം അന്തിമ പട്ടികയിലും ഇടംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

