ഇടുക്കി ജില്ലയിലെ 184 ഗ്രാമങ്ങൾ മൊബൈൽ റേഞ്ചിലേക്ക്
text_fieldsതൊടുപുഴ: ജില്ലയിൽ മൊബൈൽ കവറേജും ഇന്റർനെറ്റും ലഭ്യമല്ലാത്ത 89 കേന്ദ്രങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം.
സ്വാതന്ത്രത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ പ്രത്യേക പദ്ധതിയായി വിദൂര ഗ്രാമങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും ഇൻറർനെറ്റും മൊബൈൽ കവറേജും ലഭ്യമാക്കുന്നതിനായി പൂർണമായും കേന്ദ്രസർക്കാറിന്റെ മുതൽ മുടക്കിൽ യൂനിവേഴ്സൽ സർവിസ് ഒബ്ലിഗേഷൻ ഫണ്ട് (യു.എസ്.ഒ.എഫ്) ഉപയോഗിച്ചാണ് ടവറുകൾ സ്ഥാപിക്കുന്നത്. എല്ലാ ടവറുകളും 5ജി ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളിലേക്ക് പരിവർത്തനപ്പെടുത്തുന്നതിന് കഴിയുംവിധമാണ് രൂപകൽപന. കവറേജ് ലഭ്യമല്ലാത്തതും അപര്യാപ്തവുമായ 184 ഗ്രാമങ്ങളിൽ ഉപയുക്തമാക്കാൻ കഴിയുന്ന 89 കേന്ദ്രങ്ങളിലാണ് ടവർ നിർമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായത്. 50 കേന്ദ്രങ്ങൾ നിർമാണം ആരംഭിക്കുന്നതിന് ബി.ഇ.പി.എല്ലിന് കൈമാറിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
ആകെയുള്ള 89 ടവറുകളിൽ 17 എണ്ണം സ്വകാര്യ വ്യക്തികൾ വിട്ടുനൽകുന്നതും 13 എണ്ണം കേന്ദ്രനിർദേശത്തെ തുടർന്ന് വനം വകുപ്പ് വിട്ടുനൽകേണ്ടതും 21 സ്ഥലങ്ങൾ കണ്ണൻ ദേവൻ കമ്പനി വിട്ടുനൽകുന്നതുമായ സ്ഥലത്താണ് നിർമിക്കുന്നത്.
കൊക്കരക്കുളം, പട്ടയക്കുടി തെക്കൻതോണി, കൈതപ്പാറ, അഞ്ചാംമൈൽ എന്നീ അഞ്ച് കേന്ദ്രങ്ങൾക്ക് വനംവകുപ്പിന്റെ അംഗീകാരം ലഭ്യമായിട്ടില്ല.
ഇതിനുള്ള പരിശ്രമങ്ങൾ നടന്നു വരുകയാണെന്ന് എം.പി പറഞ്ഞു. സ്വകാര്യ വ്യക്തികൾ വിട്ടുനൽകേണ്ട 17 എണ്ണത്തിൽ 14 എണ്ണം ബി.എസ്.എൻ.എല്ലിന് ലഭ്യമായിട്ടുണ്ട്. പൊന്നെടുത്താൻ പട്ടയഭൂമി അല്ലാത്തതിനാൽ റവന്യൂ വകുപ്പിന്റെ അനുമതിക്കായി ശ്രമം നടത്തി വരുന്നു. ഗ്രാമ്പിയിൽ സ്ഥലം ലഭ്യമാക്കാൻ പോബ്സൺ മാനേജ്മെൻറിനെ സമീപിച്ചിട്ടുണ്ട്.
പീച്ചാട് ലഭ്യമായ സ്ഥലത്തിന്റെ ഔദ്യോഗിക രേഖകൾ ഇല്ലാത്തതിനാൽ പരിഹാര നടപടികൾ സ്വീകരിക്കണം. അപ്രോച്ച് റോഡിന്റെ ലഭ്യതയിലെ തടസ്സം മൂലം മുട്ടുകാട് നടപടികൾ മന്ദഗതിയിലാണ്. തടസ്സങ്ങളെല്ലാം പൂർത്തീകരിച്ച് ഒക്ടോബറിൽ പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

