ഗുണനിലവാരമില്ലാത്ത സോളാര്‍ പാനല്‍ നല്കി; 2.70 ലക്ഷം നഷ്ടപരിഹാരം നല്കാന് ഉത്തരവ്
text_fieldsകൊച്ചി: ഗുണനിലവാരമില്ലാത്തതും കാലഹരണപ്പെട്ടതുമായ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കി നഷ്ടമുണ്ടാക്കിയെന്ന കേസില്‍ 2.70 ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്. മൂവാറ്റുപുഴ സ്വദേശി ഫ്രാന്‍സിസ് ജോണ്‍, തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ‘റിക്കോ എനര്‍ജി ഇന്ത്യ’ എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. അഞ്ചുവര്‍ഷം വാറന്റിയും അഞ്ചുവര്‍ഷം അധിക വാറന്റിയും ലഭിക്കുമെന്ന ഉറപ്പിലാണ് പരാതിക്കാരന് എതിര്‍കക്ഷിയില്‍നിന്ന് സോളാര്‍ പവര്‍ പ്ലാന്റ് വീട്ടില്‍ സ്ഥാപിക്കുന്നതിന് 2,55,760 രൂപ നല്‍കിയത്. സ്ഥാപിച്ച് വൈകാതെ പ്ലാന്റ് പ്രവര്‍ത്തനരഹിതമായി. കൂടാതെ 2,723 രൂപ കൂടുതലായി വൈദ്യുതി ബില്ലും ലഭിച്ചു.
സാധാരണ 200 രൂപയായിരുന്നു വൈദ്യുതി ബില്ല്. ഈ സാഹചര്യത്തിലാണ് കാലഹരണപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച സോളാര്‍ പാനല്‍ നല്കി കബളിപ്പിച്ചെന്നാരോപിച്ച് പരാതിക്കാരന് കമീഷനെ സമീപിച്ചത്. വലിയ തുക സോളാര്‍ പാനലിന് ചെലവഴിച്ച ശേഷം, വാഗ്ദാനം ചെയ്ത ഫലം ഉപഭോക്താവിന് ലഭിച്ചില്ല എന്നത് വ്യക്തമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. പരാതിക്കാരന് നല്കിയ 2,55,760 രൂപയും നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളില്‍ 15,000 രൂപയും 45 ദിവസത്തിനകം ഉപഭോക്താവിന് നല്കാന് എതിര്‍കക്ഷികള്‍ക്ക് ഉത്തരവ് നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.