അപകടക്കെണിയൊരുക്കി തൊടുപുഴ- പുളിയൻമല സംസ്ഥാന പാത
text_fieldsകുരുതിക്കളത്തിന് സമീപം നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞപ്പോൾ
മൂലമറ്റം : തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയുടെ ഭാഗമായ റോഡുകളിൽ അപകടക്കെണികളേറെയാണ്. അൽപ്പം അശ്രദ്ധ പോലും വൻ അപകടങ്ങളിലെത്തിക്കും.
അറക്കുളം അശോക കവലമുതൽ കുളമാവ് വരെ14 കിലോമീറ്ററിനിടയിൽ അനവധി അപകട വളവുകളും കൊക്കയുമാണുള്ളത്. 12 ഹെയർപിൻ വളവുള്ള ഈ റോഡിൽ ഞായറാഴ്ച ആംബുലൻസ് മറിഞ്ഞാണ് ഒരാൾ മരിച്ചത്.
തുമ്പിച്ചി വളവ്, കുരുതിക്കളത്തിന് സമീപമുള്ള ഒന്നാം വളവ്, മൂന്നാം വളവ്, അഞ്ചാം വളവ്, 11-ാം വളവ്, അണ്ണാച്ചിവളവ് മൈലാടി എന്നീ സ്ഥലങ്ങളിൽ റോഡിന്റെ അലൈൻമെന്റ് ശരിയല്ലാത്തതിനാൽ റോഡിൽ നിന്നും വാഹനങ്ങൾ തെന്നിമാറുന്നതിന് സാധ്യത ഏറെയാണ്. വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുന്നതിനും സാധ്യതയുണ്ട്. ഈ ഭാഗത്തെ വളവുകളിൽ റോഡിന് വീതികൂട്ടിയും സംരക്ഷണ ഭിത്തി നിർമിച്ചും അപകട സാധ്യത കുറക്കാൻ കഴിയും.
ബാരിക്കേഡുകളില്ല; റോഡിന് വീതിയുമില്ല
അറക്കുളം മുതൽ ഇടുക്കി വരെ റോഡിൽ അപകടസാധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ട്. ആവശ്യത്തിന് ബാരിക്കേഡുകൾ സ്ഥാപിക്കാത്തതും വളവുകളിലെ വീതി കുറവും ഇടുക്കി യാത്ര അപകടം നിറഞ്ഞതാക്കുന്നു. കാടുകയറിയ വഴിയോരങ്ങളും സംരക്ഷണ ഭിത്തിയില്ലാത്ത റോഡും ഏറെയാണ്. ഇതോടൊപ്പം പലയിടങ്ങളിലും റോഡിന് ആവശ്യമായ ഷോൾഡറുകൾ ഇല്ലാത്തതും അപകട കാരണമാകുന്നുണ്ട്. പല സ്ഥലങ്ങളിലും സംരക്ഷണ ഭിത്തിയില്ല.
മുന്നറിയിപ്പു ബോർഡുകളുമില്ല. അറക്കുളം മുതൽ ഇടുക്കി വരെ പ്രദേശത്താണ് അപകട സാധ്യതയേറെ. വഴിവിളക്കുകളോ മറ്റോ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇവിടെ റോഡിൽ നിന്നും വാഹനങ്ങൾ ഗതിമാറി പോയാലും പെട്ടെന്നറിയില്ല. കൂടാതെ മഴയും മഞ്ഞും ഉള്ള സമയങ്ങളിൽ വെള്ളം വീണ് റോഡിൽ വാഹനങ്ങൾ തെന്നി മാറുന്നതിനും സാധ്യതയുണ്ട്.
കുരുതിക്കളം ഒന്നാം വളവിൽ നിന്ന് നിയന്ത്രണം വിട്ട ലോറി 250 അടിയിലേറെ താഴേക്ക് മറിഞ്ഞ് ലോറി ഓടിക്കുകയായിരുന്ന എൻജിനീയറിങ് വിദ്യാർത്ഥിയായ പാലാ ചെമ്പിളാവ് മംഗലത്തിൽ അജോ കുര്യൻ മരിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. കൂടെയുണ്ടായിരുന്ന അമൽ ടോമിക്കും സാരമായി പരിക്കേറ്റിരുന്നു. ഒന്നാം വളവിലെ ഗട്ടറിൽ വീണ ലോറിയുടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

