തുള്ളിയില്ല കുടിവെള്ളം; ബില്ലാണെങ്കിലോ യഥേഷ്ടം...!!
text_fieldsകാഞ്ഞാർ: കുടിവെള്ളം ലഭിച്ചില്ലേലും ബില്ലിന് ഒരു കുറവും ഇല്ലെന്ന് പരാതി. കാഞ്ഞാർ ടൗണിനു സമീപമാണ് കുടിവെള്ള വിതരണം പതിവായി മുടങ്ങുന്നത്. ഒരുവർഷത്തിലേറെയായി ശുദ്ധജലമില്ലെങ്കിലും നല്ല ബിൽ എല്ലാമാസവും വരുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. 3000 രൂപ മുകളിൽ ബിൽ ലഭിച്ചവരും ഇവിടെയുണ്ട്.
പലതവണ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും ശുദ്ധജലം ലഭ്യമാക്കാൻ നടപടിയെടുത്തിട്ടില്ല. ഒരിക്കൽ പൈപ്പ് നോക്കാൻ അതോറിറ്റി ആളെ അയച്ചെങ്കിലും വിതരണ പൈപ്പ് കണ്ടില്ലെന്നു പറഞ്ഞു മടങ്ങിയതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ, ബിൽ അയക്കുന്നതിനുമാത്രം മുടക്കമില്ല. ഇതേക്കുറിച്ച് പരാതി പറഞ്ഞു വീണ്ടും അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥർ മീറ്ററിൽ റീഡിങ് മാറുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന് മീറ്റർ അഴിച്ചു പരിശോധിച്ചപ്പോൾ തകരാറില്ലെന്നും വെള്ളം വരാത്തതിനാലാണ് മീറ്റർ പ്രവർത്തിക്കാത്തതെന്നും സമ്മതിച്ചു. എന്നാൽ, വെള്ളം എത്തിക്കാൻ നടപടിയെടുക്കാൻ ആരും തയാറായിട്ടില്ല.
ജലവിഭവ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലാണ് ഇത്തരത്തിൽ മീറ്റർ അനങ്ങാതെ ഒരു കോളനിയിലെ എല്ലാ ആളുകൾക്കും ബിൽ അയക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പരാതികൾ നേരത്തേ തൊടുപുഴയിലാണ് നൽകിയിരുന്നത്. എന്നാൽ, ഇടുക്കിയിൽ പുതിയ ഓഫിസ് വന്നതോടെ ലോറേഞ്ചിലുള്ള അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളെയും ഇടുക്കി ഓഫിസിലേക്ക് മാറ്റി. ഇതോടെ പരാതി നൽകാനും പരിഹാരത്തിനും താമസം നേരിടുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. ലഭിച്ച ബിൽ അടക്കില്ലെന്ന് കോളനിയിലുള്ളവർ പരാതി എഴുതിക്കൊടുത്തിരിക്കുകയാണ്. പ്രദേശത്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

