സർക്കാർ ആശുപത്രികളിൽ മതിയായ ഡോക്ടർമാരില്ല; ഇങ്ങനെ മതിയോ, ഇടുക്കിയുടെ ആരോഗ്യം
text_fieldsതൊടുപുഴ: ആവശ്യത്തിന് ഡോക്ടർമാരിലാത്തത് സർക്കാർ ആശുപത്രികളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. പലയിടത്തും ചികിത്സ തന്നെ താളം തെറ്റുന്ന സാഹചര്യമാണിപ്പോൾ. താലൂക്ക്ആശുപത്രികൾ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊന്നും സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ഡോക്ടർമാരില്ലാത്തത് മലയോര ജില്ലക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ആശുപത്രികളിൽ എത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തുനിന്നാണ് ചികിത്സ തേടുന്നത്.
അസി. സർജൻ-മെഡിക്കൽ ഓഫിസർ -46, സിവിൽ സർജൻ -നാല്, സ്പെഷാലിറ്റി ഡോക്ടർമാർ -15 ഉൾപ്പെടെ 65 തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒഴിവുകൾ നികത്താതെയും കാലാനുസൃതമായി പുതിയ തസ്തിക ഉണ്ടാക്കാത്തതും ജോലിഭാരം വർധിക്കുന്നുവെന്ന് ഡോക്ടർമാരുടെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. താലൂക്ക് ആശുപത്രിയിലും ജില്ല ആശുപത്രിയിലും ആവശ്യം ഉണ്ടായിരിക്കേണ്ട സീനിയർ ഡോക്ടർമാരുടെ അഭാവത്തിൽ പലപ്പോഴും പി.ജി വിദ്യാർഥികളും ഹൗസ് സർജന്മാരുമാണ് രോഗികളെ പരിശോധിക്കുന്നത്.
മാത്രമല്ല താലൂക്ക് ആശുപത്രികളിലും മറ്റും വൈകുന്നേരങ്ങളിൽ എത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതും പതിവാണ്. അതേസമയം, താൽക്കാലികമായ നിയമനം പരിഹാരമാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ആഗസ്റ്റ് മൂന്ന് കഴിയുന്നതോടെ പി.ജി എൻട്രൻസ് കഴിയുമെന്നും കുറച്ച് നിയമനം നടത്താൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.
കിടത്തിച്ചികിത്സ നിലച്ചത് 18 ആശുപത്രിയിൽ
തൊടുപുഴ: ജില്ലയിൽ 10 വർഷത്തിനിടെ കിടത്തിച്ചികിത്സ നിലച്ചത് 18 ആശുപത്രിയിൽ. കിടത്തിച്ചികിത്സ ഉണ്ടായിരുന്നവ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതോടെയാണ് ഇത് നിലച്ചത്. സർക്കാർ കൂടുതലായി ഒന്ന് വീതം ഡോക്ടർമാരുടെയും നഴ്സിന്റെയും തസ്തിക അനുദവിച്ചു. ലബോറട്ടറി ഇല്ലാതിരുന്ന ഇടങ്ങളിൽ തുടങ്ങി.
ലാബ് ടെക്നീഷൻ തസ്തികകളും അനുദവിച്ചു. ഫാർമസിസ്റ്റിന്റെ ഒരു തസ്തികയിൽ പഞ്ചായത്തുകൾക്ക് നിയമനം നടത്താനും അനുമതി നൽകി. ഇതൊന്നും കാര്യക്ഷമമാക്കാത്തതാണ് കിടത്തിച്ചികിത്സ പുനരാരംഭിക്കാത്തതിന് കാരണം. സായാഹ്ന ഒ.പി തുടങ്ങാൻ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഓരോ ഡോക്ടർമാരെ നിയമിക്കാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയിരുന്നു. നിയമനം നടന്നിട്ടും പലയിടത്തും ആറ് മണിവരെ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല.
കോടിക്കുളം, കരിമണ്ണൂർ, പുറപ്പുഴ, മുട്ടം, കുമാരമംഗലം, കെ.പി കോളനി, അറക്കുളം കാഞ്ചിയാർ, വണ്ടിപ്പെരിയാർ, ഉപ്പുതറ, കുമളി, രാജാക്കാട്, ഇളംദേശം, ദേവികുളം, രാജകുമാരി, മറയൂർ, വാത്തിക്കുടി, കഞ്ഞിക്കുഴി എന്നിവിടങ്ങളാണ് കിടത്തിച്ചികിത്സ ഉണ്ടായിരുന്ന ഉണ്ടായിരുന്ന കുടുംബാരോഗ്യകേന്ദ്രങ്ങൾ. ജില്ലയിലെ 24 കുടുംബാരോഗ്യ കേന്ദ്രങ്ങളിലായി 504 കിടക്കയുണ്ട്. മൂന്ന് കുടുംബകാരോഗ്യ കേന്ദ്രത്തിലായി 102 കിടക്ക മാത്രമാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

