കുത്തഴിഞ്ഞ് തേക്കടി കെ.ടി.ഡി.സി
text_fieldsകുമളി: സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനം കെ.ടി.ഡി.സിക്ക് നേടികൊടുക്കുന്ന തേക്കടിയിലെ ബോട്ട് സവാരി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നശിക്കുന്നു. കൃത്യസമയത്ത് അറ്റകുറ്റപണികൾ നടത്തി ബോട്ടുകൾ ഓടിക്കാത്തതു മൂലം കോടികളുടെ വരുമാന നഷ്ടമാണ് കെ.ടി.ഡി.സി.ക്ക് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കെ.ടി.ഡി.സി സ്ഥാപനങ്ങളായ ആരണ്യ നിവാസ്, പെരിയാർ ഹൗസ്, ലേക്ക് പാലസ് ഹോട്ടലുകൾക്കൊപ്പമാണ് ബോട്ട് സവാരിയും നടക്കുന്നത്.
മുമ്പ്, തടാകത്തിന് നടുവിലുള്ള ആറ് മുറികളുള്ള ലേക്ക് പാലസ് ഹോട്ടലിന്‍റെയും ബോട്ടുകളുടെയും ചുമതല ഒരു മാനേജർക്കും മറ്റ് രണ്ട് ഹോട്ടലുകൾക്ക് രണ്ട് മാനേജർമാരുമാണ് ഉണ്ടായിരുന്നത്. എന്നാൽ, ലേക്ക് പാലസിന്‍റെയും ബോട്ടുകളുടെയും ചുമതല കൂടി ആരണ്യ നിവാസ് മാനേജർക്ക് നൽകിയതോടെയാണ് ബോട്ട് സവാരിയുടെ കഷ്ടകാലം ആരംഭിക്കുന്നത്. സാധാരണയായി 2-3 വർഷം വരെയാണ് മാനേജർമാരുടെ കാലാവധിയെങ്കിലും 2019ൽ എത്തിയ മാനേജർ തുടരുകയാണ്.
നിലവിലുള്ള മാനേജർചാർജ് എടുത്തതിനു പിന്നാലെ 2021ൽ അറ്റകുറ്റപണിക്കായി മാറ്റിയിട്ട 120 പേർക്ക് യാത്ര ചെയ്യാവുന്ന ജലരാജ ബോട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപണി നടത്താനായിട്ടില്ല. വർഷങ്ങളായി തടാകതീരത്ത് കിടക്കുന്ന ബോട്ടിന്‍റെ പ്രധാന ഭാഗങ്ങളെല്ലാം ഇതിനോടകം നശിച്ചു.
ഒരു ദിവസം 5 തവണ ജലരാജ സർവ്വീസ് നടത്തിയാൽ 1.5 ലക്ഷം രൂപയാണ് വരുമാനമായി ലഭിക്കുക. ഓൺലൈൻ ടിക്കറ്റ് വഴിയാണെങ്കിൽ വരുമാനം 2 ലക്ഷം കടക്കും. മൂന്നു വർഷത്തിലധികമായി ജലരാജ വിശ്രമത്തിലായതോടെ ഈ ഇനത്തിൽ കെ.ടി.ഡി.സി.ക്ക് നഷ്ടമായത് കോടികളാണ്.
കൃത്യ സമയത്ത് ബോട്ടുകളുടെ അറ്റകുറ്റപണികൾ റിപ്പോർട്ട് ചെയ്യുക, ബോട്ടിൽ സൗകര്യങ്ങൾ ഒരുക്കുക എന്നിവക്കായി ബോട്ട് സൂപ്പർവൈസറെ നിയമിച്ചിട്ടുണ്ടെങ്കിലും ഇതും പാഴായതായി സമീപകാലത്തെ കെടുകാര്യസ്ഥതകൾ തെളിയിക്കുന്നു. വിനോദ സഞ്ചാരികളുടെ തിരക്കേറി വരുന്ന ഇനിയുള്ള ദിവസങ്ങളിൽ സഞ്ചാരികൾക്ക് യാത്ര ചെയ്യാനാവുമായിരുന്ന മറ്റൊരു ഇരുനില ബോട്ടും അറ്റകുറ്റപണികൾക്കായി മാറ്റിയിട്ടിരിക്കുകയാണ്.
ജലജ്യോതിയെന്ന ഇരുനില ബോട്ടാണ് ഡിസംബർ അവസാന ആഴ്ചകളിൽ ഓടാനാകാത്ത വിധം മാറ്റിയത്. ഇതേ ബോട്ടിന്‍റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതിനാൽ ഒരു മാസം മുമ്പ് 32 ദിവസമാണ് ബോട്ട് മാറ്റിയിട്ടിരുന്നത്.120 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് 32 ദിവസം മാറ്റിയിട്ടതു വഴി അരക്കോടി രൂപയാണ് കെ.ടി.ഡി.സിക്ക് നഷ്ടമായത്.
ഇതിനു ശേഷം ഫിറ്റ്നസ്സ് ഒരു മാസത്തേക്കു കൂടി നീട്ടി നൽകിയെങ്കിലും കൃത്യ സമയത്ത് അറ്റകുറ്റപണികൾ നടത്താൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെയാണ് ഇപ്പോൾ മാറ്റിയിടേണ്ട സ്ഥിതി വന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷവേളയിൽ വിനോദ സഞ്ചാരികളുടെ വലിയ തിരക്ക് തേക്കടിയിൽ ഉണ്ടാവുക പതിവാണ്. നിലവിൽ കെ ടി.ഡി.സിയുടെ 120 പേർക്ക് കയറാവുന്ന ഒരു ബോട്ടും 22 പേർക്ക് കയറാവുന്ന ജല സുന്ദരിയും വനംവകുപ്പിന്‍റെ 60 പേർക്ക് കയറാവുന്ന രണ്ട് ബോട്ടുകളും മാത്രമാണ് തടാകത്തിൽ ഓടുന്നത്.
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം കെ.ടി.ഡി.സിക്ക് കോടികളുടെ വരുമാനം നഷ്ടം ഉണ്ടാകുന്നതിനൊപ്പം തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരിക്ക് അവസരം ലഭിക്കാതെ പോകുന്നത് വിനോദ സഞ്ചാര മേഖലക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

