ആളും ആരവവും ഒഴിഞ്ഞ് തേക്കടി
text_fieldsവിനോദ സഞ്ചാരികളുടെ തിരക്കില്ലാതെ തേക്കടി
തേക്കടി: വിദ്യാലയങ്ങൾ തുറന്നതോടെ തേക്കടിയിലെ വിനോദസഞ്ചാരികളുടെ തിരക്ക് അവസാനിച്ചു. മുൻ അവധിക്കാലങ്ങളെക്കാൾ വലിയ തിരക്കാണ് ഇപ്രാവശ്യം തേക്കടിയിലുണ്ടായിരുന്നത്. കോവിഡ് കാലത്തിനുശേഷം വിനോദസഞ്ചാര മേഖലയുടെ വലിയ തിരിച്ചുവരവുകൂടിയായിരുന്നു ഇക്കഴിഞ്ഞ അവധിക്കാലം. കേരളത്തിനൊപ്പം വിദ്യാലയങ്ങൾ അടച്ചെങ്കിലും തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈമാസം 12നാണ് തുറക്കുന്നത്.
ഇവിടെ നിന്നെത്തുന്ന സഞ്ചാരികൾ മാത്രമാണ് ഇപ്പോൾ തേക്കടിയിലുള്ളത്. 12ന് ശേഷം തേക്കടി ഏറെക്കുറെ കാലിയായ നിലയിലാകും. മധ്യവേനൽ അവധിക്കാലത്ത് ജില്ലയിലെ മൂന്നാർ, വാഗമൺ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പമാണ് തേക്കടിയിലും സഞ്ചാരികളുടെ വൻതിരക്ക് അനുഭവപ്പെട്ടത്. കുമളിയിലും പരിസരങ്ങളിലുമുള്ള റിസോർട്ടുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവയെല്ലാം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. തേക്കടിയിലെ ബോട്ട് സവാരിക്കുശേഷം സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസവാരി, സത്രത്തിലേക്കുള്ള ജീപ്പ് യാത്ര, പരുന്തുംപാറ, പാഞ്ചാലിമേട് യാത്രകൾ തമിഴ്നാട്ടിലെ മുന്തിരിത്തോപ്പിലെ കാഴ്ചകൾ എന്നിവയെല്ലാം ആസ്വദിക്കാൻ സഞ്ചാരികൾ ധാരാളമായെത്തി. ഇനി സഞ്ചാരികളുടെ തിരക്ക് ശനി, ഞായർ ദിവസങ്ങളിലും മറ്റ് ഒഴിവുദിനങ്ങളിലും മാത്രമാകും. സഞ്ചാരികൾ മടങ്ങിയതോടെ ബോട്ടുകളുടെയും സ്ഥാപനങ്ങളുടെയും അറ്റകുറ്റപ്പണി തീർക്കാനുള്ള തിരക്കിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

