സ്വരാജിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
text_fieldsകട്ടപ്പന: കാഞ്ചിയാറിലെ സ്വരാജിൽ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. 16000 രൂപയും 2000 രൂപയുടെ ലോട്ടറി ടിക്കറ്റും നഷ്ടമായി. സ്വരാജിലെ തംബുരു ബേക്കറി കുത്തി തുറന്ന് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 16,000 രൂപയാണ് അപഹരിച്ചത്. എതിർ വശത്തെ രണ്ട് സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷ്ടാവ് അകത്ത് കയറിയെങ്കിലും പണമോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. കമ്പിപ്പാരയുമായെത്തിയ മോഷ്ടാവിന്റെ ദൃശ്യം ഒരു കടയിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ചക്കാലക്കൽ മനോജിന്റെ പലചരക്ക് - പച്ചക്കറി സാധനങ്ങൾ വിൽക്കുന്ന കടയിലും, കൊച്ചുകരോട്ട് പീതാംബരന്റെ സ്റ്റേഷനറി കടയിലും ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണത്തിന് ശ്രമിച്ചെങ്കിലും പണം ലഭിക്കാത്തതിനാൽ പിൻമാറി. കടയുടമകളുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു.

