റോസാപ്പൂക്കണ്ടത്ത് മോഷണവും കഞ്ചാവ് വിൽപനയും വ്യാപകം
text_fieldsശനിയാഴ്ച രാത്രി മോഷ്ടിക്കപ്പെട്ട മോട്ടോർ ഇരുന്ന സ്ഥലം വയറുകൾ മുറിച്ചുമാറ്റിയ നിലയിൽ
കുമളി: ടൗണിനു സമീപം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റോസാപ്പൂക്കണ്ടം, കുളംഭാഗം മേഖലകളിൽ മോഷണവും കഞ്ചാവ് കച്ചവടവും വ്യാപകമാകുന്നു. പ്രദേശത്തെ കിണറുകൾക്ക് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകൾ, വീടുകൾക്ക് സമീപത്തെ വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവയെല്ലാം മോഷണം പോകുന്നത് പതിവായി.
കഞ്ചാവ് കച്ചവടവും ഉപയോഗവുമായി ചുറ്റിനടക്കുന്ന ഒരുസംഘം യുവാക്കളാണ് മോഷണത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. ഏതാനും ആഴ്ച മുമ്പ് കിണറിനു സമീപത്തെ മോട്ടോറും സമീപത്തെ ഹോം സ്റ്റേയിൽനിന്ന് ടി.വിയും മോഷ്ടിച്ചു. പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും ടി.വി വില നൽകി പ്രശ്നം ഒത്തുതീർത്തതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി കിണറ്റിൽനിന്ന് വെള്ളം പമ്പു ചെയ്യാൻ ഉപയോഗിച്ചിരുന്ന മോട്ടോർ മോഷ്ടിച്ചു. കുമളി താമരക്കണ്ടം ആഞ്ഞിലിപ്പറമ്പിൽ അനീഷ് നാരായണന്‍റെ പുരയിടത്തിലെ കിണറ്റിൽ സ്ഥാപിച്ചിരുന്ന ഒരു എച്ച്.പിയുടെ മോട്ടോറാണ് മോഷണം പോയത്.
ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്തിട്ടും നിറയാതിരുന്നതിനെ തുടർന്ന് കിണറിനടുത്ത് എത്തി പരിശോധിച്ചപ്പോഴാണ് മോട്ടോർ മോഷണം പോയത് വീട്ടുടമ അറിഞ്ഞത്. ശനിയാഴ്ച രാത്രി പത്ത് വരെ മോട്ടോർ ഉണ്ടായിരുന്നതായി അനീഷ് നാരായണൻ പറഞ്ഞു. മോട്ടോറിൽ ഘടിപ്പിച്ചിരുന്ന ഹോസുകളും വൈദ്യുതി കണക്ഷനുകളും മുറിച്ചുമാറ്റിയ ശേഷമാണ് മോഷണം നടത്തിയത്.
മോഷണത്തിനൊപ്പം ലഹരിമരുന്ന് ഉപയോഗിക്കുന്ന സംഘം റോസാപ്പൂക്കണ്ടത്ത് സജീവമാണെങ്കിലും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കത്തിയും വടിവാളുകളുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന മയക്കുമരുന്ന് സംഘത്തിന് രാഷ്ട്രീയക്കാരുടെയടക്കം പിന്തുണ ഉള്ളതാണ് ഇവർക്കെതിരെ നടപടി വൈകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.മോഷണവും മയക്കുമരുന്നും ഗുണ്ടാസംഘവും സജീവമായതോടെ ജനങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

