ഇടമലക്കുടിക്കാർ ചോദിക്കുന്നു; ഞങ്ങൾക്കും വേണ്ടേ സഞ്ചാരയോഗ്യമായ റോഡുകൾ
text_fieldsപെട്ടിമുട്ടിയിൽനിന്ന് ഇടമലക്കുടിയിലേക്ക് പോകുന്ന ആംബുലൻസ്
അടിമാലി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ ആവശ്യം പുറംലോകവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു റോഡാണ്. ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ ഈ വർഷം മാത്രം അഞ്ചുജീവനാണ് പൊലിഞ്ഞത്. ഒടുവിൽ പഞ്ചായത്ത് അംഗത്തിന്റെ ഭാര്യയാണ് മതിയായ ഗതാഗത സൗകര്യമില്ലാത്തതിനാൽ ചികിത്സ ലഭ്യമാകാതെ മരിച്ചത്.
പെട്ടിമുടി-സൊസൈറ്റിക്കുടി റോഡിന്റെ നിർമാണം വർഷങ്ങളായി തുടരുകയാണ്. ഇതിനായി മുടക്കിയ ഫണ്ടിന്റെ കണക്കുകേട്ടാൽ ആശ്ചര്യം തോന്നും. പെട്ടിമുടിയിൽനിന്ന് 22 കിലോമീറ്റർ റോഡിനായി 18 കോടി മുടക്കി. എന്നാൽ, ജീവനിൽ കൊതിയുള്ള ആരും ഇതുവഴി വാഹനത്തിൽ പോകാൻ ധൈര്യപ്പെടില്ല. കയറ്റിറക്കങ്ങളും വളവുകളും നിറഞ്ഞ പാത അപകടം പിടിച്ചതാണ്. ജീപ്പുകൾ മാത്രമാണ് ഓടുക. റോഡ് സൗകര്യത്തിന്റെ അഭാവം കാരണം രോഗികളെയും ഗർഭിണികളെയും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നില്ല.
ഇടമലക്കുടിയിലെ റോഡുകളുടെ അവസ്ഥ
ഇടമലക്കുടി പഞ്ചായത്ത് രൂപവത്കരിച്ച് 15 വർഷം പിന്നിട്ടിട്ടും കാര്യമായ വികസനം എത്തിയില്ല എന്നത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അലംഭാവമാണ്. അനുവദിക്കുന്ന ഫണ്ടുകൾപോലും ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നില്ലെന്ന ആരോപണവുമുണ്ട്. റോഡ് പൂർത്തിയാകുന്നതുവരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫ് റോഡ് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുകയും പ്രാഥമിക ആരോഗ്യകേന്ദ്രം ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പാലം പണിതു; അപ്രോച് റോഡില്ലാതെ
കോവണിയിലൂടെ പാലത്തിൽ കയറുന്നത് കാണണമെങ്കിൽ ഇടമലക്കുടിയിൽ എത്തണം. ഇടമലക്കുടിയിലെ സൊസൈറ്റിക്ക് സമീപം മണലിയാറിൽ നിർമിച്ച പാലത്തിലേക്ക് കയറാൻ കോവണിയാണ് കരാറുകാരൻ പണിതത്. ഈ പാലത്തിൽ കൂടിയാണ് കണ്ടെത്തിക്കുടി, കവക്കാട്ടുകുടി, മീൻകുത്തിക്കുടി ഊരുകളിൽനിന്നുള്ള അമ്പതോളം കുട്ടികൾ നിത്യവും സ്കൂളിലേക്ക് പോകുന്നത്.
പാലം കയറാൻ സ്ഥാപിച്ചിരിക്കുന്ന കോവണി
മഴക്കാലമാകുമ്പോൾ മണലിയാർ കരകവിഞ്ഞൊഴുകാറുണ്ട്, ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ഒരു ചെറിയ അശ്രദ്ധ സംഭവിച്ചാൽപോലും കുട്ടികളുടെ ജീവന് ഭീഷണിയാകും.അരി ഉൾപ്പെടെ സാധനങ്ങൾ സൊസൈറ്റിയിൽനിന്ന് വാങ്ങി തലച്ചുമടായി കൊണ്ടുപോകുന്നത് ഈ പാലത്തിലൂടെയാണ്. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പാലം നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് ഇടമലക്കുടി നിവാസികൾ അഭ്യർഥിക്കുന്നു.15 ലക്ഷം രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

