വരയാറ്റിൻ മുടിയിൽ വരയാടുകളുടെ എണ്ണം വർധിച്ചു; സംരക്ഷണം ശക്തമാക്കാൻ വനം വകുപ്പ്
text_fieldsകുതിരക്കുത്തി മലനിരയിൽ നിൽക്കുന്ന വരയാടുകളുടെ വിദൂര ദൃശ്യം
അടിമാലി: ജില്ലയിൽ രാജമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരയാടുകൾ ഉള്ള വരയാറ്റിൻ മുടിയിൽ ഇവയുടെ സംരക്ഷണത്തിന് സമിതി രൂപവത്കരിച്ച് വനംവകുപ്പ് . ഇതിന്റെ ഭാഗമായി ചിന്നപ്പാറ ഉന്നതിയിൽ സംരക്ഷണ സമിതി രൂപവത്കരിച്ചു. വരയാറ്റിൻ മുടിയിൽ നടന്ന കണക്കെടുപ്പിൽ 150 ന് മുകളിൽ വരയാടുകളെ കണ്ടെത്തിയതാണ് ഇത്തരം നീക്കത്തിലേക്ക് വനംവകുപ്പിനെ പ്രേരിപ്പിച്ചത് . നാട്ടുകാരുടെ സഹകരണം മുഖ്യമാണെന്ന് അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.സി. രാജൻ പറഞ്ഞു.
വരയാറ്റിൻ മുടി മുതൽ നേര്യമംഗലം റേഞ്ചിലെ കുതിരകുത്തി വരെ ഇവയുടെ ആവാസ കേന്ദ്രമാണ്. വന സംരക്ഷണത്തോടൊപ്പം പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സമിതിയുടെ പ്രവർത്തനം. സംരക്ഷിതാധിഷ്ഠിത ടൂറിസം, ഫാം ടൂറിസം പദ്ധതികൾ വഴി പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ ഉപജീവന മാർഗങ്ങൾ കണ്ടെത്താനും ഇതിലൂടെ സാധിക്കും. പനംകുട്ടി മുതൽ വാളറ വരെയുള്ള പാറക്കെട്ടുകളിൽ കണ്ടുവരുന്ന അപൂർവ ഇനം വരയാടുകളുടെ സംരക്ഷണവും വനപരിപാലനവും സമിതിയുടെ പ്രധാന ചുമതലയായിരിക്കും. ഭാരവാഹികൾ: ആർ.കെ. ചന്ദ്രൻ(പ്രസിഡന്റ്) , ലിയാ ജോസഫ്(സെക്രട്ടറി) ചിന്നപ്പാറ വന സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് കോവിൽമല രാജാവ് തേവൻ രാജമന്നാൽ , ഊരുമൂപ്പൻ രാജുമണി, വാർഡ് അംഗം മിനി സുരേഷ് എന്നിവർ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

