നൽകിയ ഭൂമി വാസയോഗ്യമല്ല; താമസത്തിന് എത്താതെ ഭവനരഹിതർ
text_fieldsകുമ്പങ്കാനം ഭാഗത്ത് ഭൂരഹിതർക്കായി അനുവദിച്ച ഭൂമി
മൂലമറ്റം: ഭൂരഹിതർക്ക് സീറോ ലാൻഡ്ലെസ് പദ്ധതിപ്രകാരം ലഭിച്ച ഭൂമി വാസയോഗ്യമല്ലാത്തതിനാൽ താമസത്തിന് എത്താതെ ഭവനരഹിതർ. കരിമണ്ണൂർ, കരിങ്കുന്നം, കുടയത്തൂർ കുമാരമംഗലം, മണക്കാട് തുടങ്ങിയ തൊടുപുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽനിന്നുമുള്ള ഭൂരഹിതർക്ക് സർക്കാർ മൂന്ന് സെന്റ് വീതം പതിച്ചു നൽകിയത് വാസയോഗ്യമല്ലാത്ത സ്ഥലത്താണെന്ന് പരാതി അന്നേ ഉയർന്നിരുന്നു. കുടയത്തൂർ വില്ലേജിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഇലവീഴാപൂഞ്ചിറ, ഇലപ്പള്ളി വില്ലേജിലെ കുമ്പങ്കാനം പ്രദേശങ്ങളിലുമാണ് ഭവന രഹിതർക്കായി മൂന്ന് സെന്റ് വീതം നൽകിയത്.
2018ലെ കണക്ക് പ്രകാരം തൊടുപുഴ താലൂക്കിന് കീഴിൽ 2237 പേരുടെ ലിസ്റ്റാണ് ഭൂരഹിതരുടേതായി ഉണ്ടായിരുന്നത്. ഇതിൽ 960ഓളം പേർക്ക് കഴിഞ്ഞ സർക്കാർ പട്ടയം നൽകിയിരുന്നു. ഇതിൽ ഇലപ്പള്ളിയിൽ മാത്രം 1679 കുടുംബങ്ങളെ താമസിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിൽ പകുതിയലധികം പേർക്കും പട്ടയം നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവർക്ക് പട്ടയം നൽകുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.
എന്നാൽ പട്ടയം ലഭിച്ചവർ ആരും താമസിക്കാൻ ഇവിടങ്ങളിൽ എത്തിയിട്ടില്ല. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ല എന്നതും ഇവിടങ്ങളിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമാണ് ആരും ഇവിടെ താമസിക്കാൻ എത്താത്തതിന് കാരണം. 1679 പേർ ഇലപ്പള്ളി പോലുള്ള ഉയർന്ന പ്രദേശത്ത് താമസിക്കാൻ എത്തുമ്പോൾ വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും സർക്കാർ ഒരുക്കിയിട്ടുമില്ല.
സ്ഥലത്തേക്ക് റോഡ് പോലുമില്ല
ഇലവീഴാപൂഞ്ചിറയിലെ സ്ഥലത്ത് എത്തണമെങ്കിൽ ഗതാഗതയോഗ്യമായ റോഡ് പോലും ഇല്ല. സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരമുള്ള പ്രദേശമാണിവിടം. കൂടാതെ ഇടിമിന്നലപകടം ഏറ്റവും അധികം ഉണ്ടാകുന്ന പ്രദേശവുമാണ്. വർഷം തോറും പ്രദേശത്ത് മിന്നലേറ്റ് നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇലവീഴാപൂഞ്ചിറയിൽ മാത്രം 157 കുടുംബങ്ങളെ താമസിപ്പിക്കാനാണ് സർക്കാർ പദ്ധതി.
കുമ്പങ്കാനം പ്രദേശത്തും ഇതുതന്നെയാണ് അവസ്ഥ. ഇവിടെ വീടുവെച്ച് താമസം തുടങ്ങിയാൽ ജീവിത ചെലവ് കണ്ടെത്തുന്നതിനു മറ്റു മാർഗങ്ങളില്ലാതെ വരും. വർഷങ്ങൾക്ക് മുന്നെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ ഇവിടെ നിരവധിയാളുകൾക്ക് സ്ഥലം അനുവദിച്ചിരുന്നെങ്കിലും ഇവിടെ വീട് നിർമിക്കാൻ ആരും തയ്യാറായിട്ടില്ല. ട്രിപ്പ് ജീപ്പുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിച്ചുവേണം ഈ സ്ഥലത്തെത്താൻ. കാഞ്ഞാറിൽനിന്ന് വല്ലപ്പോഴുമുള്ള ട്രിപ്പ് ജീപ്പുകളെ ആശ്രയിച്ചാണ് പൂഞ്ചിറ നിവാസികൾ സഞ്ചരിക്കുന്നത്.
ഭൂരഹിതരായി കുടയത്തൂർ വില്ലേജിൽ മാത്രം 85 ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്. മുഖ്യമന്ത്രി പങ്കെടുത്ത പട്ടയ വിതരണ മേളയിൽ ഇലവീഴാപൂഞ്ചിറയിൽ അനുവദിച്ച മൂന്ന് സെന്റ് വീതമുള്ള സ്ഥലത്തിന്റെ പട്ടയം വിതരണം ചെയ്യാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വാസയോഗ്യമല്ലെന്ന് കാട്ടി സ്ഥലത്തിന്റെ പട്ടയം കൈപ്പറ്റാൻ അപേക്ഷകർ തയാറായിരുന്നില്ല. തൊടുപുഴ താലൂക്കിലെ ഭൂരഹിതരായവരുടേതായി നൂറുകണക്കിന് അപേക്ഷകളാണ് റവന്യു വകുപ്പിന്റെ മുന്നിലെത്തിയത്.
ഇതിൽ 44 പേർക്കാണ് ഇലവീഴാപൂഞ്ചിറയിൽ സ്ഥലം അനുവദിച്ചത്. എന്നാൽ ഗതാഗത സൗകര്യമില്ലാത്ത, ഇടിമിന്നൽ ഭീഷണി നിലനിൽക്കുന്ന ഈ പ്രദേശം വേണ്ട എന്ന നിലപാടിലാണ് പല ഭൂരഹിതരും. മാസങ്ങൾക്ക് മുമ്പ് ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും ഉൾപ്പെടെ റവന്യൂ അധികാരികൾ ഇലവീഴാപൂഞ്ചിറ സന്ദർശിച്ചിരുന്നു. എന്നാൽ തീരുമാനം മാത്രം എങ്ങുമെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

