വീട് കത്തിയമർന്നു; ഉറങ്ങിക്കിടന്ന വീട്ടുകാർ രക്ഷപ്പെട്ടത് അദ്ഭുതകരമായി
text_fieldsപൂർണമായും കത്തിനശിച്ച വീട്
തൊടുപുഴ: ‘‘ഉറക്കത്തിനിടെ ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് വീടിന്റെ േമൽക്കൂര തീയിൽ അമരുന്നതാണ്. നിലവിളിയോടെ പാഞ്ഞെഴുന്നേറ്റ് ഭാര്യയെയും കൊച്ചുമക്കളെയും വിളിച്ചുണർത്തി പുറത്തേക്ക് പാഞ്ഞു. നിമിഷങ്ങൾക്കകം മേൽക്കൂരയടക്കം പതിക്കുന്നതാണ് കാണുന്നത്’’. വ്യാഴാഴ്ച പുലർച്ച വീട്ടിലുണ്ടായ അത്യാഹിതത്തെക്കുറിച്ച് വിവരിക്കുമ്പോൾ തൊടുപുഴ തെക്കുംഭാഗം നക്കോലപ്പാട്ട് ബേബിയുടെ ഞെട്ടൽ വിട്ടു മാറിയിട്ടില്ല.
ഓടും ഷീറ്റും മേഞ്ഞ വീടിന് വ്യാഴാഴ്ച പുലർച്ച 4.30 ഓടെയാണ് തീപടർന്നത്. ഈ സമയം ഭാര്യയും മൂന്ന് കൊച്ചുമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഓടിന് മുകളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടെങ്കിലും മഴവെള്ളം വീഴുന്നതാണെന്ന് കരുതി. തൊട്ടടുത്ത നിമിഷം ഹാളിൽനിന്ന് വലിയ പ്രകാശം കണ്ട് നോക്കുമ്പോഴാണ് മേൽക്കൂരയടക്കം നിന്നുകത്തുന്നത് കാണുന്നത്. കിടക്കുന്ന മുറിയൊഴികെ മറ്റെല്ലായിടത്തും തീ പടർന്നുപിടിക്കുകയാണ്. പരിഭ്രാന്തിയോടെയെങ്കിലും ഒട്ടും സമയം പാഴാക്കാതെ എല്ലാവരെയും വിളിച്ചുണർത്തി പുറത്തിറങ്ങി ഓടാൻ കഴിഞ്ഞതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് ബേബി പറയുന്നു. വീടും വീട്ടുപകരണങ്ങളും എല്ലാം കത്തിച്ചാമ്പലായി. മൂന്ന് ചെറിയ മുറികളും അടുക്കളയുമുള്ളതാണ് വീട്. ബാങ്കിൽ വായ്പ അടക്കുന്നതിന് പുരയിടത്തിലെ റബർ വെട്ടി വിറ്റ 40,000 രൂപ അലമാരയിൽ വെച്ചിരുന്നു. പണവും അലമാരയും വസ്ത്രങ്ങളുമടക്കം പൂർണമായി അഗ്നിക്കിരയായി.
സർവ വസ്തുക്കളും കത്തിയമർന്നതോടെ ഉടുതുണിക്ക് മറുതുണി പോലുമില്ലാത്ത അവസ്ഥയാണെന്നും എന്തു ചെയ്യണമെന്ന് അറിയില്ലെന്നും ബേബി പറയുന്നു. വീട്ടിലുണ്ടായിരുന്ന രേഖകളെല്ലാം തീപിടിത്തത്തിൽ നശിച്ചു. അഗ്നിബാധയുടെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനങ്ങൾ എത്താൻ പ്രയാസമുള്ള സ്ഥലമായതിനാൽ നാട്ടുകാരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടമറിഞ്ഞ് തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേനയും മുട്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും വീട് പൂർണമായും കത്തിയമർന്നിരുന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ താൽക്കാലികമായി ഒരു താമസസൗകര്യം ബേബിക്ക് ഒരുക്കുമെന്നും അടിയന്തര സഹായം നൽകുമെന്നും പ്രസിഡന്റ് ഷീജാ നൗഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

