വിള്ളൽ വീണ ഭൂമിയിലെ വീടും ഏലം സ്റ്റോറും നിലംപൊത്തി
text_fieldsജയകുമാറിന്റെ ഇടിഞ്ഞ വീടും ഏലം സ്റ്റോറും
അടിമാലി: ബൈസൺവാലിക്ക് മുകളിൽ കിളവിപാറയിൽ രണ്ടാഴ്ച മുമ്പ് വിള്ളൽ വീണ കൃഷിഭൂമി ശക്തമായ മഴയില്‍ കൂടുതല്‍ ആഴത്തില്‍ ഇടിഞ്ഞു. ഇവിടെയുണ്ടായിരുന്ന വീടും ഏലക്ക സ്റ്റോറും പൂര്‍ണമായി തകര്‍ന്നുവീണു. ഇടിഞ്ഞ സ്ഥലത്തിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ആറേക്കർ വരുന്ന പ്രദേശം ഏതുനിമിഷവും ഒലിച്ചുപോകുമെന്ന നിലയിലാണ്.
ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട കിളവിപാറയിൽ രണ്ടുവര്‍ഷം മുമ്പ് ഉരുള്‍പൊട്ടലുണ്ടായതിന് സമീപത്തുള്ള സ്ഥലത്താണ് നാശനഷ്ടം സംഭവിച്ചത്. രണ്ടാഴ്ച മുമ്പ് പെയ്ത ശക്തമായ മഴയിൽ ഇവിടെ ഭൂമി വിണ്ടുകീറി. അരക്കിലോമീറ്ററോളം നീളത്തില്‍ ഭൂമിയില്‍ വിള്ളല്‍ വീഴുകയും പിന്നീട് പത്തടിയോളം ആഴത്തില്‍ ഇടിയുകയുമായിരുന്നു. മൂങ്ങാമാക്കൽ ജയകുമാറിന്റെ വീടിന്റെ അടിവശത്തുള്ള ഏലകൃഷിയും സമീപത്തെ കര്‍ഷകനായ പാറക്കാലായില്‍ സജിയുടെ വീടിന്‍റെ മുകൾ ഭാഗത്തുമാണ് ഭൂമി ഇടിഞ്ഞത്.
അന്ന് തന്നെ ജയകുമാറിന്റെ വീട്ടിൽനിന്ന് ആളുകള്‍ മാറി താമസിച്ചിരുന്നു. കഴിഞ്ഞ 10 ദിവസമായി തോരാതെ പെയ്ത മഴയിലാണ് ഇടിഞ്ഞ ഭാഗം കൂടുതല്‍ ആഴത്തില്‍ താഴുകയും ജയകുമാറിന്റെ വീടും ഏലക്ക സ്റ്റോറും പൂര്‍ണമായി തകരുകയും ചെയ്തത്.കൃഷിയിടത്തിന്‍റെ താഴ് ഭാഗത്തുനിന്ന് വലിയ തോതിൽ മണ്ണ് ഒലിച്ചുപോകുന്നുണ്ട്. ഇതോടെ കൃഷിയിടം പൂര്‍ണമായി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. 2019ൽ ഗ്യാപ് റോഡിൽ ഇടിച്ചിലുണ്ടായി ഈ സ്ഥലത്തിന്റെ സമീപത്തുകൂടിയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
അന്ന് ഏക്കറുകണക്കിന് കൃഷിസ്ഥലമാണ് ഒലിച്ചുപോയത്. സർക്കാറിൽനിന്ന് ഒരു രൂപപോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ഇവർ പറയുന്നു. വിള്ളല്‍ വീണ ഭാഗങ്ങളില്‍ കൂറ്റന്‍ പാറക്കല്ലുകളും മറ്റുമുണ്ട്. ഇടിഞ്ഞ ഭാഗം പൂര്‍ണമായി ഒലിച്ചിറങ്ങിയാല്‍ വലിയ അപകടത്തിനും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

