Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവേണ്ടത്...

വേണ്ടത് മുഖ്യമന്ത്രിയുടെ ഇടപെടലും പിറന്ന മണ്ണിന് പട്ടയവും

text_fields
bookmark_border
forest department
cancel

പൊന്തൻപുഴ വനമേഖലയിൽ വനം, റവന്യൂ വകുപ്പുകൾ മുമ്പ് സംയുക്തമായി നടത്തിയ സർവേ തുടരണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇപ്പോൾ വനം വകുപ്പ് എൻ.സി.പിയുടെ കൈയിലും റവന്യൂ വകുപ്പ് സി.പി.ഐയുടെ കൈയിലുമാണ്. സർവേ തുടരുന്നതിന് തങ്ങൾ തയാറാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറയുന്നുണ്ട്. വനം വകുപ്പ് തയാറാകാത്തത് എന്തുകൊണ്ടെന്ന് ഇതുവരെ വ്യക്തമല്ല. ഇരുവകുപ്പും രണ്ടുതട്ടിലായതിനാൽ മഖ്യമന്ത്രിയുടെ ഇടപെടലാണ് പോംവഴി. അതിന് മുൻകൈയെടുക്കേണ്ടത് സ്ഥലത്തെ സി.പി.എം പ്രവർത്തകരാണ്. അവർ സമ്മർദം ചൊലുത്തിയാൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകും. സംയുക്ത സർവേ പൂർത്തീകരിച്ച് റിപ്പോർട്ട് പുറത്തുവന്നാൽ തങ്ങളുടെ തീരാദുരിതത്തിന് പരിഹാരമാകുമെന്നും ഇവിടത്തുകാർ കരുതുന്നു.

അഴിയാക്കുരുക്കുകൾ തീർത്ത് വനംവകുപ്പ്

തങ്ങളെ കുരുക്കുന്ന നിയമങ്ങളുടെ നൂലാമാലകളിൽനിന്ന് മോചനത്തിനായാണ് പൊന്തൻപുഴക്കാർ പടവെട്ടുന്നത്. അവരെ പിന്നെയും അഴിയാക്കുരുക്കുകളിലേക്ക് തള്ളിവിടുകയാണ് വനം വകുപ്പ്. ഇവിടെ സംരക്ഷിത വനം സ്വകാര്യ വ്യക്തികളുടെ കൈയിലാകാൻ വഴിയൊരുക്കിയ വനം വകുപ്പ് ജനവാസമേഖലയെ വനമായി ചിത്രീകരിക്കാൻ കെണികൾ പലതും ഒരുക്കുന്നു.

ജില്ലയിലെ 6362 കർഷകരുടെ പട്ടികയാണ് വനം കൈയേറ്റം ക്രമീകരിച്ചു പട്ടയം നൽകുന്നതിനുള്ള കേന്ദ്രാനുമതിക്കായി 1999ലെ സർക്കാർ ഉത്തരവ് പ്രകാരം സമർപ്പിച്ചത്.

23 വർഷങ്ങൾ കഴിഞ്ഞിട്ടും അനുമതി ലഭിക്കാത്തത് വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും നടപടികളിലെ പിശകും മൂലമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു.

ഒന്നിനു പിന്നാലെ ഒന്നായി അപേക്ഷയിലെ പിശകുകൾ പരിഹരിക്കാൻ പാഴാക്കിയത് കാൽ നൂറ്റാണ്ടോളമാണ്. അവസാനം 2019ൽ അപേക്ഷ തിരുത്തി നൽകി. തുടർന്ന് 2021 ഒക്ടോബറിൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തി‍െൻറ ബംഗളൂരു ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

ഇതോടെ ഉടൻ പട്ടയവിതരണം നടക്കുമെന്ന പ്രത്യാശയിലായിരുന്നു കർഷകർ. എന്നാൽ, അപേക്ഷയിലെ ഗുരുതരമായ മറ്റൊരു പിശക് ഇപ്പോഴാണ് പുറത്തുവന്നത്. കൈയേറ്റ വനഭൂമിയെ മാത്രമാണ് അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടത് എന്നിരിക്കെ പെരുമ്പെട്ടി വില്ലേജിലെ വനത്തിനു പുറത്തുതാമസിക്കുന്ന 414 കുടുംബങ്ങളുടെ കൈവശമുള്ള 257 ഏക്കർ ഭൂമിയും ഈ പട്ടികയിൽ ഉൾപ്പെടുത്തി. 1991ൽ നടത്തിയ വനം റവന്യൂ സംയുക്ത പരിശോധനയിൽ വനം എന്ന് കണ്ടെത്തിയ ഭൂമി 2019ൽ സർവേ നടത്തിയപ്പോൾ വനത്തിനു പുറത്തെന്നു തെളിഞ്ഞിരുന്നു. അതനുസരിച്ചു അപേക്ഷയിൽ തിരുത്തുകൾ വരുത്തുന്നതിനുപകരം പഴയ അപേക്ഷ വീണ്ടും അയച്ച് അനുമതി നേടാനാണ് വനം വകുപ്പ് ശ്രമിച്ചത്. വനമേഖലയിലെ ഭൂമിക്ക് പട്ടയം അനുവദിക്കാൻ ഇപ്പോൾ ഇതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്.

സർക്കാർ അവസരം കളഞ്ഞുകുളിച്ചു

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം എന്നു പറയുന്നപോലാണ് പൊന്തൻപുഴ വനം ഏറ്റെടുക്കലി‍െൻറയും കാര്യമെന്ന് പറയുന്നവരുണ്ട്. 7000 ഏക്കർ വരുന്ന പൊന്തൻപുഴ വനം കേസിൽ 2018ൽ സർക്കാർ പരാജയപ്പെട്ടെങ്കിലും അന്നത്തെ വിധിയിൽ ഹൈകോടതി പറഞ്ഞകാര്യം നടപ്പാക്കിയിരുന്നുവെങ്കിൽ പത്തനംതിട്ട-കോട്ടയം ജില്ലകളിലെ ആയിരക്കണക്കിന് പാവങ്ങൾക്ക് പട്ടയം ലഭിക്കാൻ വഴിതെളിയുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊന്തൻപുഴ വനം വനമായി നിലനിർത്തുകയും പകരം വനഭൂമി കൈവശംവെച്ചിരിക്കുന്ന ആയിരക്കണക്കിന് ചെറുകിട കർഷകർക്ക് പട്ടയം ലഭിക്കാനും അത് വഴിതെളിച്ചേനെ. 2018ൽ പൊന്തൻപുഴ വനഭൂമിയുടെ ഉടമസ്ഥത സ്വകാര്യവ്യക്തികൾക്കാണെന്നാണ് കോടതി വിധിച്ചത്.

എന്നാൽ, ഉടമസ്ഥത സ്വകാര്യ വ്യക്തികൾക്കാണെങ്കിലും സ്വാഭാവിക വനം ആയതിനാൽ 1970ലെ സ്വകാര്യ വനം ഏറ്റെടുക്കൽ നിയമമോ 2003ലെ പരിസ്ഥിതിലോല പ്രദേശം ഏറ്റെടുക്കൽ നിയമമോ ഉപയോഗിച്ച് ഭൂമി സർക്കാറിന് സ്വന്തമാക്കാം എന്നും വിധിയിൽ പറഞ്ഞിരുന്നു.

വനഭൂമിക്ക് പട്ടയം അനുവദിക്കണമെങ്കിൽ പകരം റവന്യൂ ഭൂമി വനംവകുപ്പിന് വിട്ടുനൽകണം എന്നാണ് വ്യവസ്ഥ.

അത്തരത്തിൽ വിട്ടുനൽകാൻ ഭൂമിയില്ലാത്തതാണ് വനഭൂമി പട്ടയ വിതരണത്തിന് മറ്റൊരു തടസ്സമാകുന്നത്. പൊന്തൻപുഴ വനം ഏറ്റെടുത്ത് വനംവകുപ്പിന് വിട്ടു നൽകിയിരുന്നുവെങ്കിൽ അത്രയും അളവ് വനഭൂമിക്ക് പട്ടയം നൽകാൻ വഴിയൊരുങ്ങുമായിരുന്നു. ആ സാധ്യത സർക്കാർ കളഞ്ഞ്കുളിക്കുകയായിരുന്നു.

ആലപ്രയിൽ രണ്ടുനയം കാട്ടി അധികൃതർ

ആലപ്ര നിവാസികളായ 712 കുടുംബങ്ങൾ വനത്തി‍െൻറ അതിർത്തി സംബന്ധിച്ച് 115 വർഷമായി നിലനിൽക്കുന്ന അവ്യക്തതയുടെ ഇരകളാണ് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിലെ ആലപ്ര നിവാസികളായ 712 കുടുംബങ്ങൾ വനത്തി‍െൻറ അതിർത്തിയെ സംബന്ധിച്ച് 115 വർഷമായി നിലനിൽക്കുന്ന അവ്യക്തതയുടെ ഇരകളാണ്. 1967 കാലത്ത് ആലപ്രയിൽ ഏതാനും കുടുംബങ്ങൾക്ക് പട്ടയം നൽകി. എന്നാൽ, സമാനസ്വഭാവമുള്ള അയൽപക്കങ്ങൾക്ക് പട്ടയം നൽകിയതുമില്ല. ഇതിനു കാരണം ആർക്കും അറിയില്ല. നൽകിയ പട്ടയങ്ങൾ നിയമപരമല്ലെന്നു ആരും പറഞ്ഞിട്ടില്ല, അപ്പോൾ സമാന പ്രകൃതമുള്ള മറ്റു വസ്തുക്കൾക്കും പട്ടയത്തിന് അർഹരാണ്. ആലപ്ര വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന വളകോടി - കലപ്പക്കോടി ചതുപ്പ്, നെടുമ്പ്രം ചതുപ്പ് ഇവക്കു ശ്രീമൂലം പ്രജാസഭയുടെ കാലത്തോളം പഴയ കഥയാണ് പറയാനുള്ളത്.

പ്രജാസഭയിലെ അംഗങ്ങളായിരുന്ന സാമൂഹിക പരിഷ്കർത്താക്കളും നവോത്ഥാന നായകന്മാരുമായ അയ്യങ്കാളിയുടെയും കാവാരികുളം കണ്ഠൻ കുമാര‍െൻറയും അപേക്ഷപ്രകാരം ആ സമുദായത്തിൽപെട്ട ഏതാനും കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയാണ് ഈ ചതുപ്പുകൾ. ആകെ 24.15 ഏക്കർ വരുന്ന ഈ ചതുപ്പുകളിൽ ഇപ്പോൾ 167 കുടുംബങ്ങൾ വസിക്കുന്നു. അയ്യങ്കാളിയുടെ മരുമകനും കേരള അസംബ്ലി ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ടി.ടി. കേശവൻ ശാസ്ത്രി കരം അടച്ചതി‍െൻറ രസീത് വളകൊടിച്ചതുപ്പ് നിവാസികളുടെ കൈവശം ഉണ്ട്. ഈ ചതുപ്പുകൾ സർക്കാർ ഉത്തരവ് പ്രകാരം റവന്യൂ വകുപ്പിനു കൈമാറിയിട്ടുള്ളതാണെന്ന് 1966ൽ കോടതി നിയോഗിച്ച കമീഷ‍െൻറ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മണിമല വില്ലേജിലെ സർവേ 111/1ൽ വരുന്ന 2000ത്തോളം ഏക്കർ ഭൂമിയെ റിസർവ്‌ ആക്കുന്നതിനുള്ള തിരുവിതാംകൂർ വനനിയമം സെക്ഷൻ നാല് പ്രകാരമുള്ള നോട്ടിഫിക്കേഷൻ 1907ൽ ഉണ്ടായി. ഈ നോട്ടിഫിക്കേഷനിൽ വനത്തിന്റെ വടക്കേ അതിർത്തിയായി പറഞ്ഞിരിക്കുന്നത് പുളിക്കാൻപാറ തോട്, പൊന്തൻപുഴത്തോട്, ആലപ്ര കുടിയുടെ തെക്കേ അതിരിലൂടെയുള്ള വെട്ടുവഴി എന്നിവയാണ്. ഈ അതിർത്തികൾക്കു വടക്കുള്ള പ്രദേശങ്ങൾ നോട്ടിഫിക്കേഷന്റെ പരിധിയിൽ വരുന്നില്ല. എന്നാൽ, 1910ലെ സെറ്റിൽമെന്റ് രേഖയിൽ 1907ലെ നോട്ടിഫിക്കേഷനുമായി യോജിക്കാത്ത പരാമർശം ഉണ്ടായി. സർവേ 111/1ന് മുഴുവനായി റിസർവ്‌ എന്ന് സെറ്റിൽമെന്‍റിൽ രേഖപ്പെടുത്തി.

സെറ്റിൽമെന്റ് രേഖയിലെ പിശക് നോട്ടിഫിക്കേഷൻ അനുസരിച്ച് തിരുത്തിയാൽ ഇവിടെയുള്ള കർഷകർക്ക് മുഴുവൻ മോചനമാകും. ആലപ്ര റിസർവി‍െൻറ അതിർത്തി പരിശോധന നടത്താൻ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തീരുമാനം ആയെങ്കിലും പരിശോധന ഇനിയും നടന്നിട്ടില്ല. (അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest department
News Summary - The forest department depicts the populated area as forest
Next Story