പ്രളയത്തിൽ തകർന്ന റോഡിന് ഇനിയും ശാപമോക്ഷമായില്ല
text_fieldsനാട്ടുകാർ വെട്ടിത്തുറന്ന ഉപ്പുകുന്ന് - കരിമ്പിൻകയം റോഡിന്റെ ഭാഗത്തുകൂടി യാത്രക്കാർ സഞ്ചരിക്കുന്നു
കുളമാവ്: 2018ലെ മഹാ പ്രളയത്തിൽ തകർന്ന ഉപ്പുകുന്ന്- കരിമ്പിൻകയം റോഡ് പുനരുദ്ധരിക്കാൻ നടപടിയില്ല. നാട്ടുകാരുടെ പരാതിയെ തുടർന്ന് 2020ൽ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി റോഡിന് 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ല പഞ്ചായത്തിനാണ് നിർമാണ ചുമതല. നടപടിക്രമങ്ങൾ പൂർത്തിയാക്കി റോഡ് പണിയാൻ കരാറുകാരൻ എത്തിയപ്പോൾ തടസ്സവാദം ഉന്നയിച്ച് സമീപത്തെ സ്വകാര്യ വ്യക്തി എത്തിയതോടെ പണി നിർത്തി പോയി.
യാത്ര ചെയ്യാൻ നിവൃത്തിയില്ലാതായതോടെ നാട്ടുകാർ ചേർന്ന് ഇടിഞ്ഞു പോയ ഭാഗത്ത് നിന്ന് മാറി റോഡ് വീണ്ടും വെട്ടി തുറന്നു. തുടർന്ന് റോഡ് നിർമാണ തടസ്സം ഒഴിവാക്കാൻ ഓംബുഡ്സ്മാനിൽ പരാതി നൽകി. ഓംബുഡ്സ്മാൻ റോഡ് പണിക്ക് അനുകൂലമായി വിധിച്ചു. എന്നാൽ തടസ്സങ്ങൾ ഒഴിവാക്കിയും കരാറുകാരന് സംരക്ഷണം ഉറപ്പാക്കിയും പണി തുടങ്ങാൻ ജില്ല പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

