തുടങ്ങനാട് സ്പൈസസ് പാർക്ക് നിർമാണം അന്തിമഘട്ടത്തിൽ
text_fieldsമുട്ടം തുടങ്ങനാട് നിർമാണം പുരോഗമിക്കുന്ന സ്പൈസസ് പാർക്ക് പ്രദേശം
മുട്ടം: തുടങ്ങനാട് സ്പൈസസ് പാർക്ക് നിർമാണം അന്തിമ ഘട്ടത്തിൽ. നിർമാണം നിലവിലെ രീതിയിൽ പുരോഗമിച്ചാൽ ആദ്യഘട്ടം മാർച്ചോടെ പൂർത്തിയാകും. അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വെള്ളം, വൈദ്യുതി, ചുറ്റുമതിൽ, സുരക്ഷാവേലി, ഓഫിസ് കെട്ടിടം എന്നിവയുടെ നിർമാണമാണ് നടന്നുവരുന്നത്.റോഡിന്‍റെ ആദ്യഘട്ട നിർമാണം പൂർത്തിയായി. ഓടയും നിർമിച്ചു. കോൺക്രീറ്റിങ്ങാണ് നടക്കാനുള്ളത്. ട്രാൻസ്ഫോർമറും വൈദ്യുതി ലൈനുകളും സ്ഥാപിക്കാനുണ്ട്.
ആദ്യഘട്ടം മാർച്ചിൽ പൂർത്തിയായാൽ രണ്ട് മാസത്തിനകം പാർക്ക് വ്യവസായികൾക്ക് തുറന്ന് നൽകാനാകും. സുഗന്ധവ്യഞ്ജന അനുബന്ധ വ്യവസായികൾക്കാണ് സ്ഥലം അനുവദിക്കുക. 30 വർഷത്തേക്ക് കരാർ ചെയ്ത് നൽകുന്ന തരിശുസ്ഥലത്ത് നിർമാണവും മറ്റും നടത്തേണ്ടത് വ്യവസായികളാണ്. നിരവധി സംരംഭകർ ഇതിനകം നിർദേശം സമർപ്പിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം പൂർത്തിയായ ശേഷമേ സ്ഥലം അനുവദിക്കൂ.
2021 ഫെബ്രുവരി എട്ടിനാണ് മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ പാർക്കിന്‍റെ ശിലാസ്ഥാപനം നടത്തിയത്. ആദ്യ ഘട്ട പ്രവൃത്തികൾ 15 ഏക്കറിലാണ് നടക്കുന്നത്. 19 ഏക്കറിലാകും രണ്ടാം ഘട്ട നിർമാണം.ഏലം, കുരുമുളക് എന്നിവയുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 27 കോടി അനുവദിച്ചതോടെയാണ് പദ്ധതിയുടെ തുടക്കം.
നെടുങ്കണ്ടത്തിനടുത്ത് പച്ചടിയിൽ 100 ഏക്കറും മുട്ടത്ത് 90 ഏക്കറും ഏറ്റെടുത്ത് സ്‌പൈസസ് പാർക്ക് നിർമിക്കാനായിരുന്നു പദ്ധതി. പട്ടയഭൂമി ലഭിക്കാത്തതിനാൽ പച്ചടിയിലെ പദ്ധതി ഉപേക്ഷിച്ചു. മുട്ടത്ത് 90 ഏക്കർ ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും 33.57 ഏക്കർ മാത്രമാണ് ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

