തകർന്ന കലുങ്ക് പുനർനിർമിച്ചില്ല; അപകടം പെരുകുന്നു
text_fieldsകല്ലാർകുട്ടിയിൽ കലുങ്ക് തകർന്നയിടത്ത് തടിലോറി മറിഞ്ഞപ്പോൾ
അടിമാലി: അടിമാലി-കുമളി ദേശീയപാതയിലെ കല്ലാർകുട്ടിയിൽ തകർന്ന കലുങ്ക് പുനർനിർമിക്കാൻ നടപടിയില്ല. ഇതുമൂലം വാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്നു. വലിയ ഇറക്കത്തിൽ വളവോടുകൂടിയ ഭാഗത്താണ് കലുങ്ക് ഉണ്ടായിരുന്നത്. 2018ലെ പ്രളയത്തിൽ അടിക്കെട്ട് തകർന്ന കലുങ്ക് താഴ്ന്ന് കൊണ്ടിരിക്കുകയാണ്.
പാറമക്ക് കൊണ്ടുവന്ന് ഇടക്കിടെ റോഡ് ലെവലിൽ നിരപ്പാക്കുമെങ്കിലും വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ വീണ്ടും കിടങ്ങായി മാറും. കഴിഞ്ഞദിവസം തടികയറ്റിയ ലോറി ഇവിടെ മറിഞ്ഞിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ബൈക്കുകളും മുച്ചക്ര വാഹനങ്ങളും ഭാരവാഹനങ്ങളും മിക്ക ദിവസങ്ങളിലും അപകടത്തിൽപെടുന്നു. കല്ലാർകുട്ടി ടൗണിനോട് ചേർന്ന സ്ഥലമായതിനാൽ തിരക്കേറെയാണ്.
പാറപ്പൊടി കൊണ്ടുള്ള ഓട്ടയടക്കലല്ല കലുങ്ക് പുനർനിർമാണമാണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
എന്നാൽ, നിലവിലെ സ്ഥിതിയിൽ ഇവിടെ കലുങ്ക് പുനർനിർമിക്കാൻ കഴിയില്ലെന്നും ഗതാഗതം നിരോധിച്ച് മാത്രമേ നിർമാണം സാധ്യമാകൂവെന്നുമാണ് ദേശീയപാത അധികൃതരുടെ വാദം. വീതിക്കുറവും ഇറക്കവുമാണ് കാരണം.
അടിമാലി-കുമളി ദേശീയപാത രണ്ടുവരിയാക്കാനിരിക്കെ, ഇവിടെയും വീതി വർധിപ്പിക്കേണ്ടി വരും.
ഈ സമയം ഗതാഗതപ്രശ്നങ്ങളില്ലാതെ കലുങ്ക് പുനർനിർമിക്കുമെന്നും ദേശീയപാത അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

