കോച്ചേരിക്കടവിൽ പാലം വരുന്നു
text_fieldsകോച്ചേരിക്കടവ്
തൊടുപുഴ: നാളുകളായുള്ള ശ്രമങ്ങൾക്കൊടുവിൽ പാലമെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കോഴിപ്പള്ളി നിവാസികള്‍. പ്രദേശത്തെ നൂറുകണക്കിനാളുകള്‍ക്ക് പുറംലോകത്തെത്താനുള്ള ഏക മാര്‍ഗമായ കോച്ചേരിക്കടവില്‍ പാലം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇവരെ ആഹ്ലാദത്തിലാക്കുന്നത്. കാലങ്ങളായി ഇവിടെ താമസിക്കുന്നവരുടെ സ്വപ്‌നമായിരുന്നു വടക്കനാറിന് കുറുകെയൊരു പാലം. കോച്ചേരികടവ് പാലത്തിന് ഫണ്ട് അനുവദിച്ചതോടെ നിരവധിയാളുകളുടെ ആഗ്രഹമാണ് പൂവണിയുന്നത്.
മഴക്കാലമെത്തിയാല്‍ എങ്ങനെ വടക്കനാര്‍ കടക്കുമെന്നതാണ് ആദിവാസി മേഖലയായ കോഴിപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള ആശങ്ക. ആറ് നിറഞ്ഞൊഴുകിയാല്‍ ദിവസങ്ങളോളം താമസിക്കുന്നിടത്ത് കുടുങ്ങിക്കിടക്കേണ്ടിവരും. ഇതിനിടെ ആര്‍ക്കെങ്കിലും അസുഖമോ മറ്റോ ഉണ്ടായാല്‍ പ്രതിസന്ധി രൂക്ഷമാകും. പിന്നെ ആളുകളൊത്തുകൂടി വെള്ളംകുറയുന്ന സമയംനോക്കി ആറിന് കുറുകെ വടംകെട്ടണം.
തുടര്‍ന്ന് ഒഴുക്കില്‍പ്പെടാതെ അതില്‍ പിടിച്ചുവേണം വയ്യാതാകുന്നവരെ ചുമന്ന് മറുകരയെത്തിച്ച് ആശുപത്രിയിലാക്കാന്‍. പ്രദേശത്ത് താമസിക്കുന്നവർ കൃഷിക്കാരും സാധാരണക്കാരുമാണ്. പാലം വേണമെന്ന് അധികൃതരോട് പറഞ്ഞ് മടുത്തപ്പോള്‍ നാട്ടുകാരെല്ലാവരും ചേര്‍ന്ന് താല്‍ക്കാലികമായി തടികൊണ്ടൊരു പാലം നിര്‍മിച്ചു. നിറഞ്ഞൊഴുകുന്ന പുഴക്ക് മുകളില്‍ സ്ഥാപിച്ച ഈ താല്‍ക്കാലിക പാലത്തിലൂടെ സാഹസികമായിട്ടായിരുന്നു പിന്നീടുള്ള യാത്ര.
തങ്ങളുടെ യാത്ര ദുരിതം വിവരിച്ചുകൊണ്ടുള്ള പരാതിയെ തുടര്‍ന്ന് മുന്‍ ഇടുക്കി ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ജില്ല വികസന കമീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന് കോച്ചേരിക്കടവ് പാലത്തിനായി 52,20,000 രൂപ അനുവദിച്ച് ഉത്തരവിറങ്ങിയത്. മറ്റ് നടപടി പൂര്‍ത്തിയാക്കി പണി ഉടന്‍ തുടങ്ങാനാവുമെന്നാണ് അധികൃതരുടെയും നാട്ടുകാരുടെയും പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

