ജില്ലക്ക് കാവലാകാന്‍ ഐഡ്രിസ്
text_fieldsതൊടുപുഴ: ദുരന്ത പ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമുള്ള നൂതന സാങ്കേതിക വിദ്യ സംവിധാനവുമായി ജില്ലാ ഭരണകൂടം. സംസ്ഥാനത്തിനാകെ മാതൃകയാകുന്ന ഇടുക്കി ഡിസാസ്റ്റര്‍ റെസിലിയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ഐഡ്രിസ്) എന്ന നൂതന മുന്‍കരുതല്‍ സംവിധാനത്തിന്റെ പരീക്ഷണ പ്രവര്‍ത്തനം ഈ മഴക്കാലത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി, രാജക്കാട് മേഖലകളിൽ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
എ.ഐ അടക്കമുള്ള നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉരുള്‍പൊട്ടല്‍, പ്രളയം, കാട്ടുതീ, വരള്‍ച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, ജി.ഐ.എസ് അധിഷ്ഠിത റിസ്ക് മാപ്പിങ് വഴി യഥാസമയ ഡേറ്റ സംയോജിപ്പിച്ച് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ആസൂത്രണം, ഭൂമിയുടെ ഉപയോഗത്തെക്കുറിച്ച് പ്രാദേശിക, ജില്ലാ തലങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള പിന്തുണ, വന്യജീവി ആക്രമണം കുറയ്ക്കാനുള്ള സംയോജിത പദ്ധതി തയാറാക്കല്‍, സാമ്പത്തികവും പരിസ്ഥിതികവുമായ നഷ്ടം കുറയ്ക്കല്‍, വനജല വിനിമയം, മണ്ണിന്റെ ഘടനയും മഴയുടെ രീതിയും അനുസരിച്ചുള്ള കൃഷിയും വനപരിപാലനവും എന്നിവയാണ് ഐഡ്രിസിന്റെ പ്രധാന ലക്ഷ്യം.
പദ്ധതി നടത്തിപ്പിനായി സെന്‍സറുകള്‍ സ്ഥാപിക്കുന്ന സ്ഥലം, ജി.ഐ.എസ് ലെയറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പഞ്ചായത്ത്തല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഐഡ്രിസ് സോഫ്റ്റ് വെയറിന്റെ വികസനവും ഫീല്‍ഡ്തല പരിശോധനയും ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ കലക്ടര്‍ വി.വിഘ്നേശ്വരി അറിയിച്ചു.
ഐഡ്രിസ് എന്നാൽ
ഇടുക്കി ഡിസാസ്റ്റര്‍ റെസിലിയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണ് ഐഡ്രിസ്. സംവിധാനത്തിന്റെ പരീക്ഷണ പ്രവര്‍ത്തനം അടിമാലി, രാജക്കാട് മേഖലകളിൽ തുടങ്ങും. എ.ഐ അടക്കമുള്ള നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക. വിവിധ ഡേറ്റകൾ വിശകലനമ ചെയ്ത് സുസ്ഥിര വികസന പദ്ധതികളുടെ ആസൂത്രണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
തത്സമയ മുന്നറിയിപ്പിന് സ്മാര്‍ട്ട് അലര്‍ട്ട് പ്രോട്ടോകോൾ
സ്മാര്‍ട്ട് അലര്‍ട്ട് പ്രോട്ടോകോള്‍ സംവിധാനമാണ് മറ്റൊരു പ്രധാന സവിശേഷത. എസ്.എം.എസ്, ഐ.വി.ആര്.എസ്, സൈറണ്‍, റേഡിയോ, മൊബൈല്‍ ആപ്പ് എന്നിവ വഴി വിവിധ വകുപ്പുകളിലേക്കും പൊതുജനങ്ങളിലേക്കും തത്സമയ മുന്നറിയിപ്പുകള്‍ നല്‍കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, പ്രാദേശിക ആദിവാസി ഭാഷകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഫലപ്രദമായ ആശയവിനിമയം നടത്തും.
വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും സംവിധാനം പ്രയോജനപ്പെടുത്തും. പദ്ധതി പ്രകാരം മണ്ണിടിച്ചിലും മണ്ണിന്റെ ഈര്‍പ്പവുമായി ബന്ധപ്പെട്ട് മാപ്പുകള്‍ പരിശോധിച്ച ശേഷമേ റോഡുകളുടെ സ്ഥാനം തീരുമാനിക്കൂ. റെഡ്/ഓറഞ്ച് സോണുകളില്‍ കെട്ടിടങ്ങള്‍ അനുവദിക്കില്ല. നദീനിരപ്പും പ്രളയ മാപ്പിങ്ങും അനുസരിച്ചാകും ചെക്ക് ഡാമുകള്‍ സ്ഥാപിക്കുക.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ മഴ, നീരൊഴുക്ക് എന്നിവ നിരീക്ഷിച്ച് ഏകോപന പ്രവര്‍ത്തനങ്ങള്‍, നഗര-പഞ്ചായത്ത് തല ജലസുരക്ഷ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ദുരന്ത സാധ്യത ഏറെയുള്ള ജില്ലയാണ് ഇടുക്കി. 2000 മുതല്‍ 600-ത്തിലധികം ഉരുള്‍പൊട്ടലുകള്‍, ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കങ്ങള്‍, വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങള്‍, അപകടകരമായ നിർമിതികള്‍ കാട്ടുതീ തുടങ്ങി പലവിധ സാഹചര്യങ്ങളാണ് ജില്ലയിലുള്ളത്. ഇതു കണക്കിലെടുത്താണ് ബഹുമുഖ ദുരന്ത നിരീക്ഷണ സംവിധാനം സജ്ജമാക്കുന്നത്.
പൊതുമരാമത്ത് , തദ്ദേശഭരണം, വനവകുപ്പ്, റവന്യൂ, ജലസേചനം, കാര്‍ഷികം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികളില്‍ ദുരന്ത നിവാരണം ഉള്‍പ്പെടുത്തും. സാമ്പത്തികവും പരിസ്ഥിതിജന്യവുമായ നഷ്ടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. പ്രകൃതി ദുരന്തം മൂലം മനുഷ്യ ജീവന്റെയും കെട്ടിടങ്ങളുടെയും വിളകളുടെയും വന്യജീവികളുടെയും നഷ്ടം കുറയ്ക്കുന്നതിനാണ് മുന്‍ഗണന. ഉദ്യോഗസ്ഥര്‍, സ്കൂള്‍ ക്ലബ്ബുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കുമെന്നും കലക്ടർ അറിയിച്ചു.
ഉരുള്‍പൊട്ടല്‍, പ്രളയ മേഖല മാപ്പുകൾ തയാറാക്കും
സെന്‍സര്‍ സാങ്കേതികവിദ്യ, ജി.ഐ.എസ് റിസ്ക് ലെയറുകള്‍, മെഷീന് ലേണിങ് എന്നിവയെ ഏകോപിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും ദുരന്ത പ്രതിരോധ ശേഷിയുള്ള മലയോര ജില്ലയായി ഇടുക്കിയെ മാറ്റുകയാണ് ലക്ഷ്യം. നിരീക്ഷണ സംവിധാനത്തില്‍ 46 ഉരുള്‍പൊട്ടല്‍ സെന്‍സറുകള്‍ , ഇന്‍ക്ലിനോമീറ്ററുകള്‍, പൈസോമീറ്ററുകള്‍, മഴമാപിനികള്‍, മണ്ണ് ഈര്‍പ്പനില സെന്‍സറുകള്‍), 48 നദീനിരപ്പു ഗേജുകള്‍ (പ്രധാനമായി തൊടുപുഴ, പമ്പ എന്നിവയുടെ ആറ് ഉപനദികള്‍) എന്നിവയുണ്ടാകും. ഈ സെന്‍സറില്‍ നിന്നുള്ള വിവരങ്ങള്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലെ ജി.ഐ.എസ്. പ്ലാറ്റ്ഫോമിലേക്ക് തത്സമയം എത്തും.
ജി.ഐ.എസ് അടിസ്ഥാനത്തിലുള്ള റിസ്ക് ലെയറിംഗ് വഴി ഉരുള്‍പൊട്ടല്‍ മേഖലകള്‍, പ്രളയ മേഖലകള്‍, വന്യജീവി വഴിത്താരകള്‍, അണക്കെട്ട് ബഫര്‍ മേഖലകള്‍, കാലാവസ്ഥ മുന്നറിയിപ്പു പ്രവചനങ്ങള്‍ എന്നിവ അടങ്ങിയ മള്‍ട്ടി-ലെയര്‍ മാപ്പുകള്‍ തയ്യാറാക്കും. പഞ്ചായത്ത് അതിരുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ജനസാന്ദ്രത എന്നിവയും ഒപ്പം നിർണയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

