അധ്യാപകദിനം; പഠിപ്പിച്ച അധ്യാപകർക്ക് ആശംസ കാർഡയച്ച് ആറാംക്ലാസുകാരി
text_fieldsനെടുങ്കണ്ടം: അധ്യാപക ദിനത്തോടനുബന്ധിച്ച് പഠിപ്പിച്ച മുഴുവന്‍ അധ്യാപകര്‍ക്കും തപാലില്‍ ആശംസ അയച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിനി ആദിശ്രീ. അറിവ് പകര്ന്നുതരുന്നവരെ സ്നേഹിക്കണം നെഞ്ചോട് ചേര്‍ക്കണം എന്ന സന്ദേശവുമായാണ് സ്വന്തം കൈപ്പടയിലുള്ള തപാല്‍ ആശംസ. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകരുടെ കൈകളില്‍ എത്തുംവിധമാണ് നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂളിലെ വിദ്യാര്‍ഥിനി ആദിശ്രീ ആശംസ അയച്ചത്.
ഗുരുശിഷ്യബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഏതൊരു വേദിയിലും അധ്യാപകരെ ആദരിക്കാനും ബഹുമാനിക്കാനും നാം കടപ്പെട്ടവരാണെന്ന് ആദിശ്രീ പറഞ്ഞു. ആദിശ്രീക്ക് ആദ്യക്ഷരം പകര്‍ന്നുനല്‍കിയ അംഗന്‍വാടി ടീച്ചര്‍ മുതല്‍ ഇപ്പോള്‍ പഠിക്കുന്ന ഗവ. യു.പി സ്കൂള്‍ വരെയുള്ള 30 അധ്യാപകര്‍ക്കാണ് ആശംസ കാര്‍ഡ് അയച്ചത്. കുഞ്ഞുപ്രായത്തില്‍ സമൂഹത്തിന് പ്രകൃതി സ്നേഹത്തിന്റെ പാഠം പകര്‍ന്ന് നല്കി ജനശ്രദ്ധ നേടിയ ആദിശ്രീക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ചിരുന്നു.
പിറന്നാള്‍ ദിനത്തിലും പരിസ്ഥിതി ദിനത്തിലും പാതയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തംകൃഷിയിടത്തിലും മറ്റുമായി ഇതിനകം 1500 ലധികം തൈകള്‍ നട്ടിട്ടുണ്ട്. വിഷരഹിത പച്ചക്കറികള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിറന്നാള്‍ ദിനത്തില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പയറിന്റെയും ചോളത്തിന്റെയും 15,000 പച്ചക്കറി വിത്തുകളും നൽകി.
വേനല്‍ കനക്കുമ്പോള്‍ കിളികള്‍ക്കും ജീവജാലങ്ങള്‍ക്കുമായി വിവിധ സര്‍ക്കാര്‍ ഓഫിസ് കോമ്പൗണ്ടിലും പാതയോരങ്ങളിലും വെള്ളംനിറച്ച കലങ്ങള്‍ സ്ഥാപിക്കാറുണ്ട്. സ്വാതന്ത്യദിനത്തിൽ ആദിശ്രീ പാതയോരത്ത് ചീഞ്ഞളിഞ്ഞു കിടക്കുന്ന മാലിന്യം ചാക്കില്‍ ശേഖരിച്ച് പഞ്ചായത്തിന് കൈമാറുകയാണ് പതിവ്. നെടുങ്കണ്ടം വലിയവീട്ടില്‍ പി.വി. അനില്‍ കുമാര്‍-ജിനു ദമ്പതികളുടെ മൂത്ത മകളാണ് ആദിശ്രീ. അനിശ്രീ, ആദികേഷ് എന്നിവര്‍ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

