Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊളുന്ത് വാങ്ങാൻ...

കൊളുന്ത് വാങ്ങാൻ ആളില്ല; ചെറുകിട തേയില കർഷകർ പ്രതിസന്ധിയിൽ

text_fields
bookmark_border
കൊളുന്ത് വാങ്ങാൻ ആളില്ല; ചെറുകിട തേയില കർഷകർ പ്രതിസന്ധിയിൽ
cancel
Listen to this Article

കട്ടപ്പന: കൊളുന്ത് വാങ്ങാൻ ആളില്ലാതായതോടെ ജില്ലയിലെ 20,000 ചെറുകിട തേയില കർഷകർ പ്രതിസന്ധിയിൽ. കാലാവസ്ഥ അനുകൂലമായതോടെ തേയില പച്ചക്കൊളുന്ത് ഉൽപാദനം കുത്തനെ വർധിച്ചു. ആവശ്യത്തിൽ കൂടുതൽ പച്ചക്കൊളുന്ത് ഫക്ടറികളിലേക്ക് എത്താൻ തുടങ്ങിയതോടെ ഫാക്ടറികൾ പലതും വാങ്ങുന്നത് നിർത്തുകയോ അളവ് നേർപകുതിയാക്കുകയോ ചെയ്തു. ഇതോടെ പച്ചക്കൊളിന്തി‍െൻറ വിലയും കുത്തനെ ഇടിയുകയായിരുന്നു.

തേയില ബോർഡ് മേയിൽ പുറപ്പെടുവിച്ച തറവില കിലോഗ്രാമിന് 12 രൂപ 36 പൈസയാണ്. എന്നാൽ, ഫാക്ടറികൾ ഗുണനിലവാരമനുസരിച്ച് ഒമ്പത് മുതൽ 11 രൂപ വരെ മാത്രമാണ് കർഷകർക്ക് നൽകുന്നതെന്നു ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്‍റ് വൈ.സി. സ്റ്റീഫൻ പറഞ്ഞു. ജില്ലയിലെ തേയില ഫാക്ടറികളിലേറെയും വൻകിട തേയിലത്തോട്ടങ്ങളോടനുബന്ധിച്ചാണ് പ്രവർത്തിക്കുന്നത്. അവരുടെ തേയിലത്തോട്ടത്തിൽ ഉൽപാദിപ്പിക്കുന്ന കൊളുന്തി‍െൻറ ലഭ്യതക്കനുസരിച്ചാണ് ഇത്തരം ഫാക്ടറികൾ ചെറുകിട കർഷകരുടെ പച്ചക്കൊളുന്ത് പുറത്തുനിന്ന് വാങ്ങുന്നത്. ഉൽപാദനം കൂടിയാൽ വാങ്ങുന്നത് നിർത്തുകയോ ഏജന്‍റുമാരോട് അളവ് കുറക്കാൻ ആവശ്യപ്പെടുകയോ ചെയ്യും.

ഇരുപതിനായിരത്തോളം ചെറുകിട കർഷകർക്ക് ദുരിതം

ജില്ലയിലെ ഇരുപതിനായിരത്തോളം ചെറുകിട തേയില കർഷകരാണ് ഇതി‍െൻറ ദുരിതം അനുഭവിക്കുന്നത്. വളകോട്, വട്ടപ്പതാൽ, വാഗമൺ, പുള്ളിക്കാനം, കാൽവരി മൗണ്ട്, തോപ്രാംകുടി തുടങ്ങിയ മേഖലകളിൽനിന്നായി ദിനേന രണ്ടരലക്ഷം കിലോഗ്രാമോളം കൊളുന്താണ് വിവിധ മേഖലകളിലെ ഫാക്ടറികളിലേക്ക് അയച്ചിരുന്നത്. മൂന്നാർ, പീരുമേട്, ഇടുക്കി, വാൽപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ ഫാക്ടറികളിലേക്കാണ് കൊളുന്ത് കൊണ്ടുപോയിരുന്നത്. കമ്പനികൾ ഉൾവലിഞ്ഞതോടെ കർഷകർക്ക് കനത്ത ആഘാതമായി. മൂന്നാർ മേഖലയിലേക്ക് ദിവസങ്ങളായി കൊളുന്ത് കൊണ്ടുപോകുന്നില്ല. ചുരുക്കം ചില ഫാക്ടറികൾ കുറഞ്ഞ അളവിൽ കൊളുന്ത് വാങ്ങാൻ തയാറാകുന്നുണ്ടെങ്കിലും കിലോഗ്രാമിന് ഒമ്പത് മുതൽ 11 രൂപ വരെ മാത്രമാണ് നൽകുന്നത്. മൂത്ത കൊളുന്താണെന്നും വെള്ളം കൂടുതലാണെന്നും മറ്റുമുള്ള കാരണങ്ങൾ നിരത്തി 10 മുതൽ 15 ശതമാനം വരെ തൂക്കത്തിൽ കുറവ് വരുത്തിയാണ് വാങ്ങുന്നതും. ഏതാനും ആഴ്ച മുമ്പ് 15 രൂപക്ക് വരെ കൊളുന്ത് വിൽപന നടത്തിയിരുന്ന സ്ഥാനത്താണ് ഈ പ്രതിസന്ധി. കഴിഞ്ഞ മാസം കിലോഗ്രാമിന് 12.86 രൂപയായിരുന്നു. ടീ ബോർഡ്‌ പ്രഖ്യാപിച്ച തറവില. അതിന് മുമ്പത്തെ മാസം 13.40 ആയിരുന്നു തേയിലയുടെ തറവില. അന്ന് കിലോഗ്രാമിന് 14 മുതൽ 15 രൂപക്ക് വരെ ഫാക്ടറികൾ വാങ്ങിയിരുന്നു. വില ഇടിഞ്ഞതോടെ കർഷകർ വിളവെടുപ്പ് സാവധാനമാക്കിയതിനാൽ ചെടികളിൽ നിൽക്കുന്ന കൊളുന്ത് മൂത്ത് ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണ്. അടുത്തഘട്ടത്തിൽ വിളവെടുപ്പ് നടത്തണമെങ്കിൽ ഇവ വെട്ടിമാറ്റണം. മൂത്ത് നശിച്ച കൊളുന്ത് വെട്ടിമാറ്റണമെങ്കിൽ അതിനും പണം മുടക്കേണ്ട ഗതികേടിലാണ് കർഷകർ. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണാൻ ടീ ബോർഡ് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

Show Full Article
TAGS:tea leaves tea plant farmers idukki 
Next Story