ചൂടിൽ ഉരുകുകയാണ് സർ; വൈദ്യുതി മുട്ടിക്കരുത്
text_fieldsഅപ്രഖ്യാപിത പവർകട്ടിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. അഗസ്തി ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ: നഗര-ഗ്രാമീണ മേഖലയിൽ രാപ്പകൽ ഭേദമെന്യേ വൈദ്യുതി മുടങ്ങുന്നതുമൂലം ദുരിതത്തിലായി ജനം. രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതുമൂലം വീടുകളിൽ കിടന്നുറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇടവിട്ടുള്ള വൈദ്യുതി മുടക്കം ടൗണിലെ പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു. അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിളിച്ചുചോദിച്ചാലും കൃത്യമായ മറുപടിയില്ല. പലപ്പോഴും തൊടുപുഴ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും നാട്ടുകാർ പരാതി പറയുന്നു.
രാത്രിയും പകലും കൊടുംചൂടാണ് ജില്ലയിലെമ്പാടും അനുഭവപ്പെടുന്നത്. ഫാനോ എസിയോ ഇല്ലാതെ വീടുകളിലോ ഓഫിസുകളിലോ കഴിയാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. അർധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം നീണ്ടുനിൽക്കും. ചൂടുമൂലം ഉണർന്നിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പതിവായി വൈദ്യുതി മുടങ്ങുന്നതിനാൽ ജനാലകൾ തുറന്നിട്ട് കിടക്കാമെന്ന് വെച്ചാൽ ഇഴജന്തുകളെ പേടിച്ച് അതും വയ്യ. അതിനാൽ വൈദ്യുതി മുടങ്ങിയാൽ ചൂട് സഹിച്ചു കഴിയുകയേ നിവൃത്തിയുള്ളൂ.
വലിയ സ്ഥാപനങ്ങളിൽ ജനറേറ്ററും മറ്റുമുണ്ടെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഇത്തരം സംവിധാനങ്ങളില്ല. വൈദ്യുതി മുടക്കം ചെറുകിട വ്യവസായ യൂനിറ്റുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വൈദ്യുതിയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സ്ഥാപനങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, സ്റ്റുഡിയോ, കോൾഡ് സ്റ്റോറേജുകൾ, ഐസ്‌ക്രീം, ജൂസ് പാർലറുകൾ, ഹോട്ടലുകൾ, പ്രിന്റിങ് പ്രസ്, ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ വൈദ്യുതി മുടക്കംമൂലം പ്രതിസന്ധിയിലാണ്. വൈദ്യുതി സംബന്ധമായ ഉപഭോക്താക്കളുടെ പരാതികൾ അറിയിക്കാൻ വെവ്വേറെ ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ കിട്ടില്ലെന്ന ആക്ഷേപവും ഏറെനാളായുണ്ട്. പലപ്പോഴും ബെല്ലടിച്ചാലും ഉദ്യോഗസ്ഥർ ഫോൺ എടുക്കില്ല. ഇനി എടുത്താലോ ജീവനക്കാരില്ലെന്നും തകരാർ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള മുട്ടാപ്പോക്ക് മറുപടികളാണ് ലഭിക്കുകയെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

