മുടങ്ങിക്കിടന്ന കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിക്കുന്നു
text_fieldsപീരുമേട്: മുടങ്ങിക്കിടന്ന ദേശീയപാത വഴിയുള്ള സർവിസ് കെ.എസ്.ആർ.ടി.സി പുനരാരംഭിക്കുന്നു. നെടുങ്കണ്ടത്തുനിന്ന് രാവിലെ 4.45ന് കുമളിവഴി തിരുവല്ലക്കുള്ള ഫാസ്റ്റ് പാസഞ്ചർ, കുമളിയിൽനിന്ന് രാവിലെ ആറിന് കമ്പം, കട്ടപ്പനയിൽനിന്ന് രാവിലെ 9.30ന് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരിയിൽനിന്ന് രാവിലെ 11ന് കുമളി സർവിസുകളാണ് ബുധനാഴ്ച മുതൽ പുനരാരംഭിച്ചത്.
ജൂലൈ ആദ്യവാരം കോട്ടയത്തുനിന്ന് രണ്ട് സർവിസുകളും ആരംഭിച്ചിരുന്നു. ദേശീയപാത 183 വഴി കോവിഡിന് മുമ്പ് 15 മിനിറ്റ് ഇടവിട്ട് സർവിസുകൾ ഉണ്ടായിരുന്നു. കോവിഡ് കാലത്ത് ഇവ മുടങ്ങിയതിനുശേഷം പുനരാരംഭിച്ചിട്ടില്ല. കോട്ടയം-കുമളി റൂട്ടിൽ കെ.എസ്.അർ.ടി.സി ബസുകൾ നാമമാത്രമാകുകയും സ്വകാര്യ ബസുകൾ ആധിപത്യം വർധിപ്പിക്കുകയും ചെയ്തു. ഇത് കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെയും ബാധിച്ചിരുന്നു. 53 സർവിസുകൾ നടത്തിയിരുന്ന കുമളി ഡിപ്പോയിൽനിന്ന് 29 സർവിസായി ചുരുക്കിയത് സ്വകാര്യ ബസുകൾക്ക് വൻ നേട്ടമാണ് നൽകിയത്. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള നിർവധി സൂപ്പർ ഫാസ്റ്റ് സർവിസുകളാണ് പുനരാരംഭിക്കാതെ മുടങ്ങിക്കിടക്കുന്നത്. കെ.എസ്.ആർ.ടി.സിയിലെ ചില ഉദ്യോഗസ്ഥരാണ് സർവിസ് പുനരാരംഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നതെന്നും ആരോപണമുയർന്നിരുന്നു. ഇതിനിടെ ഡിപ്പോകൾ നിർത്തലാക്കി ഓപറേറ്റിങ് സെന്‍ററായി മാറ്റുകയും ഇവിടുത്തെ ചുമതലകൾ ക്ലസ്റ്റർ ഓഫിസർമാർക്ക് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

