വൃദ്ധസദനത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
text_fieldsതൊടുപുഴ: മുതലക്കോടത്ത് വൃദ്ധസദനത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിലായി. അന്തേവാസികളിൽ നിന്ന് പണം വാങ്ങി വിദേശത്തേക്ക് കടന്ന വണ്ണപ്പുറം മേടക്കൽ ജീവൻ തോമസാണ് (40) ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്.
ഇയാൾക്കായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വാർദ്ധക്യകാല ജീവിതം മെച്ചപ്പെട്ട രീതിയിലാക്കാമെന്ന വാഗ്ദാനം നൽകി തുക മുൻകൂറായി വാങ്ങിയായിരുന്നു തട്ടിപ്പ്. വിരമിച്ചപ്പോൾ കിട്ടിയ തുകയും, വസ്തുവകകൾ വിറ്റുകിട്ട പണവുമെല്ലാം സമാഹരിച്ച് പത്തും പതിനഞ്ചും ലക്ഷം വീതമാണ് ഓരോരുത്തരും എൽഡർ ഗാർഡൻ എന്ന സ്വകാര്യ വൃദ്ധസദനത്തിനായി നൽകിയത്.
തൊടുപുഴയിലെത്തിയപ്പോഴാണ് പലരും വഞ്ചിക്കപ്പെട്ട കാര്യമറിയുന്നത്. പഴകിയ കെട്ടിടവും മോശം അന്തരീക്ഷവും. പരിചരണത്തിനുപോലും ആരുമില്ല. പലപ്പോഴും ഭക്ഷണവും ഇല്ലാത്ത സ്ഥിതി. നൽകിയ പണം തിരികെ ചോദിക്കുമ്പോൾ ഉടമ ജീവൻ അവധി പറഞ്ഞ് നീട്ടി. തുടർന്ന് കഴിഞ്ഞവർഷം വിദേശത്തേക്ക് മുങ്ങി. ഇതേതുടർന്ന് അന്തേവാസികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒടുവിൽ ജീവൻ തോമസിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസുമിറക്കി. നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തൊടുപുഴ പൊലീസ് ജീവനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വിശ്വാസ വഞ്ചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

