വേനൽ കനക്കുന്നു; കുടിവെള്ളത്തിനായ് നെട്ടോട്ടം
text_fieldsതൊടുപുഴ: വേനൽ കനത്തതോടെ മലയോര മേഖലകളിൽ കുടിവെള്ള ക്ഷാമം പിടിമുറുക്കുന്നു. കുളങ്ങൾ, നീര്ച്ചാലുകള്, തോടുകൾ എന്നിവയിലെ ജലനിരപ്പ് താഴ്ന്നതും കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതുമാണ് ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നത്.
ഒട്ടേറെ വൻകിട കുടിവെള്ള പദ്ധതികളൊക്കെ ഉണ്ടെങ്കിലും വേനൽ കാലമാകുന്നതോടെ ജില്ല നേരിടുന്ന വെല്ലുവിളി കുടിവെള്ള ക്ഷാമം തന്നെയാണ്. തൊടുപുഴ നഗരത്തിലും സമീപ മേഖലകളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാണ്.
പലപ്പോഴും ദിവസങ്ങൾ വൈകിയാണ് പ്രശ്നം പരിഹരിക്കുന്നത്. ഇതിനുപുറമെ മോട്ടോർ തകരാറുമൂലവും ജലവിതരണം തടസ്സപ്പെടാറുണ്ട്.
വേനലായാൽ നഗരസഭയിൽ ഉയർന്ന മേഖലകളിൽ പലയിടത്തും ജലക്ഷാമം രൂക്ഷമാണ്. പൈപ്പ് പൊട്ടലുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയും പി.ഡബ്ല്യൂ.ഡിയും പല തവണ കൊമ്പു കോർത്തിട്ടുമുണ്ട്. തൊടുപുഴയുടെ സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ള പ്രശ്നം നിലനിൽക്കുന്നുണ്ട്. വെള്ളിയാമറ്റം, കറുകപ്പള്ളി, വെട്ടിമറ്റം, ഗുരുതിക്കളം പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടുന്നു.
ഇവിടെ ഒട്ടേറെ സ്ഥലങ്ങളിൽ റോഡരികിൽ പൈപ്പ് പൊട്ടി കിടക്കുകയാണ്. ജില്ല ആസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല. ചെറുതോണി, തടിയമ്പാട്, വാഴത്തോപ്പ്, ആലിൻചുവട്, ഗാന്ധിനഗർ, വെള്ളക്കയം, പേപ്പാറ, ഭൂമിയാംകുളം, മണിയാറൻകുടി, മഞ്ഞപ്പാറ, കരിമ്പൻ തുടങ്ങിയ മേഖലകളിലെല്ലാം പൈപ്പുകൾ തുടർച്ചയായി പൊട്ടുകയാണ്. ഒരിടത്തെ തകരാർ പരിഹരിച്ചാൽ ഉടൻ സമീപത്തുതന്നെ പൈപ്പ് പൊട്ടും. അല്ലെങ്കിൽ അടച്ച പൈപ്പ് തന്നെ വീണ്ടും പൊട്ടും. മൂന്നാർ മേഖലയിൽ മോട്ടോർ കേടാകുന്നതു മൂലം കുടിവെള്ള വിതരണം നിലക്കുന്ന സാഹചര്യമുണ്ട്.
ദേവികുളം റോഡിൽ പഴയ ഗവ. കോളജിന് എതിർവശത്തായി കുട്ടിയാറിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ഇതിനു തൊട്ടടുത്താണ് പമ്പ് ഹൗസ്. കോളജ് കെട്ടിങ്ങൾക്കു മുകളിലായാണ് സംഭരണി.
പമ്പ് ഹൗസിലെ മോട്ടോർ അടിക്കടി പണിമുടക്കുന്നതു മൂലം മൂന്നാർ കോളനി, ഇക്കാ നഗർ, പഴയ മൂന്നാർ, ഗ്രഹാംസ് ലാൻഡ്, എംജി കോളനി, ന്യൂ കോളനി തുടങ്ങിയ പ്രദേശങ്ങളിലുള്ള രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് ആഴ്ചകളോളം വെള്ളം ലഭിക്കാറില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വരൾച്ചയടക്കമുള്ള കാര്യങ്ങൾ മുന്നിൽ കണ്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

