വേനൽച്ചൂട് ഏറുന്നു; തീപിടിത്ത സാധ്യതയും
text_fieldsതൊടുപുഴ: വേനൽച്ചൂട് എത്തിയതോടെ തീപിടത്ത സാധ്യത വർധിക്കുന്നു. തൊടുപുഴ അഗ്നിരക്ഷ നിലയത്തിലേക്ക് ഈ മാസം മാത്രം പതിനഞ്ചോളം കോളുകളാണ് എത്തിയത്. ജില്ലിയിൽ ദിവസങ്ങളായി ചൂട് കടുത്ത് തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളിലും ചൂട് കൂടുമെന്നാണ് അറിയിപ്പ്. ഇപ്പോൾ തന്നെ മലയോരമേഖലയിലും പറമ്പുകളിലും പുല്ലുകൾ കരിഞ്ഞ് തുടങ്ങി. ചൂട് കനക്കുന്നതേയാടെ പുല്ലുകൾക്ക് തീ പിടിക്കും. കൂടാതെ സാമൂഹികവിരുദ്ധരുടെ ഇടപെടലും പൊതുസ്ഥലത്ത് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതും തീ പിടിത്തത്തിന് കാരണമാകും.
കനത്ത വെയിലും കാറ്റും തീ പടർന്നുപിടിക്കാൻ കാരണമാകും. പുറമ്പോക്കുകളിലും തുറസായ ഇടങ്ങളിലും തീയുണ്ടാകുന്നതും പടരുന്നതും തടയാൻ ഓരോരുത്തർക്കും ചുമതലയുണ്ടെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. മുൻ കരുതലുകൾ പാലിച്ചാൽ തീപിടിത്തത്തിൽനിന്ന് ഒഴിവാകാമെന്നും ഇവർ പറയുന്നു.
വിഷപ്പാമ്പുകൾ കാടിറങ്ങുന്നു
അടിമാലി: വേനൽ കടുത്തതോടെ ഉഗ്രവിഷമുള്ള പാമ്പുകൾ കാടിറങ്ങിത്തുടങ്ങി. മലയോര ഗ്രാമങ്ങളിൽ പലയിടത്തും കൃഷിയിടങ്ങളിൽ വന്യമൃഗശല്യം വർധിക്കുന്നതിനിടിയിലാണ് വീട്ടകങ്ങളിലേക്കുപോലും വിഷപ്പാമ്പുകളും എത്തുന്നത്. കഴിഞ്ഞ വർഷം എഴോളം രാജവെമ്പാലകളെ പിടിച്ച കമ്പിലൈനിൽ ഇക്കുറിയും നാട്ടുകാർ രാജവെമ്പാലയെ കണ്ടു.
ഇതോടെ ജനം ഭീതിയിലാണ്. കഴിഞ്ഞ ദിവസം വൈകീട്ട് കോഴിക്കകുടി സിറ്റിയിൽ വീടിനുള്ളിലാണ് മൂർഖൻ പാമ്പ് കയറിയത്. അടുക്കളയിൽ കാർഡ്ബോർഡിനുള്ളിൽനിന്ന് പാത്രം എടുക്കാൻ വീട്ടമ്മ കൈയിട്ടപോൾ ഉഗ്രശബ്ദത്തിൽ ചീറ്റിക്കൊണ്ട് പാഞ്ഞടുത്തെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. പാമ്പുപിടിത്ത വിദഗ്ധൻ ബുൾബേന്ദ്രൻ എത്തിയാണ് പാമ്പിനെ പിടികൂടിയത്. അടിമാലി ടൗൺ കേന്ദ്രീകരിച്ചും മൂന്ന് പാമ്പുകളെ പിടികൂടി.
ചില്ലാത്തോട് എൽ.പി സ്കൂളിന് സമീപത്തും കുട്ടികൾ പാമ്പിനെകണ്ടു. നാട്ടുകാർ പാമ്പിനെ കണ്ടതിനാൽ വൻ അപകടം വഴിമാറിയത്. ചൂട് കൂടുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങൾ തേടി പാമ്പുകൾ വരുന്നത് പതിവാണ്. സാധാരണ 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാമ്പുകൾക്ക് കഴിയാനാകുമെന്ന് വനം വകുപ്പ് പറഞ്ഞു. താപനില കൂടുമ്പോൾ ശരീരതാപനില നിയന്ത്രിക്കാണ് അവ തണുപ്പുള്ള സ്ഥലങ്ങൾ തേടിപ്പോകുന്നത്.
വേനൽക്കാലത്ത് ജലസേചനം നടത്തുന്ന കൃഷിയിടങ്ങളിലാണ് പാമ്പുകൾ കൂടുതലായും കാണപ്പെടുന്നത്. അതേസമയം, ആവാസ വ്യവസ്ഥയുടെ തകർച്ച പാമ്പുകൾക്കും തിരിച്ചടിയായി. ജലസംഭരണികൾ, ശുചിമുറികൾ, ഗോവണിപ്പടികൾ തുടങ്ങിയ തണുത്ത ഒളിത്താവളങ്ങൾ തേടിയാണ് പാമ്പുകൾ വീടുകളിലേക്ക് പ്രവേശിക്കുന്നത്.
ചെറുക്കാം തീപിടിത്തം
- വീടിനോട് ചേർന്ന പറമ്പുകൾ വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കാതിരിക്കുക
- പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള സാധനങ്ങളായ സിഗരറ്റ് ലാമ്പുകൾ, പെയിന്റ് പാട്ടകൾ, സ്പ്രേ കുപ്പികൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങിയവ കത്തിക്കാതിരിക്കുക
- ആവശ്യത്തിന് വെള്ളം മുൻകരുതലായി സൂക്ഷിക്കുക
- വീടിന് സമീപത്തുള്ള കുറ്റിക്കാടുകൾ, അടിക്കാടുകൾ എന്നിവ കത്തിക്കാതിരിക്കുക
- കാട്ടുതീ, പറമ്പുകളിൽ ഉണ്ടാകുന്ന തീ എന്നിവ സ്വയം ഉണ്ടാകുന്നതല്ല. മറിച്ച് സാമൂഹികവിരുദ്ധർ ചെയ്യുന്നതാണ്. ഇത്തരം പ്രവൃത്തികൾ നിരുത്സാഹപ്പെടുത്തുകയോ, അധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയോ ചെയ്യുക.
- തീപിടിത്തം ഉണ്ടാവുന്ന സ്ഥലങ്ങളിൽ അഗ്നിരക്ഷാസേനയുടെ വാഹനം പലപ്പോഴും എത്താൻ സാധിക്കാതെ വരുകയും തീ അനിയന്ത്രിതമായി കൂടുകയും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം പ്രദേശങ്ങളിൽ ഫയർ ബ്രേക്കുകൾ (തീ വ്യാപിക്കാതിരിക്കാൻ വേണ്ടി നിർമിക്കുന്ന അതിർവരമ്പാണ്) നിർമിക്കുക.
- ഇലക്ട്രിക് വാഹനങ്ങൾ, വെയിലത്ത് ഏറെനേരം പാർക്ക് ചെയ്യുകയോ, ചാർജ് ചെയ്യുകയോ ചെയ്യരുത്.
- തീപിടിത്തം ഉണ്ടായാൽ അഗ്നിരക്ഷാസേനയുടെ ടോൾ ഫ്രീ നമ്പറായ101ൽ വിളിച്ച് സേവനം ഉറപ്പാക്കുക.
ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കാടുപിടിച്ച പറമ്പുകളിൽ പാമ്പിന്റെ സാന്നിധ്യം ഉണ്ടാവും.
- വീടുകളിൽ പറമ്പിനോടു ചേർന്ന ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കുക. അടുത്തുള്ള മരങ്ങളിലൂടെ പാമ്പുകൾ എളുപ്പത്തിൽ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഇതിലൂടെ കഴിയും.
- വീടിനോട് ചേർന്ന് വിറകുകൾ അടുക്കിവെക്കരുത്.
- ചിരട്ടകൾ, ചകിരി, ഓടിൻ കഷണങ്ങൾ തുടങ്ങിയവ അലക്ഷ്യമായി കൂട്ടിയിടുന്നത് ഒഴിവാക്കുക.
- വീടിന്റെ തറയോട് ചേർന്ന് ചെടിച്ചട്ടികൾ വെക്കരുത്. ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനാൽ തണുപ്പിനായി അവ ചെടിച്ചട്ടികൾക്കിടയിൽ ഇരിക്കാൻ സാധ്യതയുണ്ട്.
- വീട്ടിന്റെ ചുമരിലേക്ക് പടരുന്ന ചെടികളും ചേർന്നു നിൽക്കുന്ന മരക്കൊമ്പുകളും വെട്ടിമാറ്റണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

