ലഹരി ഉപയോഗിക്കില്ല; ടീച്ചറുടെ തലയിൽ തൊട്ട് വിദ്യാർഥികളുടെ പ്രതിജ്ഞ
text_fieldsഅധ്യാപികയുടെ തലയിൽ കൈവെച്ച് കുട്ടികൾ പ്രതിജ്ഞയെടുക്കുന്നു
കട്ടപ്പന: ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്. വിരമിക്കുന്ന അധ്യാപികയുടെ തലയിൽ കൈവെച്ചാണ് കുട്ടികളുടെ ഈ ഉറപ്പ് . ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ അഭിനന്ദനവും. വണ്ടൻമേട് എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ 45 വിദ്യാർഥികളാണ് അധ്യാപികയായ എ. സൈനബ ബീവിയുടെ തലയിൽ കൈവെച്ച് പ്രതിജ്ഞയെടുത്തത്.
ബയോളജി അധ്യാപികയും ഒമ്പതാം ക്ലാസിന്റെ ക്ലാസ് ടീച്ചറുമായ സൈനബ ബീവി മേയിൽ വിരമിക്കുന്നതിനാൽ അധ്യയന വർഷാവസാനം സ്നേഹ സമ്മാനം നൽകാൻ വിദ്യാർഥികൾ തീരുമാനിക്കുകയായിരുന്നു. പരീക്ഷ അവസാനിച്ച ദിവസം അധ്യാപികയുടെ കാരിക്കേച്ചർ തയാറാക്കി വിദ്യാർഥികൾ കൈമാറി. ഇത് സ്വീകരിച്ച അധ്യാപിക ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും എനിക്കൊരു വാക്ക് തരണമെന്നകൂടി ആവശ്യപ്പെട്ടു. അധ്യാപികയുടെ ആവശ്യം വിദ്യാർഥികൾ സ്നേഹത്തോടെ അംഗീകരിച്ചു. ‘ഞാൻ എന്റെ ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ല.
ലഹരി ഉപയോഗിക്കുന്നവർക്കും വിൽക്കുന്നവർക്കും ഞാൻ കൂട്ടുനിൽക്കില്ല’ എന്ന് തന്റെ തലയിൽ കൈവെച്ച് പ്രതിജ്ഞ ചെയ്യണമെന്നാണ് അധ്യാപിക ആവശ്യപ്പെട്ടത്. അതേതുടർന്ന് ഓരോ വിദ്യാർഥിയും മുന്നോട്ടുവന്ന് പ്രതിജ്ഞയെടുത്തു. എല്ലാ കുട്ടികൾക്കും അധ്യാപിക പേനയും ലഡുവും സമ്മാനമായി നൽകുകയും ചെയ്തു.
ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കഴിഞ്ഞ ദിവസത്തെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം പരാമർശിച്ച് അഭിനന്ദനം അറിയിച്ചു. കുട്ടികൾക്കിടയിൽ ലഹരിക്കെതിരെ അവബോധം സ്ഥിരമായി നിലനിർത്താൻ ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനം പകരുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 2021ലെ സംസ്ഥാന സർക്കാറിന്റെ അധ്യാപക അവാർഡ് ജേതാവാണ് എ. സൈനബ ബീവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

