കുരച്ചു ചാടി തെരുവ് നായ്ക്കൾ; പാഞ്ഞോടി ജനം
text_fieldsതൊടുപുഴ: തെരുവ് നായ്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി സുപ്രീംകോടതി രംഗത്തെത്തുമ്പോഴും ജില്ലയിൽ പലയിടങ്ങളിലും തെരുവ് നായ് ആക്രമണം ആശങ്ക സൃഷ്ടിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതു കായിക സമുച്ചയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഡിപ്പോകൾ എന്നിവിടങ്ങളിൽ തെരുവ് നായ് പ്രവേശിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് കോടതിയുടെ നിർദേശം. ഈ സാഹചര്യത്തിൽ ജില്ലയുടെ കാര്യം പരിശോധിച്ചാൽ ആശങ്കാജനകമാണ്. ജില്ലയിൽ ഒരാഴ്ചക്കിടെ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 94 പേരാണ്. തെരുവ് നായ്ക്കൾ, വളർത്ത് നായ്ക്കൾ ഉൾപ്പെടെയുള്ള കണക്കാണിത്.
കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ബസ്സ്റ്റാൻഡിലൂടെ നടന്ന് പോകുന്നവര്‍ക്ക് നേരെയും ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക് നേരെയും നായ്ക്കൾ ചില സമയങ്ങളില്‍ കുരച്ചുകൊണ്ട് പാഞ്ഞടുക്കാറുണ്ട്. പല സ്ഥലത്തും ആശുപത്രി പരിസരങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുകയാണ്. കുരച്ചെത്തിയാൽ ജീവനും കൊണ്ട് പായുകയല്ലാതെ മറ്റ് മാർഗമില്ല.
ജില്ലയിൽ 7375 തെരുവ് നായ്ക്കൾ; കൂടുതൽ ചിന്നക്കനാലിൽ
ജില്ലയിൽ 7375 തെരുവ് നായ്ക്കളുണ്ടെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ കണക്ക്. സെൻസസിന്റെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് 2019ൽ നടത്തിയ വിവര ശേഖരണത്തിലെ കണക്കാണിത്. ചിന്നക്കനാലിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ തെരുവ് നായ് ഉള്ളത്. 411 നായ്ക്കളെയാണ് ഇവിടെ കണ്ടെത്തിയത്. കോടിക്കുളം പഞ്ചായത്തിലാണ് ഏറ്റവും കുറവ്, 15 എണ്ണം. 2025 ഏപ്രിൽ 15ന് പുതിയ ലൈവ് സ്റ്റോക്ക് സെൻസസ് പൂർത്തിയാക്കിയിട്ടുണ്ട്. ശേഖരിച്ച വിവരങ്ങൾ കേന്ദ്ര സർക്കാർ പോർട്ടലിലേക്ക് അയച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്.
കർമപദ്ധതികള്‍ പാളി; എ.ബി.സി സെന്റർ യാഥാർഥ്യമായില്ല
ജില്ലയിൽ എ.ബി.സി സെന്റര്‍ നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കുയിലിമലയില്‍ ജില്ല പഞ്ചായത്ത് വിട്ടു നല്കിയ അര ഏക്കര്‍ സ്ഥലത്താണ് നായ്ക്കളുടെ വന്ധ്യംകരണത്തിനും മറ്റുമായുള്ള എ.ബി.സി സെന്റര്‍ നിര്‍മിക്കുന്നത്. ഇതിനായി മൂന്നര കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ല പഞ്ചായത്തിന്റെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും 52 പഞ്ചായത്തുകളുടെയും ഫണ്ടാണ് പദ്ധതിക്കായി നീക്കിവെച്ചത്. നേരത്തെ രണ്ട് ബ്ലോക്കുകളുടെ പരിധിയില്‍ ഒരു സെന്റര്‍ വീതം നാലു കേന്ദ്രങ്ങള്‍ ആരംഭിക്കാനായിരുന്നു പദ്ധതി.
എങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് തുടങ്ങാനായില്ല. പിന്നീടാണ് ജില്ല ആസ്ഥാനത്ത് ജനവാസമേഖലയില്‍ നിന്നും മാറി സെന്റര്‍ തുടങ്ങാന്‍ ജില്ല പഞ്ചായത്ത് തീരുമാനിച്ചത്. ജില്ല പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചാണ് ഇപ്പോഴുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സെന്ററിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും 70 ശതമാനം പൂർത്തിയായതായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറനാകുന്നേൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

