ലഹരിക്കടത്ത് തടയാൻ സ്പെഷൽ ഡ്രൈവ്; അതിർത്തിയിൽ സംയുക്ത പരിശോധന
text_fieldsതൊടുപുഴ: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ - ലഹരിമരുന്ന് വ്യാപനവും കടത്തും തടയാൻ കർശന പരിശോധനയുമായി എക്സൈസ് രംഗത്ത്.എക്സൈസിന്റെ സ്പെഷൽ ഡ്രൈവ് ജില്ലയിൽ തുടരുകയാണ്. ഇതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിൽ ഉൾപ്പെടെ പരിശോധന ഊർജിതമാക്കി. ആഗസ്റ്റ് അഞ്ച് മുതൽ 20 വരെ എക്സൈസ് നടത്തിയ പരിശോധനയിൽ 447 റെയ്ഡിലായി 53 അബ്കാരി കേസും 43 എൻ.ഡി.പി.എസ് കേസും എടുത്തു.
ഇത്രയും കേസുകളിൽനിന്നായി 94 പ്രതികളെയും പിടികൂടി. എൻ.ഡി.പി.എസ് കേസുകളിലായി എട്ടുകിലോ കഞ്ചാവും 2.164 മില്ലീഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.അബ്കാരി കേസുകളിലായി 80 ലിറ്റർ ചാരായം, 139 ലിറ്റർ വിദേശ നിർമിത മദ്യം, ഏഴ് ലിറ്റർ ബിയർ, 11.750 ലിറ്റർ വിദേശമദ്യം, 1850 ലിറ്റർ വാഷും തൊണ്ടിമുതലായി പിടിച്ചെടുത്തു. നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയതിൽനിന്ന് 27,800 രൂപ പിഴയും ഈടാക്കി. കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളാണ് ജില്ലയിലേക്ക് കൂടുതലായും കടത്തുന്നത്. എക്സൈസ് പിടികൂടുന്നതിൽ കൂടുതലും കഞ്ചാവാണ്. പിടിയിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളുമാണ്.
ജില്ലയിൽ ചെക്ക്പോസ്റ്റുകളിലും പ്രധാന പാതകളിലും പരിശോധന കര്‍ശനമാക്കിയതോടെ ലഹരിക്കടത്തുകാർ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. വനപാലകരുടെ ശ്രദ്ധ പതിയാത്ത കാട്ടുവഴികളാണ് ഇതിന് ഉപയോഗിക്കുന്നത്.കമ്പം കേന്ദ്രീകരിച്ചുള്ള ലഹരി സംഘമാണ് ഇടുക്കിയിലേക്ക് പ്രധാനമായും ലഹരി കടത്തുന്നത്. കേരളത്തില്‍ സംഘത്തിന് ഏജന്റുമാരുമുണ്ട്.
ജില്ലയിലെത്തുന്ന സഞ്ചാരികളെയും മറ്റു വലയിലാക്കി കമ്പത്തെത്തിച്ച് കഞ്ചാവും മറ്റും കൈമാറുന്ന പതിവുമുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വില്പന നടത്താനാണ് ഇവര്‍ കാട്ടുവഴികളിലൂടെ ഇവ എത്തിക്കുന്നത്. ഇത്തവണ പരിശോധന കർശനമായതിനാൽ അതിർത്തിക്കപ്പുറത്ത് നിന്നുള്ള ലഹരിയുടെ വരവ് ഗണ്യമായി കുറഞ്ഞെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
ജില്ലയിലെ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.കുറ്റകൃത്യങ്ങൾ പൊതുജനങ്ങൾക്ക് വിളിച്ചറിയിക്കാനും സൗകര്യമുണ്ട്.സെപ്റ്റംബർ അഞ്ച് വരെ കൺട്രോൾ റൂം പ്രവർത്തിക്കും. ജില്ലതല എക്സൈസ് കൺട്രോൾ റൂം: 18004253415 (ടോൾ ഫ്രീ നമ്പർ) ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഇടുക്കി, തൊടുപുഴ - 04862 222493, 9447178058.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

